‘എന്താ ഈ അടുക്കളവട്ടത്തിങ്ങനെ മണത്ത് നടക്കണത്. ഒരു പത്തുമിനിട്ട് കഴിഞ്ഞ് ഞാൻ അങ്ങ്‌ട്ട് വരാം. ആ കോലായിൽ ചെന്നിരുന്നോൾവാ’ പേപ്പറിൽ ചരമക്കോളം നിവർത്തിവച്ച് അതിലെ ചിത്രോക്കെ ഒന്നു കണ്ട്വോൾവാ നമ്മളും കുഴിക്ക് കാലും നീട്ടി ഇരിക്ക്യാണല്ലോ.“ മേരിക്കുട്ടിയുടെ താക്കീതൊന്നും വകവെക്കാതെ ചാക്കോച്ചേട്ടൻ അടുക്കളഭാഗത്ത് മുക്കുവിടർത്തി മണംപിടിച്ചു നടന്നു.
‘എന്താ ഇവ്‌ടെ ഒരു കുമുകുമാ മണം’.
‘അപ്പോ അതാ കാര്യം. കപ്പപ്പുഴുക്ക് ഇപ്പോ ആകും’.
‘നല്ല വേളാങ്കീടെ മണം മൂക്കിക്കയറ്യാപ്പിന്നെ എങ്ങനെയാ ഇരിക്യാ’
‘എന്നാലും ഇത്ര പരവേശം എടുക്കണോ?’
‘നിങ്ങൾക്കന്നേല്ലേ ഇതുണ്ടാക്കുന്നത്. ഇതു മുഴുവൻ തിന്നാല്ലോ.’
‘ഞാനിപ്പോ കോലായ്‌ക്കു പോണോ?’
‘പോയിരുന്നോൾവാ. എനിക്കിതൊന്ന് സ്വസ്ഥമായി ഉണ്ടാക്കാല്ലോ’. ചാക്കോച്ചേട്ടൻ മൂക്കുവിടർത്തി കപ്പമണം വലിച്ചുകയറ്റി. മനസില്ലാമനസോടെ കോലായിലേക്കു നടന്നു. കപ്പേം ഇറച്ചീം കൂട്ടി കഴിക്കുന്നതോർത്തപ്പോൾ വായിൽ വെള്ളം നിറഞ്ഞു.
അപ്പോഴാണ് സൂസന്ന കയറിവന്നത്. ”അച്ചായാ ചരമക്കോളം മനഃപ്പാഠമാക്കിയോ?“
‘ഇന്നതിനുള്ള സമയം ഒത്തുവന്നില്ല’.
‘എന്നാപ്പറ്റി?”
’അടുക്കളവശത്ത് കുമുകുമാന്നൊരു മണം‘.
’മനസ്വസ്ഥത ഇല്ലാന്നു ചുരുക്കം.‘
’അത്രന്നെ‘.
സൂസന്നയും മൂക്കുവിടർത്തി പിടിച്ച് അടുക്കളഭാഗത്തേക്ക് നടന്നു. “അമ്മച്യേ, എന്താ ഇവിടെ ഒരു വല്ലാത്ത മണം?
’നീയെത്ത്യോ….? അതില്ലാ കുറവു വേണ്ട. അമ്മച്ചി ഇന്ന് അതിർത്തി സംരക്ഷണ സേനക്കാരനെപ്പോലെ ഗൗരവത്തിലാണല്ലോ?
‘എന്നന്നെ വച്ചോ’.
സൂസന്ന കഴുകാനിട്ടിരിക്കുന്ന പാത്രങ്ങൾ കഴുകിയെടുത്തു തുടങ്ങി. അമ്മച്ചിയുടെ ചൂടൊന്നടങ്ങാതെ ഇനി രക്ഷയില്ല. ”ഒരു മനുഷ്യനുണ്ടല്ലോ ഇവിടെ എപ്പഴും മേയ്‌ക്കാൻ ഒരാളുവേണം‘ അമ്മച്ചി, സൂസന്ന കേൾക്കാൻ വേണ്ടിക്കൂടിയാണ് ഈ പറയുന്നത്. “അടുക്കള വട്ടത്തങ്ങനെ മണത്തുമണത്തു നടക്വാ. ഇവിടെ എന്തെങ്കിലും ഉണ്ടാക്യാ അങ്ങേർക്കന്നല്ലേ കൊടുക്ക്വാ’.
