കാർമേഘങ്ങൾ കടലിനുമീതെ ആകാശത്തു തന്നെ കാത്തുനിന്നിരുന്നു. അനുജത്തിമാരായ മുകിൽക്കിടാങ്ങൾ കൂട്ടത്തിലേക്ക് എത്തിക്കൊണ്ടിരുന്നു. വരുന്നവരെയെല്ലാം ചേച്ചി മുകിലുകൾ കൂട്ടത്തിൽ ചേർത്ത് കളിക്കാൻ തുടങ്ങി. ഏതാണ്ട് ഒരു മണിക്കൂർ ചെന്നപ്പോഴേക്കും മുകിൽക്കിടാങ്ങളെക്കൊണ്ട് ആകാശമുഖം ഇരുണ്ടുതുടങ്ങി.
കടലമ്മയും മുകിൽമക്കളും വളരെ സന്തോഷിച്ചു. അപ്പോൾ പടിഞ്ഞാറേ ചക്രവാളത്തിൽ നിന്ന് ഒരു കാറ്റുവന്ന് മുകിലുകളെ കിഴക്കോട്ടു തള്ളാൻ തുടങ്ങി. അവിടെ നിൽക്കാൻ കഴിയാതെവന്നപ്പോൾ അവർ വിളിച്ചു പറഞ്ഞു.
“അമ്മേ, ഈ കുറുമ്പൻ കാറ്റ് ഞങ്ങളെ തള്ളിക്കൊണ്ടുപോകുന്നു. ഞങ്ങളെ വിട്ടുകൊടുക്കല്ലേ… ഞങ്ങൾക്ക് അമ്മയുടെ കൂടെത്തന്നെ നിൽക്കണം”.
പക്ഷേ കടലമ്മ സങ്കടപ്പെട്ടില്ല. “എന്നെന്നും അമ്മയുടെ കൂടെ കഴിയാൻ പാടില്ല മക്കളേ.. നിങ്ങൾക്കൊരു വലിയ ജോലി ചെയ്യാനുണ്ട്. അതിന് കാറ്റ് നിങ്ങളെ സഹായിക്കുകയാണ്. അവൻ നയിക്കുന്ന വഴിയേ പോവുക”.
പിരിയാൻ വിഷമത്തോടെ നിന്ന മുകിൽമക്കളോട് അമ്മ തുടർന്നു. “സങ്കടപ്പെടേണ്ട മക്കളേ അകലെ മലയോരത്ത് നിങ്ങളെ കാത്ത് കാടുകൾ നിൽക്കുന്നു. അവിടത്തെ വൃക്ഷങ്ങളുടെ ശീതളിമയിൽ നിങ്ങൾ തണുക്കും. നിങ്ങളിലെ ജലകണങ്ങൾ ഒന്നിച്ചു ചേർന്ന് വെള്ളത്തുള്ളികളാകും. ഭാരം കൂടും. ഭൂമിയിൽ പതിക്കും”.
“അപ്പോൾ ഞങ്ങൾക്ക് അമ്മയുടെ അടുത്തെത്താൻ ഒരിക്കലും കഴിയില്ലേ?” കൂട്ടത്തിൽ ഇളയവളായ ഒരു മുകിൽപ്പെൺകൊടിയുടെ സംശയം.
“ഉവ്വല്ലോ. അമ്മയുടെ അംശമാണ് നിങ്ങൾ. അങ്ങനെ തന്നെ തുടരുകയും ചെയ്യും.”
“അതെങ്ങനെയെന്നമ്മ പറഞ്ഞുതരുമോ?”
മക്കൾക്ക് അറിയാനുള്ള ആകാംക്ഷ കൂടുകയാണ്. “പറയാമല്ലോ. നിങ്ങൾ വെള്ളത്തുള്ളികളായി ഭൂമിയിൽ പതിക്കുമെന്നമ്മ പറഞ്ഞില്ലേ? അതാണു മഴ. മഴ കൂടുതൽ പെയ്യുമ്പോൾ നിങ്ങൾ ചാലുകളായി ഒഴുകാൻ തുടങ്ങും. നീർച്ചാലുകൾ നദിയിലേക്കെത്തും. നദിയിലൂടെ ഒഴുകി ഒഴുകി അമ്മയിലേക്കെത്തും. കുറച്ചുകാലം വേണമെന്നു മാത്രം.”
“അതുകൊണ്ട് ഈ വേർപാടിൽ മക്കൾക്ക് ദുഃഖം വേണ്ട. ജീവജാലങ്ങൾക്കു നിലനിൽക്കാൻ നിങ്ങളുടെ സഹായം വേണം. അതുകൊണ്ടൊട്ടും താമസിക്കേണ്ട. കൂടെ പൊയ്‌ക്കൊൾക”.
“ശരിയമ്മേ”. മക്കൾ പറഞ്ഞു. അവർ കാറ്റിനൊപ്പം യാത്രയായി.
Generated from archived content: story2_oct1_07.html Author: ir_krishnan