ഇപ്പണി പറ്റില്ലേ….

മരങ്ങാടൻ ജോർജ്‌, മകൻ ഔസേപ്പൂട്ടീടെ ആവശ്യത്തിനുമുമ്പിൽ തലകുനിക്കാൻ തന്നെ തീരുമാനിച്ചു. എന്നിട്ട്‌ സിമ്പ്‌ളനൊരു ചോദ്യം.

“എന്തൂട്ട്‌ണടാ നീ ഈ പറയണേ?”

“നമ്മടെ കൊച്ചുണ്ണി മാഷ്‌ടെ മകന്റെ കഥ ഒരു പൊസ്‌തകത്തിൽ വന്നിരിക്കുന്നു.‘

തലേൽ ആൾത്താമസമുളള പുളേളണ്‌ അവൻ എന്ന്‌ മരങ്ങാടൻ ജോർജ്ജ്‌ മനസ്സിൽ പറഞ്ഞെങ്കിലും ഒരു കുന്നിനോളം കുന്നായ്‌മയും അദ്ദേഹത്തിന്റെ തിരുഹൃദയത്തിൽ തോന്നാതിരുന്നില്ല.

’എന്തൂട്ട്‌ണ്‌ കതോം കിതേം പറഞ്ഞ്‌ നടക്കണ്‌. ഡാ ഔസേപ്പൂട്ട്യോ…, രണ്ടുചാക്ക്‌ അരി വിറ്റാ കിട്ടുന്ന പുണ്യം വല്ലാണോ അത്‌​‍്‌.‘ അരി മുതലാളി മരങ്ങാടൻ ജോർജിന്റെ സാമ്പത്തിക ശാസ്‌ത്രത്തിനുമുന്നിൽ ഔസേപ്പൂട്ടി കീഴടങ്ങിയില്ല.

’എന്നാലും, സമൂഹത്തില്‌ ഒരു ഇതൊക്കെ വേണ്ടെ അപ്പച്ചാ…‘

ഔസേപ്പൂട്ടി പറഞ്ഞത്‌ ന്യായം. നാട്ടുകാര്‌ ’കല്ലരി മരങ്ങാടാ‘ എന്ന പട്ടം നല്‌കി ബഹുമാനിതനാക്കുന്നതിൽ ശ്രീമൻ മരങ്ങാടൻ ജോർജ്‌ അവർകൾക്ക്‌ അല്‌പമൊന്നുമല്ല അസ്‌കിത. ആളോൾക്ക്‌ എന്തു പട്ടോം സമ്മാനിക്കാം. അവർക്ക്‌ കുനിഷ്‌ഠാണ്‌, കണ്ണുകളിയാണ്‌. അതിനാണല്ലോ ഷോപ്പിനു മുമ്പിൽ ഒരു പൊട്ടച്ചട്ടിയിൽ പുളളികുത്തി കെട്ടിത്തൂക്കിയിരിക്കുന്നത്‌. കല്ല്‌ അരിയാക്കുന്ന വിദ്യ ഭൂമി മലയാളത്തിൽ മരങ്ങാടൻ ജോർജ്‌ കണ്ടുപിടിച്ചതൊന്നുമല്ല. ആദിമ പിതാക്കൻമാരുടെ കാലത്തുതന്നെ കല്ലും നെല്ലും സൃഷ്‌ടിക്കപ്പെട്ടതാകുന്നു. രണ്ടു ദൈവസൃഷ്‌ടികളെ ചേർത്തുവയ്‌ക്കുന്നു എന്ന പുണ്യപ്രവർത്തിയേ മരങ്ങാടൻ ജോർജ്‌ ചെയ്‌തിട്ടുളളൂ. ഇപ്പോഴും ആ പുണ്യപ്രവർത്തി തുടർന്നുകൊണ്ടേയിരിക്കുന്നു എന്നുമാത്രം.

അപ്പച്ചന്റെ ചിന്ത കുടിയേറ്റ കോൺഗ്രസുകാരെപ്പോലെ കാടുകയറുകയാണെന്ന്‌ ഔസേപ്പൂട്ടി ഓർമ്മിപ്പിച്ചു. ’കത എനിക്കും എഴ്‌തണം‘ മൂത്തമരങ്ങാടൻ പതുക്കെ നാടിറങ്ങി.

’നെനക്ക്‌ അപ്പണി അറിയോ ഔസേപ്പൂട്ട്യേ..?”

‘ഇല്ല.’ ഔസേപ്പൂട്ടി ആദ്യമൊന്നു പരുങ്ങിയെങ്കിലും ഒരു നിർദ്ദേശം വച്ചു.

‘വാരികകളിൽ നിന്നൊക്കെ മോഷണം നടത്താം.’

‘വേണോ ഔസേപ്പൂട്ട്യേ?’ രണ്ടുചാക്ക്‌ അരി വിറ്റാ കിട്ടണ സമാധാനം പോരെ?“

‘അപ്പച്ചാ..?” ഔസേപ്പൂട്ടി ചിണുങ്ങാൻ തുടങ്ങി.

“നാട്ടാര്‌ പെര്‌ക്ക്വേ?”