ചാക്കോച്ചൻ ഇരിക്കപ്പൊറുതി കിട്ടാതെ വീണ്ടും അടുക്കളവശത്ത് എത്തിക്കഴിഞ്ഞിരുന്നു. ”എന്നാ ഇരിക്ക്യാല്ലേ…?
‘എന്താ…?’
‘വിശപ്പങ്ങനെ കത്തിത്തുടങ്ങീരിക്കുന്നു’.
‘ഞാൻ കാണുന്നുണ്ട് തീനാളങ്ങൾ എനിക്കു കാണാൻ കഴിയുന്നുണ്ട്.’ സൂസന്നയ്‌ക്ക് ഇതെല്ലാം കേട്ട് ചിരിപൊട്ടുന്നുണ്ട്.
‘എടീ പെണ്ണേ, നീ ഇതെല്ലാം ഒന്ന് ആ മേശമേലോട്ടെടുത്തുവയ്‌ക്ക്. അമ്മച്ചി സ്നേഹത്തോടെ വിളിച്ചു“ കഴുകിക്കഴിഞ്ഞ പാത്രങ്ങളുമായി സൂസന്ന അടുക്കളിയിലേക്ക് കയറി. ചാക്കോ പെട്ടെന്ന് ഡൈനിംഗ് ടേബിളിലെത്തി സ്ഥലം പിടിച്ചു. ടേബിളിൽ താളം പിടിച്ചു. ചെറുതായൊരു മൂളിപ്പാട്ടും പാടുന്നുണ്ട്. സൂസന്ന കപ്പപാത്രം മേശമേൽ കൊണ്ടുവച്ച ആ നിമിഷം തന്നെ ചാക്കോച്ചേട്ടൻ ഒരുകഷ്‌ണം ചൂടുകപ്പ അടിച്ചെടുത്ത് വായിലിട്ടു. തുടർന്ന് ’അയ്യോ…‘ എന്ന ഉഗ്രൻ നിലവിളി. മേരിച്ചേടത്തിയും സൂസന്നയും ആ വെപ്രാളം കണ്ട് ആർത്തു ചിരിച്ചു.
’ചൂടായ കപ്പയാണെന്ന് മനുഷ്യന് കണ്ടാൽ അറിയില്ലെ…?‘ കപ്പയും ഇറച്ചിയും ചെറു ഉരുളകളാക്കി ചാക്കോ ചേട്ടൻ രസംപിടിച്ച് കഴിച്ചുകൊണ്ടിരുന്നു. അതിനിടയിൽ മേശമേൽ ചെറുതാളങ്ങൾ, മൂളിപ്പാട്ട്. ചെറിയ ചെറിയ അന്വേഷണങ്ങൾ.
”ഈ വേളാങ്കി ഇത്ര ഉഗ്രനോ…?“ മേരിച്ചേടത്തി വാപൊത്തി ചിരിച്ചു.
”ഇതാരാ കണ്ടുപിടിച്ചത്..?“ മേരിച്ചേടത്തി തന്നെ. സൂസന്ന പറഞ്ഞു. തുടർന്ന് ഉച്ചത്തിൽ ചിരിച്ചു. ചാക്കോച്ചേട്ടൻ അത്ഭുതഭാവത്തിൽ മേരിച്ചേട്ടത്തിയെ നോക്കി. നമ്മുടെ പറമ്പിലെ കപ്പകൃഷി ഒരു ചുവട് പരീക്ഷാർത്ഥം മേരിച്ചേട്ടത്തി പറിച്ചെടുത്തതല്ലായിരുന്നോ? പരീക്ഷണം വിജയിച്ചു. അസ്സൽ വേളാങ്കിതന്നെ.
’നമുക്ക് ദിവസവും വലിച്ച് പുഴുങ്ങാല്ലോ?‘ ചാക്കോച്ചേട്ടൻ.
’ആ പൂതി മനസിലിരിക്കട്ടെ‘ ചാക്കോച്ചേട്ടന്റെ മുഖം മങ്ങി. കപ്പ ഉരുട്ടി ഇറച്ചിയിൽ മുക്കി വായിലേക്കിട്ടു. ചവച്ചിറക്കാതെ കമാന്നിരുന്നു. മേരിച്ചേട്ടത്തിക്കും സൂസന്നയ്‌ക്കും ചിരിയടക്കാൻ കഴിഞ്ഞില്ല. ’കപ്പ കൊടുത്തിട്ടുവേണം എനിക്ക് നല്ലൊരു ജോഡി കമ്മലുവാങ്ങാൻ‘
’അതാപ്പോ പരിപാടി‘ ചാക്കോച്ചേട്ടൻ പറഞ്ഞു. തുടർന്ന് നിർത്താതെ ചുമച്ചുകൊണ്ടിരുന്നു.
