കോണകം തൂക്കിപ്പാറ

ബാബുവും ഷാജിയും ഷാജുവും തീരദേശവാസികളാണ്‌. പഠിക്കുന്ന കാലം മുതൽ തന്നെ അവർ ഒരുമിച്ചാണ്‌ എവിടെയും പോവുക പതിവ്‌. ഒരു ദിവസം ഷാജി പറഞ്ഞു. “ഒരുപാട്‌ നാളായല്ലോ നമ്മൾ എവിടെയെങ്കിലും പോകാനാഗ്രഹിക്കുന്നു. ഇനി താമസിക്കേണ്ട, രണ്ടുമൂന്നു ദിവസം കാടും മലയുമുള്ളിടത്തു കഴിയാം. ഷാജുവും ബാബുവും അതിനോടു യോജിച്ചു. അടുത്ത ദിവസം തന്നെ അവർ പുറപ്പെട്ടു. തേക്കടിയിലേക്കായിരുന്നു യാത്ര. അവിടെ വന്യമൃഗങ്ങളെ വനത്തിൽ വെച്ചുതന്നെ കാണാമത്രെ!

ധാരാളം വിനോദസഞ്ചാരികൾ എത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്‌. രണ്ടുദിവസം നടന്ന്‌ പല സ്ഥലങ്ങളും കണ്ടുകഴിഞ്ഞപ്പോൾ ഒരു പുതുമയില്ലാത്തതുപോലെ. അന്നു വൈകുന്നേരം ഷാജു പറഞ്ഞു. നമുക്ക്‌ കാട്ടുവാസികളെ പരിചയപ്പെടാൻ പറ്റിയില്ലെങ്കിൽ… ശരിയാണ്‌… എങ്കിൽ അവരുടെ കൂടെ കാടിനുള്ളിലേക്കു പോകാമായിരുന്നു. ബാബു ഷാജുവിനോട്‌ യോജിച്ചു. ഐഡിയ ഷാജിക്കും ഇഷ്ടമായി. അടുത്ത ദിവസം രാവിലെ ആൾത്തിരക്കില്ലാത്ത ഭാഗത്തേയ്‌ക്ക്‌ അവർ നടക്കാൻ തുടങ്ങി. ഇരുഭാഗത്തും കാടുകൾ. ആളനക്കമില്ലാത്ത ഭാഗങ്ങളിലൂടെ നടക്കുമ്പോൾ ഉള്ളിൽ എന്തോ ഒരു വല്ലായ്‌മ ഒരാദിവാസിയെയെങ്കിലും കണ്ടിരുന്നെങ്കിൽ എന്നവരാശിച്ചു. നടത്തം തുടർന്നപ്പോൾ ഒരു ഇടവഴിയുടെ തുടക്കത്തിൽ ഒരു ചായക്കട കാണപ്പെട്ടു.

‘നമുക്ക്‌ ചായ കുടിക്കാം. ഇവിടെ ചോദിക്കുകയും ചെയ്യാം’

