മീനൂട്ട്‌

പ്രായം അമ്പതു പിന്നിട്ടിട്ടും നമ്പൂതിരിക്ക്‌ കുഞ്ഞിക്കാലുകൾ കാണാൻ ഭാഗ്യമുണ്ടായില്ല. അമ്പലങ്ങളായ അമ്പലങ്ങളിൽ നേർച്ച നടത്തി. പള്ളികളിൽ മെഴുകുതിരി കത്തിച്ചു. പാവപ്പെട്ടവർക്ക്‌ അന്നദാനം നടത്തി. പക്ഷെ നമ്പൂതിരി അച്ഛനായില്ല. സന്തതിപരമ്പരകളില്ലാതെ ഇല്ലം അന്യം നിന്നുപോകുമോ? മുജ്ജന്മപാപമോ ശാപമോ? ആശങ്കകൾ നീണ്ടുപോയി.

അന്തർജനവും വെറുതെയിരുന്നില്ല. അറിയാവുന്ന വ്രതാനുഷ്‌ഠാനങ്ങളെല്ലാം മുറതെറ്റാതെ നടത്തി. പാവം! വന്ധ്യത വിട്ടുമാറിയില്ല. നിരാശയുടെ മൂർധന്യത്തിലും നമ്പൂതിരി വിശ്വാസം കൈവിട്ടില്ല. ചിന്തയിൽ ആണ്ടിരിക്കെ ഒരുദിവസം ഒരു ഉൾവിളി തോന്നി. ശാസ്താവിനെ തപസുചെയ്ത്‌ പ്രീതിപ്പെടുത്തിയാൽ ആഗ്രഹം സഫലമാകും. അന്നുരാത്രിയിലെ സ്വപ്നത്തിൽ അന്തർജനം തന്റെ അരികത്ത്‌ കൈക്കുഞ്ഞുമായി നിൽക്കുന്നത്‌ നമ്പൂതിരി കണ്ടു.

‘ഇനി സംശയിക്കേണ്ടതില്ല’ അയാൾ സ്വയം പറഞ്ഞു. നടന്നുനടന്ന്‌ അങ്ങകലെ ഒരു കാട്ടുപ്രദേശത്തെ വിജനതയിൽ നമ്പൂതിരി തപസാരംഭിച്ചു. താടിയും മുടിയും വളർന്ന്‌ വളരെക്കാലം കഴിഞ്ഞ്‌ ഒരുദിവസം താൻ വന്നതും ചെയ്യുന്നതും എന്തുദ്ദേശ്യത്തോടെയാണെന്നുപോലും മറന്നിരിക്കുമ്പോൾ മുന്നിൽ അതാ ശാസ്താവ്‌ നിൽക്കുന്നു!

‘ഭക്താ, നീന്നെത്തന്നെ മറന്നിരിക്കുന്നു, തപസ്വികൾ ഇങ്ങനെയായിരിക്കണം. തിരിച്ചുപൊയ്‌ക്കൊൾക, നിന്റെ ആഗ്രഹം സഫലമാകും’.

എന്ത്‌ താൻ സ്വപ്നം കാണുകയാണോ? നമ്പൂതിരി കണ്ണുകൾ തുടച്ചുനോക്കി. ഇല്ല. ആരുമില്ല. അപ്പോൾ താൻ കണ്ടതും കേട്ടതും? ആ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങുന്നതുപോലെ. തപസ്വികളുടെ മുൻപിൽ ഇഷ്ടദേവൻ പ്രത്യക്ഷപ്പെടുമെന്ന്‌ കേട്ടിട്ടുണ്ട്‌. അതിങ്ങനെയാണോ? ആയിരിക്കാം. വരം കൊടുത്തശേഷം ദേവന്മാർ അപ്രത്യക്ഷരാവാറുണ്ടല്ലോ. തനിക്കും വരംകിട്ടിയതുതന്നെ. നമ്പൂതിരി സന്തോഷത്തോടെ ഇല്ലത്തേയ്‌ക്ക്‌ മടങ്ങി.