മേരിച്ചേടത്തി അദ്ദേഹത്തിന്റെ തലയിൽ പതുക്കെ തല്ലി. രാവിലെ എട്ടുമണികഴിഞ്ഞ സമയം. ചാക്കോച്ചേട്ടൻ പടിക്കു പുറത്ത് ഒരു ചെറിയ കൂന കപ്പക്കു പിന്നിൽ ഇരിക്കുകയാണ്. ഒരു ചെറിയ ത്രാസുണ്ട്. വലിയൊരു കപ്പ തൊലി പൊളിച്ച് കൈയിൽ പിടിച്ചിട്ടുണ്ട്. അതിൽ നിന്നും ഇടക്കിടയ്‌ക്ക് കടിച്ചെടുത്തു തിന്നുന്നുണ്ട്. ’നല്ല വേളാങ്കിയാണ് ട്ടോ… കിലോ മൂന്നു രൂപയേ ഉള്ളൂ. വഴി യാത്രക്കാരോടൊക്കെ വിളിച്ചു പറയുന്നുണ്ട്. ആൾക്കാർ അയാളെ ഗൗനിക്കാതെ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. ഇവിടെ ഇങ്ങനെ വലിയൊരു കച്ചോടക്കാരൻ ഇരിക്കുന്നത് ഇവറ്റകളൊന്നും കാണുന്നില്ലേ… മേരി ഇതൊന്ന് അസലായി പുഴുങ്ങി വച്ചിരുന്നെങ്കിൽ… ഇത്തിരി മീൻകറിയോ ഇറച്ചിക്കറിയോ കൂട്ടി കഴിക്കാൻ അസലായിരുന്നു.
അങ്ങനെ ചിന്തയിൽ മുഴുകിയിരുന്ന സമയത്ത് ഒരാൾ കപ്പ വാങ്ങാനായി അയാളുടെ മുന്നിലെത്തി. കുട്ടിമാളു.
‘മുതലാളി… കപ്പ എന്താവില….?
’മൂന്നുരൂപ‘
’ഭയങ്കരവിലയാണല്ലേ…‘
’അസല് വേളാങ്കിയല്ലേ… നീ രണ്ടുകിലോ കൊണ്ടുപൊയ്‌ക്കോ ചാക്കോച്ചേട്ടൻ കപ്പ തൂക്കാൻ തുടങ്ങി.
‘കാശില്ല മൊതലാളി…’ ചാക്കോ ചേട്ടൻ തലയുയർത്തി നോക്കി. കുട്ടിമാളു പാവം ഇവിടത്തെ പുരയിടത്തിൽ പണിയെടുത്തു കഴിഞ്ഞവൾ. രണ്ടുകിലോ കപ്പ അവളും കൊണ്ടുപോകട്ടെ… തലതിരിച്ച് അകത്തോട്ടൊന്നു നോക്കി. മേരിച്ചേട്ടത്തി കൺവെട്ടത്തെവിടെയും ഇല്ല. ഒത്ത സന്ദർഭം. ചാക്കോ ചേട്ടൻ രണ്ടുകിലോ കപ്പ കുട്ടിമാളുവിന് കൊടുത്തു. തന്റെ പരിചയക്കാരക്കൊക്കെ ചാക്കോച്ചേട്ടൻ കപ്പ വിറ്റു. മേരിച്ചേട്ടത്തി ഇടക്കു നോക്കുമ്പോൾ ചാക്കോച്ചേട്ടൻ തകൃതിയായി കപ്പ വിൽക്കുകയാണ്. ഈ പണി കൊള്ളാമെന്ന് ചേട്ടത്തിക്ക് തോന്നി. എട്ടുമണിക്കു തുടങ്ങിയ വില്പന പത്തുമണിക്കുമുമ്പേ അവസാനിച്ചു. ചാക്കോച്ചേട്ടൻ കൈകാൽ കഴുകി നേരെ ഊൺമേശയ്‌ക്കരികിൽ വന്നിരുന്നു…ആവൂ…വിശന്നിട്ടുവയ്യ…
‘ആദ്യം കണക്കു പറയ്…’
‘എന്തു കണക്ക്?’