അവർ കടയിൽ കയറി. ചായക്കടക്കാരനാണ്‌ കൂട്ടിനായി ചാമി എന്ന മാന്നാനെ പരിചയപ്പെടുത്തിയത്‌. ചാമി അവരെ നയിച്ചത്‌ തന്റെ താമസസ്ഥലത്ത് തന്നെയായിരുന്നു. നിരനിരയായി കെട്ടിയുണ്ടാക്കിയ ചെറിയ കുടിലുകൾ. എല്ലാവർക്കുമായി നീളത്തിൽ വീതി കുറഞ്ഞ മുറ്റം. മാന്നാന്മാരുടെ മക്കൾ അവിടെ കളിച്ചുകൊണ്ടിരിക്കുന്നു. എല്ലാവർക്കും ശൈശവം ഒന്നുപോലെ തന്നെ. ‘നിഷ്‌കളങ്കതയുടെ ഈ പ്രായം നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കിൽ ’ ബാബു അറിയാതെ പറഞ്ഞുപോയി. അവർ ചെല്ലുന്നതുകണ്ട്‌ പല മാന്നാൻമാരും അടുത്തുവന്നു. ചാമി സന്ദർശകരെ പരിചയപ്പെടുത്തി. ചന്നാർ ഭാഷ ശരിക്കു മനസിലാകുന്നില്ലെങ്കിലും ആശയം പിടികിട്ടുന്നുണ്ട്‌. ആഗമനോദ്ദേശം മനസിലായപ്പോൾ ആദിവാസികളുടെ വൈദ്യനും കൂടെ ചെല്ലാൻ തയ്യാറായി. ഇപ്പോൾ അത്‌ ഒരു അഞ്ചാൾ കൂട്ടമാണ്‌. അൽപം ധൈര്യക്കുറവുണ്ടായിരുന്ന ബാബുവിന്‌ ആളെണ്ണം കൂടിയപ്പോൾ ആവേശമായി.

കാട്ടിലൂടെ നടന്നുനടന്നെത്തിയത്‌ ഒരു പാറക്കെട്ടിൽ. അൽപനേരം വിശ്രമിച്ച്‌ നടപ്പു തുടരാമെന്നു തീരുമാനിച്ച അവർ അടുത്തുകണ്ട ഒരു പാറയിൽ ഇരിപ്പുറപ്പിച്ചു. അവിടെ അൽപം ചെമ്മണ്ണുള്ള ഭാഗത്തെ ഒരു കൊച്ചുമരം അവരുടെ ശ്രദ്ധയാകർഷിച്ചു. ആ മരത്തിൽ ചുവപ്പും പച്ചയും വെള്ളയുമായ ഏതാണ്ട്‌ നാലിഞ്ച്‌ വീതിയിലുള്ള തുണിക്കീറുകൾ കാറ്റിലാടുന്നുണ്ടായിരുന്നു.

”ഹായ്‌! ഇതെന്തു കഥ! വിജനമായ ഈ സ്ഥലത്ത്‌ എന്തേ തുണിക്കഷ്‌ണം തൂക്കിയിടാൻ. ഷാജിയുടെ അന്വേഷണത്തിന്‌ വൈദ്യനാണ്‌ മറുപടി പറഞ്ഞത്‌.

അതൊരു കഥയാണ്‌. “ചാന്നാർ കോളനി അന്നും ഇതുപോലൊക്കെ തന്നെയായിരുന്നു. ആണുങ്ങളെല്ലാം പലവിധ ജോലിക്കും ചെറുപ്പക്കാരിപ്പെണ്ണുങ്ങൾ വിറകൊടിക്കാനും പോയിരുന്ന ഒരു ദിവസം. കോളനിയിൽ പിന്നെയുണ്ടായിരുന്നത്‌ പ്രായാധിക്യമുള്ളവരും കുട്ടികളും മാത്രം. കുട്ടികൾ മുറ്റത്തു കളിക്കുകയായിരുന്നു. കാട്ടുമൃഗങ്ങുടെ ശല്യം അവിടെ അന്നുവരെ അനുഭവപ്പെട്ടിരുന്നില്ല. തീയും പുകയുമുള്ള ആ സ്ഥലത്ത്‌ കടുവകൾ വരുമെന്ന തോന്നലേയില്ലായിരുന്നു. പക്ഷെ, അന്ന്‌…എവിടെ നിന്നെന്നറിയില്ല…ഒരു കടുവ…കുട്ടികൾ കളിക്കുന്നിടത്തെത്തി കുട്ടികൾ പേടിച്ചോടി. ഒരു ചെറിയ കുട്ടിക്കുമാത്രം രക്ഷപ്പെടാനായില്ല. അവനെ കടുവ കൊണ്ടുപോയി. പണികഴിഞ്ഞെത്തിയവർ വിവരമറിഞ്ഞു വാവിട്ടു കരഞ്ഞു. ഒരുപാടന്വേഷിച്ചെങ്കിലും എല്ലാ ശ്രമവും വിഫലമായി. അപ്പോൾ അവർ ഒരു തീരുമാനമെടുത്തു. ഇനിയൊരിക്കലും കടുവകളുടെ ഉപദ്രവം ഉണ്ടാകരുത്‌. അതിന്‌ കാട്ടിലെ കടുവകളെയെല്ലാം കണ്ടെത്തി കൊല്ലണം. കോളനിയിലെ എല്ലാ ചെറുപ്പക്കാരും കടുവകളെ തിരഞ്ഞുപിടിക്കാൻ പുറപ്പെട്ടു. ആയുധങ്ങളുമായി വളരെദൂരം നടന്നന്വേഷിച്ചിട്ടും ഒരു കടുവയെപ്പോലും കണ്ടെത്താനായില്ല. ക്ഷീണം മാറ്റാൻ ഒരു പാറപ്പുറത്തു കയറി കിടന്ന ചെറുപ്പക്കാർ താമസിയാതെ ഉറങ്ങിപ്പോയി.