’ഈ അപ്പച്ചനൊരു പേടിത്തൊണ്ടൻ. ആരും അറിയാൻ പോണില്ല.‘

’നെന്റെ കട്ട മൊതല്‌ ഏതെങ്കിലും പൊസ്‌തകക്കാര്‌ അച്ചടിക്ക്യോ‘

’പിന്നില്ലാണ്ടെ‘

കല്ലരി മരങ്ങാടൻ ജോർജ്‌ മകൻ ചെറിയ മരങ്ങാടൻ ഔസേപ്പ്‌ ഒരെഴുത്തുകാരനായി മാറുന്നു. കോട്ടയം വാരികകൾ കെട്ടുകണക്കിന്‌ ഔസേപ്പൂട്ടി റഫർ ചെയ്‌തു. കഠിന പ്രയത്‌നം. ഒരാഴ്‌ചക്കുളളിൽതന്നെ ഒരു സാധനം ഔസേപ്പൂട്ടി പടച്ചുണ്ടാക്കി. കൊച്ചുണ്ണി മാഷിന്റെ മകൻ കുഞ്ഞുണ്ണിയുടെ കഥ അച്ചടിച്ചു വന്ന വാരികയിലേക്കു തന്നെ ആ ’സാധനം‘ തൊടുത്തുവിട്ടു. താനും ഒരു വിദ്വാനായിരിക്കുന്നു. ഔസേപ്പൂട്ടി പപ്പാ മരങ്ങോടനോടൊപ്പം അഭിമാനപുളകിതനായി. ഇക്കഥ നാട്ടിൽ കണ്ടവരോടൊക്കെ വിളംബരപ്പെടുത്തപ്പെട്ടു. ’ഓഹോ…. ഔസേപ്പൂട്ടിക്കും ബുദ്ധിയുദിച്ചോ…!‘ ജനം കഷ്‌ടംവെച്ചു.

കാലതാമസം ഒട്ടും ഉണ്ടായില്ല. ഒരു വാണത്തിന്റെ സ്‌പീഡിൽ കഥ തിരിച്ചെത്തി. തപാൽ വകുപ്പിന്‌ ഇത്ര വേഗതയോ! ഔസേപ്പുകുട്ടി അന്തംവിട്ടു.

മരങ്ങാടൻ ജോർജിനാകെ നാണക്കേട്‌. രണ്ടുചാക്ക്‌ അരിക്കാശിന്‌ മുഴുവൻ കോട്ടയം വാരികകൾ വാങ്ങിയിട്ടും സംഗതി നടന്നില്ലല്ലോ. ഔസേപ്പൂട്ടീടെ നേരെ ചില അലർച്ചകളും മുരൾച്ചകളും ഉണ്ടായി. ഒടുവിൽ അദ്ദേഹത്തിന്‌ ട്യൂബ്‌ കത്തി. ടാ..ഔസേപ്പൂട്ടി, നീയും ഒരെണ്ണം തുടങ്ങടാ ഉവ്വേ…

’അപ്പച്ചാ…!‘

’തുട്ട്‌ ഞാനെറക്കാടാ ഉവ്വേ…‘

അങ്ങനെ മരങ്ങാടൻ ഔസേപ്പൂട്ടി എഡിറ്ററാകുന്നു. ’മരങ്ങാടൻ‘ വാരികയിലേക്ക്‌ സൃഷ്‌ടികൾ ക്ഷണിച്ചുകൊണ്ടുളള പരസ്യം പത്രങ്ങളുടെ ക്ലാസിഫൈഡ്‌സിൽ പ്രത്യക്ഷപ്പെടുന്നു.

ഒരാഴ്‌ച കഴിഞ്ഞില്ല. രചനകൾ വെളളപ്പൊക്കമായി എത്തുന്നു. ഔസേപ്പൂട്ടിക്ക്‌ ആദ്യം ആഹ്ലാദം. രചനകളിലേക്ക്‌ ആഴത്തിൽ ചെല്ലുന്തോറും അങ്കലാപ്പ്‌. സാഹിത്യമേത്‌ അല്ലാത്തതേത്‌? ആധുനികനോ, അത്യന്താധുനികനോ. അതിനും മുകളിലെത്തവനോ ഏത്‌? മുന്നിൽ കിടക്കുന്ന കെട്ടുക്കണക്കിന്‌ സാധനങ്ങളിൽ നോക്കി ഔസേപ്പൂട്ടി അന്തംവിട്ടു.

’അപ്പച്ചാ..!‘

’എന്തൂട്ടണ്‌ടാ..?“

‘ഇപ്പണി പറ്റില്ല.’

‘അതാ ശരി. നിനക്കിപ്പണി ചേരില്ല. അരിവിറ്റ്‌ നല്ലൊരു മരങ്ങാടനായി ജീവിക്കാൻ നോക്ക്‌.”

അഞ്ചെട്ടുചാക്ക്‌ അരിക്കാശ്‌ നഷ്‌ടപ്പെട്ടതു കണക്കാക്കാതെ ’മരങ്ങാടൻ‘ വാരിക കർട്ടൻ താഴ്‌ത്തി.

Generated from archived content: story1_jan6_06.html Author: janardhanan_vandazhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English