‘കപ്പ വിറ്റതിന്റെ’
‘എല്ലാം കടമാണ് പോയത് ’. മേരിച്ചേട്ടത്തിക്ക് കലികയറി. എല്ലാം ദാനം കൊടുത്തു. ചാക്കോച്ചേട്ടൻ തലതാഴ്‌ത്തിയിരുന്നു. പുഴുങ്ങിവച്ചിരുന്നെങ്കിൽ മൂക്കുമുട്ടെ തിന്നായിരുന്നു.
‘അതെ’. ചാക്കോച്ചേട്ടൻ പറഞ്ഞു. മേരിച്ചേട്ടത്തി കണ്ണുരുട്ടി. ‘എന്നാലും, ഇങ്ങനെയൊരു മനുഷ്യൻ…’
ചാക്കോച്ചേട്ടൻ പുട്ടും കടലയും രുചിയോടെ കഴിക്കുകയാണ്. അതിനുമുമ്പ് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ്.
മുറ്റത്തുനിന്നൊരു വിളി ‘ചാക്കോ മൊലാള്യേ….’ മേരിച്ചേട്ടത്തി ജനലിലൂടെ എത്തിച്ചുനോക്കി. കുട്ടിരാമനാണ്. ‘എന്താ കുട്ടിരാമാ…?’
‘മൊതലാളീണ്ടോ…?’ ചാക്കോച്ചേട്ടൻ കൈകഴുകി മുറ്റത്തേക്കു ചെന്നു. ‘എന്താ കുട്ടിരാമാ…?’
‘കപ്പ കൊടുക്കുന്നുണ്ടോ…?’ മേരിച്ചേട്ടത്തി തലയുയർത്തിച്ചു നോക്കി. അതുകൊണ്ട് ചാക്കോച്ചേട്ടൻ ‘പോ..പോ’ എന്ന് കുട്ടിരാമനോട് കൈയാഗ്യം കാണിച്ചു. കുട്ടിരാമൻ പോകാതെ നിൽക്കുകയാണ്.
‘മാത്തൂട്ടീടെ വിവരോല്യേ..?’ ‘ഉണ്ടല്ലോ. ഇന്നലേല്ലേ പണം വന്നത്’
‘അതേയോ….! കുട്ടിരാമൻ അതിശയം കൂറി. ’ഒരുപോട് കപ്പ കിട്ടീര്‌ന്നെങ്കീ…. മേരിച്ചേട്ടത്തി അടുക്കള വാതിലിലൂടെ എത്തിനോക്കി. ചാക്കോച്ചേട്ടൻ ‘പോ…പോ…എന്ന് കുട്ടിരാമനെ നിർബന്ധിച്ചു.
’മോളിക്കുട്ടീടെ വിവരമൊക്കെ ഇല്ലേ? കുട്ടിരാമൻ പോകാൻ ഭാവമില്ല‘
’ഉണ്ടല്ലോ.‘ കഴിഞ്ഞാഴ്‌ചല്ലേ അവളുടെ ഡ്രാഫ്‌റ്റ് വന്നത്’. ‘അതേയോ…! കാട്ടിരാമൻ അൽഭുതം കൂറി. ’ഒരുപോട് കപ്പ കിട്ടിയിരുന്നെങ്കിൽ….‘ മേരിച്ചേട്ടത്തി മുറ്റത്തേക്കിറങ്ങിവന്നു. ചാക്കോച്ചേക്കൻ ഓടി അകത്തേക്കു കയറി. അവിടെ നിന്നുകൊണ്ട് അദ്ദേഹം കുട്ടിരാമനോട് ’പോ…പോ…‘ എന്ന് ആംഗ്യം കാട്ടി. കുട്ടിരാമൻ മടിച്ചുമടിച്ചാണ് അവിടെ നിന്നും പോയത്. മേരിച്ചേട്ടത്തി മുറ്റത്തു നിന്ന് ചാക്കോച്ചേട്ടനെ കണ്ണുരുട്ടി കാണിച്ചു.