അശരീരിപോലെ ഒരു ശബ്ദം കേട്ടാണ്‌ അവർ ഉണർന്നത്‌. നോക്കുമ്പോൾ അടുത്തെങ്ങും ആരുമില്ല. വീണ്ടും കിടന്നുമയങ്ങി. അപ്പോൾ വീണ്ടും അതേ ശബ്ദം. അവർ കണ്ണു തുറന്നപ്പോൾ മുന്നിൽ കോണകം മാത്രം ഉടുത്ത്‌ ഒരു സന്യാസി നിൽക്കുന്നു.

”നിങ്ങൾ കടുവകളെ തിരയേണ്ട. കോളനിയിലേക്ക്‌ മടങ്ങിക്കോളൂ. മാന്നാർ രക്തത്തിൽ പിറന്ന ആരെയും ഇനി കടുവ പിടിക്കില്ല.‘ സന്യാസി പറഞ്ഞു നിർത്തി. തങ്ങളുടെ മനസിൽ എന്താണെന്നറിഞ്ഞ്‌ ഉപദേശിച്ച സന്യാസിയെ എല്ലാവർക്കും വിശ്വാസമായി. അവർ അദ്ദേഹത്തിന്റെ കാൽക്കൽ സാഷ്‌ഠാംഗം വീണു നമസ്‌ക്കരിച്ചു. അനുഗ്രഹം വാങ്ങി തിരിച്ചുനടന്നു. അൽപം നീങ്ങിയതേയുള്ളൂ. അവരിലൊരാൾ തിരിഞ്ഞുനോക്കി….അൽഭുതം…സന്യാസി അവിടെയെങ്ങുമുണ്ടായിരുന്നില്ല!

പിന്നീടൊരിക്കലും കടുവയുടെ ആക്രമണം ഉണ്ടായിട്ടില്ല. അക്കാലം മുതൽ ഞങ്ങളുടെ കാരണവൻമാർ കടുവപൂജ നടത്താൻ തുടങ്ങി. അപ്പോഴെല്ലാം സന്യാസിയുടെ കോണകം എന്ന്‌ സങ്കൽപ്പിച്ച്‌ ഇതുപോലുള്ള നാടകൾ മരത്തിൽ തൂക്കിയിടാറുണ്ട്‌. നമ്മൾ നിൽക്കുന്ന ഈ പാറ ഞങ്ങൾക്ക്‌ ’കോണകം തൂക്കിപ്പാറ‘യാണ്‌. വൈദ്യൻ പറഞ്ഞുനിർത്തി.

യാത്ര കഴിഞ്ഞു മടങ്ങിയ ചങ്ങാതികളുടെ മനസിൽ എന്നും കോണകം തൂക്കിപ്പാറയുണ്ടായിരുന്നു.

Generated from archived content: story3_feb17_07.html Author: ir_krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here