ഇല്ലത്തെ കാര്യസ്ഥന്‌ ഒരുദിവസം കാലികളെ അന്വേഷിച്ച്‌ കാട്ടിലേക്ക്‌ പോകേണ്ടിവന്നു. നമ്പൂതിരിയില്ലത്തിനു സ്വന്തമായ ഭൂമിയിലൂടെ ഒഴുകുന്ന ഒരരുവിക്കരയിലെ പാറകൾക്കിടയിൽ ഒരു ചെറുമരം വളരുന്നത്‌ അയാളുടെ ശ്രദ്ധയിൽപ്പെട്ടു. താൻ ഇതിനു മുമ്പും പലപ്രാവശ്യം ഇവിടെ വന്നിട്ടുണ്ട്‌. അന്നൊന്നും കാണാത്ത ഈ വൃക്ഷത്തെ പെട്ടെന്നിവിടെ…?

അയാൾ വേഗം ഇല്ലത്തേയ്‌ക്കു തിരിച്ചു. അരുവിക്കരയിലൂടെ നടക്കുമ്പോൾ വെള്ളത്തിൽ അസാധാരണമായ അനക്കം. അയാൾ സൂക്ഷിച്ചുനോക്കി. അതാ കാണുന്നു വലിയ ഒരു ഏട്ടമത്സ്യം. ഏട്ട മത്സ്യം ഇവിടെ എങ്ങനെ വന്നു? ഇതെന്തു മായാജാലം? അയാൾ ഇല്ലത്തേക്കോടി. ഭാഗ്യം, നമ്പൂരിയച്ഛൻ എങ്ങും പോയിട്ടില്ല. ഓടിത്തളർന്ന അയാൾ വിക്കിവിക്കി താൻ കണ്ട കാര്യങ്ങൾ വിശദീകരിച്ചു. വരാനിരിക്കുന്നതിന്റെ സൂചനയാവാമിത്‌. നമ്പൂതിരി അറിയപ്പെടുന്ന കണിയാനെ വിളിച്ചു. പ്രശ്നവശാൽ കണിയാൻ പറഞ്ഞതിങ്ങനെ.

‘ആ വൃക്ഷത്തൈയിൽ ദേവൻ കുടികൊള്ളുന്നു. ഏട്ടകൾ ഒന്നല്ല പലതും അരുവിയിലുണ്ട്‌. മറ്റു മത്സ്യങ്ങളും ധാരാളം എത്തിയിട്ടുണ്ട്‌. ദേവൻ പരിവാരസമേതം അവിടെ എഴുന്നള്ളിയിരിക്കുന്നു. ഒട്ടും താമസിയാതെ ആരാധന തുടങ്ങാം’.

ഒരു കുഞ്ഞിനുവേണ്ടി കേഴുകയായിരുന്ന ആ ദമ്പതികൾക്ക്‌ ഈ സംഭവം ഉത്തേജകമായി. വൃക്ഷത്തൈക്കരികിൽ നിലവിളക്ക്‌ തെളിയിച്ച്‌ അവർ ആരാധന തുടങ്ങി. ഒപ്പം ദേവനെ തങ്ങളുടെ നാട്ടിലെത്തിച്ച മീനുകളെയും അവർ ആരാധിച്ചുകൊണ്ടിരുന്നു. ദേവനു പൂജയും മീനുകൾക്ക്‌ അരിയൂട്ടും (മീനൂട്ടും).

താമസിയാതെ നമ്പൂതിരി ദമ്പതികൾക്ക്‌ കുഞ്ഞുണ്ടായി. വിവരം നാട്ടിലാകെ അറിഞ്ഞു. അറിഞ്ഞവരെല്ലാം ആരാധനക്കെത്തി മീനൂട്ട്‌ നടത്തി. സന്താനലബ്ധിക്കായി മീനൂട്ട്‌ നടത്തുന്ന പതിവ്‌ കാവുകൾക്കരികിലെ അരുവികളിലും ചില അമ്പലങ്ങളിലും ഇന്നും തുടരുന്നു.

Generated from archived content: story3_nov20_07.html Author: ir_krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English