ഒരു ബഞ്ചിലിരുന്ന് പഠിച്ചവരല്ല ഞങ്ങൾ. ഒരു സ്‌കൂളിൽ ഒരേകാലത്തു പഠിച്ചവർ. ഞാൻ ചെത്തുകാരന്റെ മകൻ. അവൻ കള്ളുവഞ്ചിത്തൊഴിലാളിയുടെതും. പഠിക്കുന്നതിൽ പിന്നോക്കമായിരുന്നില്ലെങ്കിലും ‘എലുമ്പ’നായ എനിക്ക് പൊക്കം കുറഞ്ഞ് തടിയനായ അവനോട് അല്പം അസൂയകലർന്ന ഇഷ്ടമായിരുന്നു. അവനെപ്പോലെ കുള്ളനായെങ്കിൽ; തടിയനായെങ്കിൽ…. എന്റെ മോഹങ്ങൾ ചിറകുവിരിച്ചു -വിഫലമായി.
സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കുറേക്കാലത്തിനുശേഷമാണ് പിന്നീട് ഞങ്ങൾ കാണുന്നത്. അവൻ കുടുംബത്തിന് വരുമാനമുണ്ടാക്കുന്ന ഒരു തൊഴിലാളിയായി മാറിക്കഴിഞ്ഞിരുന്നു. ഇപ്പോൾ എന്റെ മോഹം അവനെപ്പോലെ വരുമാനക്കാരനാവണം എന്നതുതന്നെ. പഠിപ്പുകഴിഞ്ഞ് ഇത്തിക്കണ്ണിയാവാൻ വയ്യാ. വരുമാനമില്ലെങ്കിൽ പഠിപ്പിനെന്തു പ്രസക്തി? കൂട്ടുകാരൻ ഇന്ന് നല്ല ഒരു ചെത്തുതൊഴിലാളിയാണ്. യൂണിയൻ പ്രവർത്തകൻ കൂടിയായതുകൊണ്ട് നാട്ടിൽ സ്നേഹവും ബഹുമാനവും കിട്ടുന്നു. ഞങ്ങൾ തമ്മിൽ സംസാരിക്കുന്നതിനിടയ്‌ക്കു തന്നെ പലരും അവനെ തിരക്കിവന്നു. എനിക്ക് അവനോടുള്ള സ്നേഹം ബഹുമാനമായി മാറി.
പിന്നീട് എന്റെ കൂട്ടുകാരനെ ഞാൻ കാണുന്നത് വളരെ നാളുകൾക്കു ശേഷമാണ്. അതും ഒരു കള്ളുഷാപ്പിൽ വെച്ച് ആ ഷാപ്പിൽ ഒരു ‘പെട്ടിക്കാര’നായി കുറെക്കാലം ഇരിക്കേണ്ടിവന്നപ്പോഴാണ് ഈ സമാഗമമുണ്ടായത്. അതിനിടയ്‌ക്ക് അവന്റെ അച്ഛൻ മഹോദരം ബാധിച്ച് മരിച്ചിരുന്നു. വീട് നിയന്ത്രിക്കാൻ കാരണവരില്ലാതായപ്പോൾ ഒറ്റപ്പെട്ടുപോയ അവൻ പതറി. ‘എന്തിന് വീട്ടിലിരിക്കണം? അവിടെ പിടിച്ചുനിർത്തിയിരുന്ന ആൾ പോയി. നിങ്ങളൊക്കെ ഇവിടെയുണ്ടല്ലോ. ഇനി ഞാനും ഇവിടെത്തന്നെ“.
അവന്റെ ഇരിപ്പും കിടപ്പും ഷാപ്പിൽ തന്നെയായി. ’ഇത് കുഴപ്പമാകും. നീ ഈ രീതി മാറ്റണം‘. പലരും ഉപദേശിച്ചു.
’അത്ര കിഴക്കല്ല പടിഞ്ഞാറ്‘ അവന്റെ മറുപടി ഈ വാക്കുകളിലൊതുങ്ങി. ഏതു സന്ദർഭത്തിലും മറ്റൊരു അവസാനവാക്കു പറയാൻ അവനു കഴിഞ്ഞില്ല. ഉപദേശിച്ചവർ പിൻവാങ്ങി. പത്തുമണിക്കു മുമ്പ് ചെത്തി കള്ളെടുത്ത് അളന്നു കാശുവാങ്ങി, ഒന്നു കറങ്ങി തിരിച്ചെത്തുമ്പോഴേക്കും പതിനൊന്നു മണിയായിരിക്കും. പിന്നീട് അവിടെ നിന്നുപോകുന്നത് ഉച്ചക്കും രാത്രിയിലും ചെത്തുന്നതിനു വേണ്ടിമാത്രം. ഷാപ്പിൽ വരുന്നത് കുടിക്കാനാണ്. കുടി ശീലമാക്കിയവരാണ്. ഓരോരുത്തർ വരുമ്പോഴും എന്റെ കൂട്ടുകാരന് സൽക്കാരം. അല്ലെങ്കിൽ അവന്റെ സൽക്കാരം. സ്നേഹിച്ചും സ്നേഹം പങ്കുവെച്ചുമുള്ള ജീവിതം! താമസിയാതെ ചെറുതല്ലാത്ത ഒരുതുകയുടെ കടക്കാനായി അവൻ മാറി.
ഒരു ദിവസം ഞാൻ പറഞ്ഞു. ”നിനക്കിനി കടം തരില്ല“.
”ഹ…ഹ…ഹ…ഹ.. അത്ര കിഴക്കല്ല പടിഞ്ഞാറ് മാഷേ“
’പെട്ടിക്കാരൻ‘ എന്ന സ്ഥാനം ഉപേക്ഷിച്ച് കൂട്ടുകാർക്കൊപ്പം ഒരു ട്യൂട്ടോറിയൽ കോളേജദ്ധ്യാപകനായി. ഞാൻ പിന്നീട് ജോലിക്കാരനായപ്പോൾ പഴയ ’എലിമ്പ‘നുമല്ലാതായി ഞാൻ. നാട്ടിൽവച്ച് ഒരു വൈകുന്നേരം ഞാൻ അവനെ വീണ്ടും കണ്ടുമുട്ടി.
”നീ വല്ലാതെ തടിച്ചല്ലോ മാഷേ? ഇതെങ്ങനെ സാധിച്ചു?’
“അത്ര കിഴക്കല്ല പടിഞ്ഞാറ്!” ഒരു തമാശ പറഞ്ഞ സുഖത്തോടെ ഞാൻ പൊട്ടിച്ചിരിച്ചു.
അവൻ ചിരിച്ചില്ല. ഞാൻ സൂക്ഷിച്ചുനോക്കി. കണ്ണുനിറഞ്ഞിരിക്കുന്നു വിളറിയ മുഖം. എല്ലുന്തിയ നെഞ്ചിൻകൂട്.
“എനിക്ക് അഞ്ചുരൂപ തരാമോ?” വാചകം പൂർത്തിയാക്കുന്നതിനു മുമ്പ് പല പ്രാവശ്യം ചുമക്കേണ്ടിവന്ന അവന്റെ മുൻപിൽ എന്റെ തമാശ ക്രൂരമായിപ്പോയോ? എന്തോ… ഓർക്കുമ്പോൾ ഇന്നും എന്നെ ന്യായീകരിക്കാൻ കഴിയുന്നില്ല.
Generated from archived content: story2_nov20_07.html Author: ir_krishnan