ആൽപ്‌സിന്റെ താഴ്‌വാരത്തുകൂടി യാത്ര ചെയ്യുന്നതിനിടയിൽ കഥാകൃത്ത് വെറോണയുടെ പ്രാന്തപ്രദേശത്തുവെച്ച് ആ രണ്ടു കുട്ടികളെ കണ്ടുമുട്ടി- നിക്കോളോയും ജാക്കോപോയും.
അവർ സ്‌ട്രോബറി പഴങ്ങൾ വിറ്റുകൊണ്ടിരിക്കുകയായിരുന്നു ആ സമയത്ത്. അടുത്ത ദിവസം അവരെ അദ്ദേഹം കാണുമ്പോൾ ഷൂ പോളിഷ് ചെയ്യുകയായിരുന്നു. ജീവിതവൃത്തിക്കായി ആ കുട്ടികൾ വിവിധങ്ങളായ ജോലി ചെയ്‌തുകൊണ്ടിരുന്നു. വിനോദ സഞ്ചാരികൾക്ക് ഒരു നല്ല ഗൈഡായിരുന്നു അവർ. അതുകൊണ്ട് കഥാകൃത്തിന് പട്ടണം ചുറ്റി നടന്നു കാണാനുളള ആശ അവരെ അറിയിച്ചു. അവർക്ക് സന്തോഷമായിരുന്നു ആ പ്രവൃത്തി. കുട്ടികളുടെ ജോലിയിലെ ആവേശവും ആത്മാർത്ഥതയും കഥാകൃത്തിനെ സ്വാധീനിച്ചു. വേനൽ പകലിലെ കടുത്ത ചൂടും രാത്രിയുടെ തണുപ്പും ആ കുട്ടികൾക്ക് ഒരു പ്രശ്‌നമേ അല്ലായിരുന്നു. പാദുവായിലേക്കുളള അവസാന ബസും കാത്ത് വിൽക്കപ്പെടാത്ത ഒരുകെട്ടു പത്രവുമായി ആ സഹോദരന്മാരെ അദ്ദേഹം കണ്ടപ്പോൾ അവരിലുളള താൽപ്പര്യം വർധിച്ചു. എന്തിന് അവർ ഇങ്ങനെ കഠിനാധ്വാനം ചെയ്യുന്നു? എന്തിനാണ് ചത്തു പണിയെടുത്ത് കാശുണ്ടാക്കുന്നത്?
ഒരുദിവസം രാവിലെ നഗരത്തിലെ ജലധാരക്കടുത്ത് ഷൂസു മിനുക്കുന്നതിൽ വ്യാപൃതരായിരുന്ന കുട്ടികളോട് അദ്ദേഹം ആരാഞ്ഞു. നിങ്ങൾ സ്‌റ്റേറ്റ്‌സിലേക്കു പോകാൻ കാശുണ്ടാക്കുകയാണോ?
അവർ കൂടുതലൊന്നും പറയാൻ നിന്നില്ല.
അടുത്ത ദിവസം തങ്ങൾ വെറോണ വിടുകയാണെന്നും അത്യാവശ്യം വല്ലതും ചെയ്‌തു തരാനുണ്ടെങ്കിൽ പറയണമെന്നും സഹോദരർ ആവശ്യപ്പെട്ടു. എന്തിനാണ് വെറോണ വിടുന്നതെന്നുളള കഥാകൃത്തിന്റെ മനസ്സിലെ ചോദ്യം പുറത്തെടുത്തില്ല. വർത്തമാനത്തിനിടയിൽ അനുജൻ ജക്കോപ ഒരാവശ്യം ഉന്നയിച്ചു. മുപ്പതു കിലോമീറ്റർ അകലെ പൊളെറ്റോ എന്ന ഗ്രാമത്തിലേക്ക് കഥാകൃത്തിന്റെ കാറിൽ അവരെ കൊണ്ടുപോയാൽ കൊളളാം. മൂത്തവന് അനിയന്റെ ആവശ്യം ഇഷ്‌ടപ്പെട്ടില്ല.