രാവിലെ ചാക്കോച്ചേട്ടൻ എഴുന്നേറ്റു നോക്കുമ്പോൾ തൊടിയിൽ ഒരാൾ കപ്പ വലിച്ചുകൂട്ടുന്നു. ഇതെന്തു കഥ? പട്ടാപ്പകൽ കള്ളനോ? ’മേര്യേ…കള്ളൻ കപ്പ കൊണ്ടുപോകുന്നു…‘ ചാക്കോച്ചേട്ടൻ തോർത്തുകൊണ്ട് ഒരു കെട്ടുകെട്ടി., ഒരു വടിയെടുത്ത് തൊടിയിലേക്ക് പാഞ്ഞു. മേരിച്ചേട്ടത്തി നോക്കുമ്പോൾ ചാക്കോച്ചേട്ടൻ അലറിവിളിച്ച് തുള്ളിയുറഞ്ഞ് പോകുന്നതാണ് കാണുന്നത്. ചേട്ടത്തിയും പിന്നാലെ വച്ചടിച്ചു. ഈ അലറിവിളിയൊക്കെ കേട്ടിട്ടും കപ്പ വലിക്കുന്ന കക്ഷിക്ക് കൂസലില്ല. കപ്പ പിഴുതു കൂട്ടുകയാണ്.
തൊട്ടടുത്തു ചെന്നപ്പോഴല്ലേ ആളെ പൂർണരൂപത്തിൽ കാണുന്നത്., ആലി മാപ്പിള! ’എന്താ ആലിമാപ്പിളേ ഈ കാണിക്കുത്?‘ ചാക്കോച്ചേട്ടൻ വടി മണ്ണിൽ കുത്തിപ്പിടിച്ചു നിന്ന് ഉറഞ്ഞുതുള്ളി…
’എന്താപ്പോണ്ടായേ…?
‘ആരോടു ചോദിച്ചിട്ടാ ഈ പണി?’
മേരിചേട്ടത്തി പറഞ്ഞു; ‘കപ്പ ആലിമാപ്പിളയ്‌ക്ക് വിറ്റു’
‘ആരോട് ചോദിച്ചിട്ട്….’
‘ഇവിടെ ദാനം കൊടുക്കാൻ ഒരുപാടിരിക്ക്യേല്ലേ. മാത്തൂന്റേം മോളീടേം ഡ്രാഫ്‌റ്റ് മാറി കഞ്ഞികുടിക്കാന്നായിരിക്കും. ഇന്നലത്തെ നിങ്ങളുടെ കച്ചോടം കണ്ടു. ആരും കാശു തരില്ല. നിങ്ങളെ കച്ചോടത്തിനു കൊള്ളില്ല.’ ആലിമാപ്പിള നിന്നു ചിരിക്കുകയാണ്. അയാൾ ഒരു മാപ്പിളപ്പാട്ടിന്റെ ഈണത്തിനൊപ്പം കപ്പ പിഴുതുകൂട്ടുകയാണ്.
‘എന്നാലും മേരി ഇതൊരു ചതിയായിപ്പോയി’ ചാക്കോച്ചേട്ടൻ നിരാശയോടെ പറഞ്ഞു.
‘മൂന്നാലുചോടു കപ്പ നിർത്താൻ പറഞ്ഞിട്ടുണ്ട്.
’അതുവേണോ? ചാക്കോച്ചേക്കൻ ദേഷ്യത്തിലാണ്‘. ’എന്റെ കമ്മലൊന്നു മാറ്റണമെന്നു പറഞ്ഞിട്ട് നിങ്ങളോ ചെയ്‌തുതരില്ല. എനിക്കിതൊന്നു മാറ്റണം.
‘അപ്പോ അതാണ് സംഗതി’.
‘അല്ലെങ്കിൽ വേണ്ട, മാത്തൂട്ടീടെ ഡ്രാഫ്‌റ്റ് മാറീട്ട് വാങ്ങിക്കാല്ലേ?’
‘ഓരോരുത്തര് ചോദിക്കുമ്പോ അങ്ങനെ പറഞ്ഞുപോകുന്നതല്ലേ’ ചാക്കോച്ചേട്ടൻ ഭാര്യയെ ആശ്വസിപ്പിച്ചു. ‘ഒന്നും തന്നില്ലെങ്കിലും നമ്മുടെ മക്കള് സുഖായി കഴിയട്ടെ’ മേരിച്ചേടത്തിയുടെ കണ്ണുകൾ സാവധാനത്തിൽ നിറഞ്ഞൊഴുകി. അവർ ഉമ്മറക്കല്ലിൽ തൊട്ടുതൊട്ടിരുന്ന് അന്യോന്യം ആശ്വസിപ്പിച്ചു.
Generated from archived content: story2_mar30_07.html Author: janardhanan_vandazhi
Click this button or press Ctrl+G to toggle between Malayalam and English