കൊതുകു നിവാരണം

പനി. നാട്ടിൽ മുഴുവൻ ഗംഭീരൻ പനികൾ. കുറേ യമണ്ടൻ പേരുകൾ. ഡങ്കി, ചിക്കുൻഗുനിയ, ജപ്പാൻജ്വരം, തക്കാളിപ്പനി, സർവ്വസാധാരണനായ പനികളൊന്നും ഇപ്പോഴില്ല. ഒരു രോഗിയോട്‌ ഡോക്ടർ തനിക്ക്‌ സാധാരണ പനിയാണല്ലോ എന്നു പറഞ്ഞാൽ രോഗിക്ക്‌ ഇഷ്ടമാവില്ല. നാട്ടിൽ ആകെ അരക്ഷിതാവസ്ഥ. അതിനൊക്കെ കാരണം കൊതുക്‌. കൊതുകുകൾ കേരളം പിടിച്ചടക്കിയിരിക്കുന്നു.

മുനിസിപ്പാലിറ്റി കോൺഫ്രൻസ്‌ ഹാളിൽ ഘോരമായ ഒരു മീറ്റിംഗ്‌ നടക്കുകയാണ്‌. ചെയർമാൻ തൊട്ട്‌ സകലമാന മെമ്പറന്മാരും ഹാജർ!

പ്രാരംഭ നടപടിയായ ചായ, പരിപ്പുവട സേവക്കുശേഷം മെമ്പറന്മാരുടെ ഒച്ച പൊന്തി തുടങ്ങി.

“രാജമ്മ മെമ്പറേ, ഇന്നത്തെ വടക്കിത്തിരി വട്ടം കുറവായിപ്പോയോ എന്നൊരു സംശയം” പീലിപ്പോസ്‌

“അതു ഞാനും ചിന്തിക്കാതിരുന്നില്ല” രാജമ്മ

“വടയുടെ തുളവട്ടം പോലും ഇന്നു കുറവായിരുന്നില്ലേ” സദാനന്ദൻ സംശയം പ്രകടിപ്പിച്ചു.

“മുളകോ, ഇഞ്ചിയോ നാമമാത്രമായിട്ടെങ്കിലും ഇടണമായിരുന്നില്ലേ” ഒരു റിട്ടയേർഡ്‌ അധ്യാപകൻ കൂടയായ 14-​‍ാം വാർഡ്‌ വയസൻ മെമ്പറൻ അപ്പുക്കുട്ടി മാസ്‌റ്റർ ചൂടായി. അങ്ങനെ വടപ്രശ്നം അതിരൂക്ഷമായി കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ്‌ ശ്രീമൻ ചാത്തുണ്ണി ദ ഓണർ ഓഫ്‌ ചായക്കട പ്രവേശിക്കുന്നത്‌.

വട പ്രശ്നം ഫുൾ ബഞ്ചോടെ പാസാക്കിക്കൊണ്ടിരിക്കുകയാണ്‌. ശ്രീമൻ ചാത്തുണ്ണി ഉടൻ ഇടപെട്ടു “ലാറി സമരമായിരുന്നല്ലോ സാറന്മാരെ”

“കേരളത്തിൽ ഇഞ്ചിയും പച്ചമുളകും കിട്ടാനില്ലെന്നോ.” അഞ്ചെട്ടു മെമ്പറന്മാർ ഒന്നിച്ചു ചോദിച്ചു.

“എല്ലാറ്റിനും അണ്ണാച്ചി വണ്ടി വരണം സാർ” ചാത്തുണ്ണി ഡിഫന്റ്‌ ചെയ്തു. അങ്ങനെ വടപ്രശ്നം പെട്ടെന്ന്‌ ചീറ്റിപ്പോയി.

തുടർന്ന്‌ ഒരു മെമ്പറൻ എഴുന്നേറ്റ്‌ നിന്ന്‌ കൊതുകിനെപ്പറ്റി ഒരു നീണ്ട പ്രബന്ധം അവതരിപ്പിച്ചു.

‘കഴിഞ്ഞ കുറേക്കാലങ്ങളായി ഈ മുനിസിപ്പാലിറ്റിയിൽ ഒരു കൊതുകു സെൻസസ്‌ നടത്താൻ കഴിഞ്ഞിട്ടുണ്ടോയെന്ന്‌ ഞാൻ ശക്തിയുക്തം ചോദിക്കുകയാണ്‌. കഴിഞ്ഞ ഭരണാധികാരികൾ കൊതുകിനെ സഹായിക്കുന്ന വിധത്തിലുള്ള ചില പദ്ധതികളാണ്‌ നടപ്പാക്കിയിരുന്നത്‌. കൊതുകു നിവാരണം കാര്യക്ഷമമാക്കാൻ ഇവിടുത്തെ കൊതുകുകളുടെ സമഗ്രമായ ഒരു സെൻസസ്‌ എടുക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്നാണ്‌ എനിക്കു പറയാനുള്ളത്‌. അതിനുള്ള തുക കൊതുകു നികുതി ചുമത്തി പിരിച്ചെടുക്കാവുന്നതാകുന്നു.

വലിയ ഹർഷാരവത്തോടെയാണ്‌ പ്രബന്ധം അവസാനിച്ചത്‌. ഒരു കൊതുകു സെൻസസ്‌ അത്യാവശ്യമാണന്ന്‌ സകലമാന മെമ്പറന്മാർക്കും തോന്നി.

അതുവരെ ആ ബഹളത്തിനിടയിലും ഉറങ്ങാൻ കഴിഞ്ഞ നിർഭാഗ്യവാനായ ഒരു യുവ മെമ്പറനുണ്ടായിരുന്നു ശ്രീമാൻ കുട്ടിരാമൻ. ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന്‌ കുട്ടിരാമൻ ഞെട്ടിക്കുന്ന ഒരു ചോദ്യം “നിവാരണം എവിടെവരെയായി?”

ഓരോ വാർഡിനും നൂറുമില്ലി വീതം കൊതുകുനാശിനി അനുവദിച്ചിരിക്കുന്നു. “ചെയർമാൻ തന്റെ പരമാവധി ശബ്ദത്തിൽ വിളിച്ചു പറഞ്ഞു. ബി.പി.എൽ കാർഡുകാർക്ക്‌ ഓരോ പെട്ടി കൊതുകുതിരി സൗജന്യമായി കൊടുക്കുവാനും ഉത്തരവായി.

Generated from archived content: story1_oct15_07.html Author: janardhanan_vandazhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here