1. അനുഭവിക്കുന്നവനും
അനുഭവിപ്പിക്കുന്നവനും
നേർക്കുനേർ
പൊരുതുകയാണ്
2. പഴയൊരു
പുസ്തകത്താളിന്റെ
ചിതലരിക്കാകോണിൽ
ഹിരോഷിമയെന്ന
ദുരന്തസത്യത്തെ
ദുരമൂത്തവന്റെ
പരീക്ഷണാഗ്നിയെ
പുതുതലമുറയുടെ
പേടിസ്വപ്നത്തിലേക്ക്
ഒരു പടർരോഗമായി
കടത്തിവിട്ടുപൊള്ളിക്കാൻ
കുറിച്ചുവെച്ചിട്ടുണ്ട്
3. മരണം ഏറ്റുവാങ്ങിയവന്റെയും
മരണം വിതച്ചവന്റെയും
വിരുദ്ധത
നേർക്കുനേർ
പൊരുതുകയാണ്.
4. പ്ലാച്ചിമടയിലെ
കോളകുപ്പികളിലൂടൊഴുകുന്നത്
ദാഹനീരുകളെ
കുടിച്ചുവറ്റിച്ച്
തദ്ദേശീയന്റെ
മുഖത്തുനോക്കി
കൊഞ്ഞനംകുത്തി
ഇരപിടിച്ചു
വീർക്കുന്നവന്റെ
കൊലച്ചിരി.
5. രണ്ടറ്റത്തു നിൽക്കുന്നവന്റെ
വ്യാമോഹങ്ങൾ
കുടിക്കുന്നവന്റെയും
കുടിപ്പിക്കുന്നവന്റെയും
മരണപ്പെടുന്നവന്റെയും
കൊല്ലുന്നവന്റെയും
മധുരം നുണയുന്നവന്റെയും
മധുരം ഊട്ടുന്നവന്റെയും
വിരുദ്ധതകൾ
പോർകാളകളെപ്പോലെ
ഏറ്റുമുട്ടുകയാണ്.
Generated from archived content: poem8_aug14_07.html Author: janardhanan_vandazhi