കഥാകൃത്തിന് അവരെ നാട്ടുമ്പുറത്തേക്ക് കൊണ്ടുപോകുന്നത് താൽപ്പര്യം തന്നെയായിരുന്നു. കുട്ടികളെ കാറിൽ കയറ്റി കഥാകൃത്ത് തന്റെ വണ്ടിയോടിച്ച് പൊളെറ്റോ ഗ്രാമത്തിലേക്ക്.
നാട്ടുമ്പുറത്ത് വണ്ടി എത്തിയപ്പോൾ കുട്ടികൾ പെട്ടെന്നു മടങ്ങിവരാമെന്നു പറഞ്ഞ് കഥാകൃത്തിനെ ഒരു വീടിന്റെ മുന്നിൽ നിറുത്തി. ഒരു വലിയ മതിൽക്കെട്ടിനുളളിലേക്ക് അവർ കയറിപ്പോയി. കഥാകൃത്തിന് ആകാംക്ഷയായി. അവർ എങ്ങോട്ടാണ് പോയതെന്നറിയാൻ അവിടെ കണ്ട ഒരു സ്‌ത്രീയോട് ചോദിച്ചു. ഒരു സ്‌ഫടിക മറയിലൂടെ ആ കുട്ടികൾ പോയ സ്ഥലം കഥാകൃത്തിനു കാണിച്ചുകൊടുക്കുക മാത്രമല്ല, ഒരു വേദനാപൂർണമായ സംഭവം വിവരിച്ചു കൊടുക്കുകയും ചെയ്‌തു.
ആ സ്‌ത്രീ അവിടുത്തെ ഒരു നഴ്‌സാണ്. ആ കുട്ടികളുടെ ഒരേയൊരു സഹോദരി ലൂസിയ, അവശയായി, രോഗിയായി കിടപ്പിലാണ്. നിർഭാഗ്യത്തിന്റെ അങ്ങേയറ്റത്താണ് അവരുടെ കുടുംബം. ഒരു ചരിത്ര ദുഃഖംപോലെ ഒരു ജീവിതം ദുസ്സഹമാകുന്നു. ജർമ്മൻ ഭരണക്കാലത്ത് ആ സാധു കുടുംബത്തിന് ഒട്ടേറെ വിഷമങ്ങൾ നേരിടേണ്ടിവന്നു. ജർമൻകാർക്കെതിരെയുളള പ്രസ്ഥാനത്തിൽ തുടക്കം മുതൽക്കെ അവരുടെ പിതാവ് പ്രവർത്തിച്ചു കൊണ്ടിരുന്നു. അയാൾ കൊല്ലപ്പെട്ടു. അമ്മയും മരിച്ചു. ബോംബേറിൽ അവരുടെ വീട് പൂർണമായും തകർന്നു. ലൂസിയ നിത്യരോഗിണിയായി. വലിയ ചികിത്സയാണ് ആ കുട്ടിക്ക് വേണ്ടത്. ആ സഹോദരിയുടെ ചികിത്സക്ക് പണമുണ്ടാക്കാൻ ജക്കോപോയും നിക്കോളോയും ഏറെ പണിപ്പെടുന്നു.
കഥാകൃത്തിന്റെ ഉളളുലഞ്ഞു. ആ കൗമാരക്കാരോട് അഭിമാനം തോന്നി. കുട്ടികൾ ആ വീടിനുളളിൽ നിന്ന് തിരിച്ചു വരുമ്പോൾ കഥാകൃത്ത് ഒന്നും അറിയാത്തതുപോലെ നിന്നു. കുട്ടികൾ മറ്റൊന്നും പറഞ്ഞുമില്ല.
Generated from archived content: story4_sept22_05.html Author: joy_nayarambalam