തിരകൾക്കെതിരെ

ശങ്കരൻ ഒരു ട്യൂഷൻമാസ്‌റ്ററായിരുന്നു. എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിൽ. കുറച്ചു കാലത്തിനു ശേഷം കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപ്രദേശത്ത്‌ സർക്കാർ സ്‌കൂളിൽ ജോലി കിട്ടി. താമസിയാതെ അദ്ദേഹം അന്നാട്ടുകാരനായി. എങ്കിലും അവധിക്കാലത്ത്‌ തന്റെ തറവാട്ടുവീട്ടിൽ വരുമായിരുന്നു. വീട്ടിലെത്തിയാൽ കൂട്ടുകാരെ കാണാനിറങ്ങുകയായി. പഠിക്കുന്ന കാലം മുതലേ ജനകീയനായിരുന്ന മാസ്‌റ്റർക്ക്‌ കൂട്ടുകാർ ധാരാളമുണ്ടായിരുന്നു.

അന്നൊരു ദിവസം മാസ്‌റ്റർ നടക്കാനിറങ്ങിയത്‌ പ്രിയസ്നേഹിതൻ ജോസഫിന്റെ വീട്ടിലേക്കായിരുന്നു. വാർത്തകളും വിശേഷങ്ങളും കൈമാറി വളരെസമയം നീങ്ങി. വൈകുന്നേരം ചായകുടി കൂടി കഴിഞ്ഞാണ്‌ രണ്ടുപേരും കടപ്പുറത്തേക്ക്‌ നടന്നത്‌. മറ്റു സുഹൃത്തുക്കളുമെത്തിയപ്പോൾ അതൊരു കൂട്ടായ്മയായി. ആശയങ്ങളറിയുകയും പറയുകയും ചെയ്ത്‌ പിരിയുമ്പോഴേക്കും അവരുടെ സൗഹൃദത്തിന്‌ ശക്തികൂടിയിരുന്നു.

‘എല്ലാവരും കണ്ണൂർ ഭാഗത്തേയ്‌ക്ക്‌ വരണം. ജനുവരി ഒന്നാം തീയതിക്കുശേഷം സ്‌കൂൾ തുറന്നിട്ടുമതി’. ശങ്കരൻ മാസ്‌റ്റർ സ്നേഹിതരെ ക്ഷണിക്കുകയും അവിടത്തെ മേൽവിലാസം നൽകുകയും ചെയ്തു.

എല്ലാവരും ക്ഷണം സ്വീകരിച്ചു. ജോസഫും കരുണനും ഹമീദും താമസിയാതെ കണ്ണൂർക്ക്‌ പുറപ്പെട്ടു. അവിടെ കടൽത്തീരത്തെ ഗ്രാമത്തിൽ ഒരു വാടകവീട്ടിലാണ്‌ മാസ്‌റ്റർ താമസിച്ചിരുന്നത്‌. പിറ്റേന്ന്‌ ശനിയാഴ്‌ചയായിരുന്നു. കൂട്ടുകാരെ നാടുകാണിക്കാൻ ശങ്കരൻമാസ്‌റ്റർ തയ്യാറെടുത്തു.

‘എവിടേക്കു പോണം?’ മാസ്‌റ്റർ ചോദിച്ചു.

‘നഗരത്തിലേക്കോ അതോ ഗ്രാമം തന്നെ നടന്നു കണ്ടാൽ മതിയോ?’

‘നാട്യപ്രധാനം നഗരം ദരിദ്രം

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നല്ലേ പറയുന്നത്‌. നമുക്ക്‌ ഗ്രാമം കാണാം’. കരുണൻ നിർദ്ദേശിച്ചു.

‘അതെ അതുമതി’ എല്ലാവർക്കും ഒരേ അഭിപ്രായമായിരുന്നു.

‘എന്നാൽ കടപ്പുറത്തെ കാടു കാണാം’. ശങ്കരൻമാസ്‌റ്റർ പറഞ്ഞു.

‘കടപ്പുറത്തു കാടോ?’ ഹമീദ്‌ അത്ഭുതത്തോടെ ചോദിച്ചു. അവരുടെ കടപ്പുറം പുല്ലുപിടിച്ചതും കടലിന്റെ സമീപത്ത്‌ വെളുത്തമണൽ നിറഞ്ഞതുമായിരുന്നു.

‘നമ്മുടെ കടപ്പുറം പോലല്ല ഹമീദേ ഇവിടെ കടലിലേക്കു വരെ തള്ളി നിൽക്കുന്ന കാടുണ്ട്‌’.

അവർ പുറപ്പെട്ടു. രാവിലെ ഒൻപതുമണി കഴിഞ്ഞതേയുള്ളൂ. വെയിലിന്‌ ചൂടേറിയിട്ടില്ല. കാടുള്ള ഭാഗത്തേയ്‌ക്ക്‌ അവർ നടന്നടുത്തു.

