എന്റെ പ്രണയിനി

ഈ കാവൽമാടത്തിലെ

കറുത്ത ഏകാന്തതയിൽ

അതിതീവ്രമായ

എന്റെ പ്രണയിനിയെക്കുറിച്ച്‌

കടുത്തനിറമുള്ള

മണമുള്ള

ചിത്രങ്ങൾ

വരത്തെടുക്കാൻ കഴിയും

പകലന്തിയോളം

വച്ചും വിളമ്പിയും

കുട്ടികളെ നോക്കിയും

വിഴുപ്പലക്കിയും

അവളെന്നെ

അഗാധമായി

പ്രണയിക്കുകയായിരിക്കും.

ഞാൻ വായിച്ചുതീർത്ത

പുസ്തകങ്ങളുടെ ഗന്ധം നുകർന്നും

ഞാൻ എഴുതിയ കവിതകളുടെ

രസം ആസ്വദിച്ചും

എന്റെ ചിഹ്നങ്ങൾ പതിച്ച

വസ്തുക്കളെ സ്പർശിച്ചും

അവളെന്നെ

അഗാധമായി

പ്രണയിക്കുകയായിരിക്കും.

ഓരോ സമാഗമങ്ങളിലും

അവളുടെ കണ്ണിലേക്കിരമ്പി വരുന്ന

പ്രകാശജ്വാലകളെ

അവഗണിക്കാതെ

ഏറ്റുവാങ്ങട്ടെ ഞാൻ.

ഒരു സ്പർശനത്തിൽ

ഒരു സാന്ത്വനത്തിൽ

അവളെന്നിലേയ്‌ക്ക്‌

ഒരമൃതഗംഗാപ്രവാഹമായി

ഞാനറിയുന്നു.

അവളുടെ നനുത്ത

കരാംഗുലീ സ്പർശങ്ങൾ

എന്റെ ഹൃദയത്തെത്തൊട്ട്‌

മന്ത്രിക്കുന്ന പ്രണയമന്ത്രം

അവളെന്നെ

അഗാധമായി

പ്രണയിക്കുകയായിരുന്നു.

Generated from archived content: poem13_may26_07.html Author: janardhanan_vandazhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here