പ്രകടനം

നാട്ടിൻപുറത്തെ ഒരു നാൽകവല! കവലയോടു ചേർന്ന്‌ ചെറിയൊരു മാർക്കറ്റ്‌. വിരലിലെണ്ണാവുന്ന മീൻകച്ചവടക്കാരും, നാലഞ്ച്‌ പച്ചക്കറികച്ചവടക്കാരും, നിത്യവും മാറിമാറിവരുന്ന ചില വഴിയോര വാണിഭക്കാരും, മാർക്കറ്റിനെ ചുറ്റിപ്പറ്റി പതിനഞ്ചോളം കച്ചവടസ്ഥാപനങ്ങളും അടങ്ങുന്നതാണീ അംഗംവെട്ടി കവല!

സാമ്പത്തികമായി വളരെ പിന്നിൽ നിൽക്കുന്ന ഈ ഗ്രാമത്തിൽ ഭൂരിഭാഗവും തൊഴിലാളികൾ. വൈകുന്നേരം അഞ്ചുമണിയോടെ ഉൾഗ്രാമങ്ങളിലെ തൊഴിലാളികൾ തൊഴിൽ കഴിഞ്ഞ്‌ ഈ കവലയിൽ എത്തിച്ചേരുന്നു. പിന്നീട്‌ മീൻകച്ചവടക്കാരുടെ ആർപ്പുവിളികളോടെ വാശിയേറിയ മത്സരകച്ചവടം ആരംഭിക്കുന്നു. അതോടെ മറ്റ്‌ കച്ചവടസ്ഥാപനങ്ങളിലും അല്‌പസ്വൽപ്പം തിരക്ക്‌ ആയി തുടങ്ങുന്നു.

കവലയിലെ ഏറ്റവും പഴക്കം ചെന്ന കടയാണ്‌ നാരായണൻ കുട്ടിച്ചേട്ടന്റെ പലചരക്കുകട. രണ്ടു ചാക്ക്‌ അരിയും കട്ടിയുളള കടലാസു പാക്കറ്റുകളിൽ പത്തുകിലോവിൽ കൂടാത്ത പലവ്യഞ്ഞ്‌ജനങ്ങളും കൊണ്ടു നിറഞ്ഞതാണീക്കട! എങ്കിലും ഉപ്പുതൊട്ട്‌ കർപ്പൂരം വരെ കിട്ടുന്ന കവലയിലെ ഏകസ്ഥാപനമാണ്‌ നാരായണേട്ടന്റെ പലചരക്കുകട.

മെലിഞ്ഞ ശരീരമുളള നാരായണേട്ടൻ എന്നും ഒരു നീലമുണ്ടുമാത്രമേ ധരിക്കൂ! ഏറെ വർഷത്തെ പലചരക്ക്‌ കച്ചവടത്തിലൂടെ കടയിലേയും റോഡുവക്കിലെയും പൊടി ശ്വസിച്ച്‌ തീർത്തും സൗജന്യമായി കിട്ടിയതാണ്‌ നാരായണേട്ടന്‌ ശ്വാസംമുട്ട്‌. വൈകുന്നേരങ്ങളിൽ കടയിൽ തിരക്കു കൂടുന്നതിനനുസരിച്ച്‌ നാരായണേട്ടന്റെ ശ്വാസംമുട്ടും കൂടും!

ഒരുദിവസം സന്ധ്യാനേരം നാരായണേട്ടന്റെ കടയിൽ നല്ല തിരക്ക്‌. അകലെനിന്നും സിന്ദാബാദ്‌ വിളിയുടെ ശബ്‌ദം! ഒരു കൂട്ടം ചെറുപ്പക്കാർ പ്രകടനമായി കടന്നുവരുന്നു. നാട്ടിലെ ഒരു രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാവ്‌ മുന്നിൽ. ഇടതുകയ്യിലെ വടിയിലൊരു കൊടി! വലതുകയ്യിൽ ഒരു സൈക്കിൾ ടയർ കത്തിച്ചു പിടിച്ചിരിക്കുന്നു… പിന്നാതെ വരുന്ന എല്ലാവരും ടയർ കഷണം കത്തിച്ച്‌ പിടിച്ച്‌ ആവേശത്തിൽ ഉറക്കെ മുദ്രാവാക്യം വിളിച്ച്‌ കടന്നു വരുന്നു.. ഒരു പന്തംകൊളുത്തി പ്രകടനം!