ആകാശത്ത്‌ ഉയർന്ന്‌ പറന്ന്‌ ഇരകൾക്കു വേണ്ടി നിരീക്ഷണം നടത്തുന്ന പരുന്ത്‌, കൂട്ടത്തോടെ പറന്നുയർന്ന്‌ താമസിയാതെ മരക്കൂട്ടത്തിലേക്കു തന്നെ മടങ്ങുന്ന കടൽകാക്കകൾ. അടുത്തുചെല്ലുന്തോറും പലതരം പക്ഷികളുടെ ശബ്ദവും കേൾക്കായി.

‘ഹായ്‌! കൊല്ലങ്ങൾക്കു മുമ്പ്‌ തേക്കടിയിൽ പോയതുപോലെ. എത്രയെത്ര പക്ഷികളാണിവിടെയുള്ളത്‌’. ഹമീദ്‌ പറഞ്ഞു.

‘അത്‌ മഴക്കാട്‌ ഇത്‌ കണ്ടൽക്കാട്‌’ ശങ്കരൻമാസ്‌റ്റർ വിശദീകരിച്ചു. അവിടെയുമിവിടെയും പക്ഷികൾക്ക്‌ വ്യത്യാസമില്ല. നമ്മൾ കണ്ടതു കൂടാതെ നീർക്കാക്ക, മീൻകൊത്തി, പൊന്മാൻ, കാട, കാട്ടുകോഴി, പുള്ള്‌ മുതലായ പക്ഷിസമൃദ്ധമാണിവിടം. എന്നാൽ –

‘എന്നാൽ…?’

‘വൃക്ഷങ്ങൾക്കു വ്യത്യാസമുണ്ട്‌. മഴക്കാടുകളിൽ ഈട്ടി, ഇരുൾ, ചന്ദനം, തേക്ക്‌ മുതലായവ വളരുമ്പോൾ ഇവിടെയുള്ളത്‌ പലതരം കണ്ടൽമരങ്ങളാണ്‌’.

‘മാസ്‌റ്റർ ഇവിടെ പലപ്പോഴും വരാറുണ്ടല്ലേ?’ മരങ്ങളുടെ പേരും അറിയാമായിരിക്കും ഇല്ലേ?‘

’ദാ കാണുന്നത്‌ ഭ്രാന്തൻകണ്ടൽ, ഇത്‌ ചക്കരക്കണ്ടൽ, ഇത്‌ നക്ഷത്രക്കണ്ടൽ…‘ മാസ്‌റ്റർ ഓരോന്നും ചൂണ്ടി പേരുപറഞ്ഞുകൊണ്ടിരുന്നു. വ്യത്യാസം വിശദീകരിക്കുകയും ചെയ്തു.

’നോക്കൂ ഹമീദേ, ആൽമരംപോലെ പന്തലിച്ച ഈ മരം ഏതു ചതുപ്പിലും ഉപ്പുപ്രദേശത്തും വളരും. തടിയും കൊള്ളാം വിവിധതരം പണികൾക്ക്‌. എന്നാൽ ഏറ്റവും പ്രധാന ഉപയോഗം മറ്റൊന്നാണ്‌‘.

’അതെന്താണ്‌?‘ ജോസഫിന്റെ ചോദ്യം.

’വളരെ വിസ്തൃതിയിൽ ആഴ്‌ന്നിറങ്ങുന്ന വേരുകളാണിതിന്റേത്‌. കടൽത്തിരകളെ തടുത്ത്‌ തലയുയർത്തി നിൽക്കുന്ന ഈ മരങ്ങൾ കടലാക്രമണത്തെ കരിങ്കൽഭിത്തിയേക്കാൾ നന്നായി നേരിടും. ബംഗ്ലാദേശിൽ അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റിനെതിരെ ഈ മരം ഒരു രക്ഷാകവചമാണത്രെ‘.

മാസ്‌റ്ററുടെ വിശദീകരണം കേട്ട്‌ കരുണനും ഹമീദും ആശ്ചര്യത്തോടെ മരങ്ങളിൽ നിന്നും കണ്ണെടുക്കാതെ നിലക്കുകയാണ്‌. അപ്പോൾ ജോസഫ്‌ പറഞ്ഞു. ’അതാ ചില മീൻപിടുത്തക്കാർ. നമുക്കങ്ങോട്ടൊന്നു പോയാലോ?‘

അവർ മീൻവഞ്ചിക്കടുത്തെത്തി.

’അല്ലാ, ശങ്കരൻസാർ ഈ നേരത്തിവിടെ? മീൻ വേണ്ടേ സാർ?, നെയ്‌മിൻ, ചൂരമീൻ, ചെമ്മീൻ, ഏട്ട ഏതു വേണമെങ്കിലുമുണ്ട്‌.‘

’മീൻ വേണം, വൈകിട്ട്‌ വീട്ടിൽ എത്തിച്ചാൽ മതി‘. മാസ്‌റ്റർ പറഞ്ഞു.

