ലോകാവസാന സമയത്ത് ഇറുകെ കെട്ടിപ്പുണർന്ന് ചുംബനത്താൽ കൊതിനിറവേകി അങ്ങനെ… ലോകാവസാനത്തിന്റെ അന്ത്യനിമിഷത്തെപ്പറ്റിയുള്ള അവളുടെ കാഴ്‌ചപ്പാടതായിരുന്നു.
ഇനിയും കൊതിതീരെ സംസാരിച്ചുതിരാത്ത എന്റെ നാവിനു വിലങ്ങായി അവൾ ഇടയ്‌ക്കിടെ ചുംബനം നൽകി ആളൊഴിഞ്ഞ ഇരുണ്ട കോണിൽ നെഞ്ചിൻ രോമത്തിൽ കൈവഴി തേടി.
മൗനവും വാചാലവുമായ വാക്കുകളിൽ സ്‌നേഹം പ്രകടിപ്പിച്ച് ജോലിസ്‌ഥലത്തേക്ക് അവൾ പോകുമ്പോൾ വല്ലാതെ വീർപ്പുമുട്ടുന്നതും ഞെരിഞ്ഞമരുന്നതും എന്റെ ഹൃദയമായിരുന്നു.
പണ്ടെങ്ങോ കാൽതട്ടി മുറിവേറ്റ ഒരുവളുടെ വേദന അവൾ നെഞ്ചിലേറ്റിയിരുന്നു. പാരമ്പര്യപിഴവോ ആരുടെയൊക്കെയോ മുന്നിൽ അവൾ നവവധുവിന്റെ വേഷം കെട്ടി. അകമ്പടികൾക്കിടയിൽ വീണ താലിചരട് അവളിൽ ആവശ്യപ്പെട്ടത് ശരീരസുഖവും പണവും മാത്രമായിരുന്നു.
ഒരു ശയനസുഖത്തിന്റെ ആലസ്യതയിൽ അവൾ താലിചാർത്തിയ കരത്തിൻ സുരക്ഷിതത്വം തേടിയപ്പോൾ സൂര്യഭഗവാന്റെ ശക്തമായ കിരണങ്ങളേറ്റ് സ്‌ഹേത്തിന്റെ ഇലക്കുമ്പിൾ കരിഞ്ഞുണങ്ങി.
പിന്നെ പിന്നെയവനിൽ പെരുമ്പറ ധ്വനിയായി വിരസതമുഴങ്ങി. ഹൃദയത്തിൽ സ്‌നേഹവും കണ്ണിൽ പ്രണയവുമായി നിന്ന അവകാശബോധത്തെ വിഷാദവതിയാക്കി അവൻ പോയ്‌മറഞ്ഞു. ദുഃഖകാലത്തിൽ വർഷമയായിരുന്നു അവളിൽ നാളുകളോരോന്നും.
ഞാനുമായുള്ള പരിചയപ്പെടലിന്റെ ആദ്യനാളുകളിൽ നീർപൊടിഞ്ഞ കണ്ണുമായ് അവൾ ചതിവിൻ കഥകളുടെ കെട്ടുകളഴിച്ചു ഇത്രമാത്രം ദുരിതങ്ങൾ അനുഭവിച്ച ഒരുവളാണീ മുന്നിൽ പെയ്‌തുനിർത്തിയതെന്നോർത്തപ്പോൾ ഒരു ഭയം എന്നിൽനിറഞ്ഞു. ആശ്വാസമായി ഞാനവളുടെ കരം തഴുകി.
ഉയരെ പറക്കാനാവാതെ ചിറകു തളർന്ന പ്രണയക്കണ്ണിന്റെ നഷ്‌ടപ്പെടാത്ത തിളക്കം കണ്ടെത്തിയപ്പോഴേക്കും അവളിൽ പ്രായം അതിക്രമിച്ചിരുന്നു. അതൊരു പ്രശ്‌നഭാഗമാക്കാതെ ഞാനവളെ പെരുമഴക്കാലത്തിലേക്കാനയിച്ചു.
ഒരു കുഞ്ഞിക്കിളിയെപ്പോലെ പ്രണയം ആർദ്രതയോടെ പുഷ്‌പിച്ച കൊഞ്ചലിനെ കുഞ്ഞിളംകാറ്റിൽ ഊയലാടാൻ ഞാൻ വിളിച്ചതും ഏറെ ചിന്തകൾക്കു ശേഷമായിരുന്നു.
ജീവിതത്തിൽ കൈത്താങ്ങുമായി ഒന്നിച്ചു മുന്നേറുവാനുള്ള ആവശ്യകതയിൽ അവൾ തടസം പറഞ്ഞു. ജീവിത പ്രതീക്ഷനൽകിയ മകൻ മാത്രമായിരുന്നു അവൾ മുന്നോട്ടുള്ള കാഴ്‌ചയായി ചൂണ്ടിക്കാട്ടിയത്. എന്നാലും എന്റെ വഴിയിൽ അവൾ ഹൃദയം ഉപേക്ഷിച്ചിരുന്നു.
അവളില്ലാ ലോകം എന്ന ചിന്ത എന്നിൽ ഭീകരത ജനിപ്പിച്ചുകൊണ്ടിരുന്നു. ഒരിക്കലും വിട്ടുപിരിയാനാകാതെ നിന്നിരുന്നെങ്കിൽ രണ്ടു ശക്തികളായി ഇരുകോണിലും മഞ്ഞും മഴയും പോലെ…………..
ഒന്നിക്കാനാകാതെ പോയെങ്കിലും മഞ്ഞടർന്നുവീണ പ്രഭാതങ്ങളിൽ ഞങ്ങൾ കാണുന്നു. ഫോണിലൂടെ കേൾക്കുന്ന ശബ്‌ദം എന്റെ ജീവിതത്തിലെ ആശ്വാസ സംഗീതമാകുന്നു. അറിഞ്ഞതിനേക്കാളും അറിയാത്ത അനുഭവങ്ങൾ ചുവപ്പുപാറിച്ചപ്പോഴും നിന്നിൽ ഞാൻ കണ്ട പച്ചപ്പ് പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. എന്റെ ഏകാന്തതയിൽ നീ മഴയാകുമ്പോഴേ ജീവിതം പൂർണമാകൂ….
കഴിഞ്ഞകാല ഓർമ്മകളിൽക്കൂടി ഇരച്ചുകയറിയപ്പോൾ ഞാൻ നിസ്സഹയനായിപോയി.
ശൂന്യമാകാത്ത സ്‌നേഹത്തിന്റെ ഇരുണ്ടകോണിൽ അവൾ നെഞ്ചിൽ കിടക്കുമ്പോൾ എന്റെ പ്രതീക്ഷകൾക്ക് പതിന്മടങ്ങ് ചാരുത.
സ്‌നേഹിക്കാനും സ്‌നേഹക്കപ്പെടാനും ഒരാളില്ലാതെയാകുന്ന ഭീകരനിമിഷത്തെ വല്ലാതെ ഭയപ്പെട്ടപ്പോൾ ഞാൻ അവകാശബോധത്തോടെ അവളെ നെഞ്ചിലേക്ക് മുറുകെ വലിച്ചടുപ്പിച്ചു.
Generated from archived content: story1_jan13_11.html Author: jijo_rajakumari