കറുത്ത പുകച്ചുരുളുകൾ ടയർപന്തത്തിൽ നിന്നും ആകാശത്തിലേക്ക്‌ ഉയരുമ്പോൾ ഉരുകി വീഴുന്ന ടയറിന്റെ അവശിഷ്‌ടം റോഡിൽ അവിടവിടെ കത്തിച്ചുവച്ച മണ്ണെണ്ണ വിളക്കുപോലെ…!

ടയർപന്തങ്ങളിൽ നിന്നും ഉയർന്ന വിഷപ്പുക വഴിവക്കിലെ കടകളിലേക്ക്‌ മെല്ലെ പടർന്നുകയറി. ചിലർ ചുമക്കുന്നു, ചിലർ തുമ്മുന്നു. ശ്വാസം മുട്ടിയ ചിലരെല്ലാം വീടുകളിലേക്ക്‌ മടങ്ങി.

‘പണ്ടേ ദുർബല, പോരെങ്കിൽ ഗർഭിണി!’ എന്നു പറഞ്ഞതുപോലെ നേരെ ചൊവ്വെ ശ്വാസം വലിക്കാൻ കഴിയാത്ത നാരായണേട്ടൻ ഈ വിഷപ്പുക ശ്വസിച്ചതോടെ ശ്വാസം കിട്ടാതെ വിഷമിക്കാൻ തുടങ്ങി. എലിപ്പെട്ടിയിൽ വീണ എലിയെ വെളളത്തിൽ മുക്കിക്കൊല്ലുന്നതുപോലെ കടകൾ പൂട്ടിപ്പോകാൻ കഴിയാത്ത കച്ചവടക്കാർ അൽപ്പം ശുദ്ധവായുവിനായി വെപ്രാളപ്പെടുമ്പോൾ, അതാ പന്തം കൊളുത്തികൾ വീണ്ടും തിരിച്ചുവരുന്നു.

കവലയിലെത്തിയ പന്തം കൊളുത്തികൾ കത്തിത്തീരാറായ ടയർ കഷണങ്ങൾ റോഡുവക്കിലേക്ക്‌ വലിച്ചെറിയുന്നതോടെ നേതാവിന്റെ ചുറ്റും കൂടിയ അണികൾക്കു നടുവിൽ, നേതാവിന്റെ ഉഗ്രൻ കവലപ്രസംഗം ആരംഭിക്കുന്നു.

ചാക്കു മുതലാളിയുടെ ഇത്തിൾ നീറ്റുന്ന ചൂളക്കമ്പനിയിൽനിന്നും ഉയരുന്ന പുകമണം ജനങ്ങളുടെ ആരോഗ്യത്തിന്‌ ഹാനികരമായതിനാൽ ചൂളക്കമ്പനി അടച്ചുപൂട്ടാനായിരുന്നത്രെ, നേതാവിന്റെ നേതൃത്വത്തിലുളള ഈ പന്തംകൊടുത്തി പ്രകടനം! നോക്കണേ, ജനങ്ങളുടെ ആരോഗ്യത്തിൽ നേതാവിനുളള ശ്രദ്ധ!

പെട്ടെന്നതാ… നാരായണേട്ടന്റെ കടയിലേക്ക്‌ ആളുകൾ ഓടിക്കൂടുന്നു. ടയർപന്തിന്റെ വിഷപ്പുക ശ്വസിച്ച്‌ ബോധം നഷ്‌ടപ്പെട്ട നാരായണേട്ടനെ രണ്ടുമൂന്നു ചെറുപ്പക്കാർ താങ്ങിയെടുത്ത്‌ അടുത്തുളള ഡോക്‌ടറുടെ ഡിസ്‌പെൻസറിയിലേക്ക്‌ പായുന്നു. ഈ സമയം ജനദ്രോഹകരമായ ചാക്കുചേട്ടന്റെ ചൂളക്കമ്പനിയിൽ നിന്നുയരുന്ന വിഷപ്പുകക്കെതിരെ ഉറഞ്ഞുതുളളുന്ന നേതാവിന്റെ തീപ്പൊരി ചീറ്റിക്കൊണ്ടേയിരുന്നു.

Generated from archived content: story3_sept22_05.html Author: joy_vadakkekara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here