’ശരി സാർ, കൊടുത്തോളാം. ഇവർ നാട്ടിൽ നിന്നു വന്നവരായിരിക്കും അല്ലേ സാർ?‘

’അതെ ഞാൻ ഇവരെ കണ്ടൽക്കാട്‌ കാണിക്കാൻ കൊണ്ടുവന്നതാണ്‌‘.

അപ്പോൾ ഹമീദ്‌ ചോദിച്ചു ’ഇവിടെ ധാരാളം മീനുണ്ടാകുമോ?‘

’മരത്തിന്റെ ഇലയും പൂവും കായുമൊക്കെ വീണഴുകുന്നതല്ലേ സാർ, മീനുകൾക്ക്‌ ഇഷ്ടംപോലെ തീറ്റകിട്ടും. പോരാഞ്ഞിട്ട്‌ തണലും. വേരുകൾക്കിടയിൽ മുട്ടയിടാനും മീൻകുഞ്ഞുങ്ങൾക്ക്‌ വളരാനും കഴിയും.‘ ഒരു മീൻപിടുത്തക്കാരൻ വിശദീകരിച്ചു.

’പക്ഷെ, എപ്പോ വേണമെങ്കിലും അപകടമുണ്ടാകാം സാറേ‘ മറ്റൊരാൾ പറഞ്ഞു.

’മുതലയും ചീങ്കണ്ണിയും പെരുമ്പാമ്പും കാണും സാറേ, ഇവിടെ വന്നാൽ മടങ്ങിപ്പോകും വരെ പേടിയാണ്‌‘.

’അങ്ങനെ വല്ല അപകടവും‘ ശങ്കരൻമാസ്‌റ്ററുടെ ചോദ്യം.

’ഇല്ല സാർ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടന്നല്ലേ? ഞങ്ങൾ സൂക്ഷിക്കുന്നവരാണ്‌‘.

’മാസ്‌റ്റർ വാച്ചിലേയ്‌ക്ക്‌ നോക്ക്‌ മണി ഒന്നര കഴിഞ്ഞില്ലേ? ഇനിയും ഒരുപാട്‌ അറിയാനുണ്ട്‌. ഭക്ഷണം കഴിച്ചുവന്നാലോ?‘ ഹമീദ്‌ പറഞ്ഞു.

’അതു ശരിയാണ്‌ നമുക്ക്‌ പോയിവരാം‘. അവർ തിരിച്ചുനടക്കാൻ തുടങ്ങി. വഴിയിൽ വീണുകിടക്കുന്ന ചില കായ്‌കൾ ശങ്കരൻമാസ്‌റ്റർ പെറുക്കിക്കൊണ്ടിരുന്നു.

’എന്തായിതു മാസ്‌റ്ററേ?‘

കരുണന്റെ അന്വേഷണത്തിനു മറുപടിയായി മാസ്‌റ്റർ പറഞ്ഞു.

’ഒരിനം കണ്ടൽമരത്തിന്റെ കായ്‌ക്കളാണ്‌. പഴുപ്പിച്ചു തിന്നാം‘.

’അതേ! എന്നിട്ടാണോ ഈ മരങ്ങൾ നമ്മുടെ നാട്ടിലൊന്നും വളർത്താത്തത്‌?‘

’അതോർത്ത്‌ എനിക്കും വല്ലായ്മ തോന്നിയിരുന്നു കരുണാ. കൊല്ലങ്ങൾക്കു മുമ്പ്‌ കേരളത്തിൽ എഴുന്നൂറോളം ച. കി. മീ കണ്ടൽക്കാടുകളുണ്ടായിരുന്നത്രേ. നമ്മുടെ ശ്രദ്ധയില്ലായ്മകൊണ്ട്‌ അത്‌ പതിനേഴ്‌ ച.കീ.മീ ആയി ചുരുങ്ങിപ്പോയിരുന്നു. ഇപ്പോൾ പരിസ്ഥിതി പ്രവർത്തകരും സർക്കാരും മുൻകൈയ്യെടുത്തതുമൂലം കണ്ടൽവിസ്തൃതി കൂടുന്നുണ്ട്‌.‘

’നമ്മുടെ നാട്ടിൽ നമുക്കും കണ്ടൽ പിടിപ്പിച്ചാലോ. നമ്മൾ തുടങ്ങിവെച്ചാൽ മറ്റു പലരും തുടരാൻ കാണും‘. ഹമീദിന്റെ അഭിപ്രായത്തോട്‌ എല്ലാവരും യോജിച്ചു.

’ഇനി പോകുമ്പോൾ ഒരു സഞ്ചികൂടെ കരുതാം. കായ്‌കൾ ശേഖരിക്കാൻ‘ മാസ്‌റ്റർ പറഞ്ഞു തീർന്നപ്പോഴേക്കും അവർ താമസസ്ഥലത്തെത്തിയിരുന്നു.

Generated from archived content: story2_may26_07.html Author: ir_krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here