ലോകത്തിന്റെ പല ഭാഗങ്ങളിലും ആരാധിക്കപ്പെടുന്ന പക്ഷിയാണ് വേഴാമ്പൽ. കാട്ടിലെ സ്വർഗ്ഗവാതിൽപക്ഷിയാണിതെന്ന് കേരളീയർക്കിടയിൽ ഒരു വിശ്വാസമുണ്ട്. മഴ പെയ്യുമ്പോൾ മാത്രമേ വേഴാമ്പലിന് വെള്ളം കുടിക്കാനാവൂ എന്നു വിശ്വസിക്കുന്നവരുമുണ്ട്. ഭക്ഷണത്തിലെ ജലാംശം ഉപയോഗപ്പെടുത്തി ജീവിക്കാൻ കഴിവുള്ള പക്ഷിയാണിത്. അക്കാരണത്താൽ തന്നെ ഇത് വിരളമായേ വെള്ളം കുടിക്കാറുള്ളൂ എന്നത് സത്യം.
മഴ-വേഴാമ്പൽ ബന്ധത്തിനു പിന്നിൽ ആദിവാസികൾക്കിടയിൽ പ്രചാരമുള്ള ഒരു കഥയുണ്ട്. അതിങ്ങനെ –
പണ്ടു പണ്ടൊരു ഗ്രാമത്തിൽ ചാത്തൻ എന്ന ഒരു കർഷകൻ ജീവിച്ചിരുന്നു. കൃഷിയോടൊപ്പം പശു വളർത്തി ലാഭമുണ്ടാക്കാനും അയാൾക്കു കഴിഞ്ഞിരുന്നു.
ജനവാസം ഏറെയില്ലാത്ത ഗ്രാമം. എങ്ങും പുല്ലു നിറഞ്ഞത്. പശുക്കളെ മേയാൻ വിട്ടാൽ അവ വേണ്ടത്ര പുല്ലു തിന്ന് വന്നുകൊള്ളും. കുറച്ച് തവിടും വെള്ളവും മാത്രം കൊടുത്താൽ മതി.
നല്ലിനം പശുക്കൾ, ധാരാളം പാൽ, സാവധാനം ചാത്തൻ പണക്കാരനായി. ആഗ്രഹത്തിനതിരില്ലല്ലോ. കൂടുതൽ ലാഭം മോഹിച്ച് അയാൾ ധാന്യവും വൈക്കോലും കച്ചവടം തുടങ്ങി.
ഇപ്പോൾ, ചാത്തൻ മുതലാളിയാണയാൾ. ആരെങ്കിലും അങ്ങനെ വിളിക്കുമ്പോൾ അയാളുടെ മനസ്സ് ആനന്ദത്തിലാറാടും.
പക്ഷേ, ന്യായമായ കൂലികൊടുക്കുന്ന കാര്യത്തിൽ അയാൾ പിശുക്കനായിരുന്നു. വിശന്നു വരുന്നവർക്ക് എന്തെങ്കിലും കൊടുക്കാൻ അയാൾ തയ്യാറായിരുന്നില്ല.
വളരെക്കാലം പ്രശ്നങ്ങളില്ലാതെ കടന്നുപോയി. ഒരു വേനലിൽ ഇടക്കു കിട്ടാറുള്ള മഴ കിട്ടിയില്ല. ചൂടിന്റെ ആധിക്യത്തിൽ വയലുകൾ വിണ്ടുകീറി. കളങ്ങൾ വറ്റി. പുല്ലുകളെല്ലാം ഉണങ്ങി. കുടിക്കാനുള്ള വെള്ളം കിണറുകളിൽ മാത്രം.
‘സാരമില്ല. വർഷക്കാലമാവുകയല്ലേ. മഴ വരും’.
ഗ്രാമവാസികൾ ആശ്വസിച്ചു. കൊടുത്തും വാങ്ങിയും അവർ കഷ്ടപ്പാടുകളെ നേരിട്ടു.
ചാത്തന്റെ മനസ്സ് ആരോടും സഹകരിക്കാനിഷ്ടപ്പെട്ടില്ല. ധാന്യങ്ങളും വൈക്കോലും അയാൾ കൂടിയ വിലയ്‌ക്ക് വിറ്റുകൊണ്ടിരുന്നു.
‘കാറ്റുള്ളപ്പോൾ പാറ്റണം’ ചാത്തന്റെ ന്യായവാദം അതായിരുന്നു. വരൾച്ച രൂക്ഷമായപ്പോൾ ഗ്രാമവാസികൾ അവരുടെ തൊടികൾ വേലികെട്ടി സംരക്ഷിച്ചു. ചാത്തന്റെ പശുക്കൾ തൊടിയിൽ കടന്നാൽ തങ്ങളുടെ പശുക്കൾ പട്ടിണിയിലാവും. അപ്പോൾ ചാത്തന്റെ പശുക്കൾക്ക് വേണ്ടത്ര തീറ്റ കിട്ടാതായി. കുളങ്ങൾ വറ്റിപ്പോയതുകൊണ്ട് കുടിക്കാൻ വെള്ളവുമില്ലാതായി.
വിശപ്പും ദാഹവും മൂലം അവ ക്ഷീണിച്ചുകൊണ്ടിരുന്നു. കറന്നു പാലെടുക്കാനല്ലാതെ മറ്റൊന്നും ചാത്തൻ ശ്രദ്ധിച്ചില്ല. അയാൾ വൈക്കോൽ വിൽക്കുമ്പോൾ അവ കൊതിയോടെ നോക്കിനിന്നു. കിണറ്റിലേക്ക് നോക്കി കരഞ്ഞ് ദാഹമറിയിച്ചു. ചാത്തൻ അതൊന്നും കണ്ടതായി ഭാവിച്ചില്ല.
വിശന്നുവലഞ്ഞ പശുക്കൾ അന്യോന്യം ദുഃഖം പങ്കുവച്ചു. ‘വസിഷ്‌ഠ മഹർഷിയുടെ കാമധേനുവിന്റെ കുലമാണ് നമ്മുടേത്; കാമധേനുവിനെപ്പോലെ തന്നെ ചാത്തൻ പശുക്കളെ കറന്ന് ധാരാളം പാലെടുക്കുന്നു.’
‘അതെ, വിശന്നിട്ടുവയ്യെന്നതോ പോകട്ടെ ദാഹവും സഹിക്കാനാവുന്നില്ല.’
‘ഇങ്ങനെപോയാൽ നമ്മളെല്ലാവരും ചത്തതുതന്നെ.’
അവസാനം മറ്റു മാർഗമില്ലാതെ അവ തീരുമാനിച്ചു ‘പാൽ ചുരത്തൽ കുറയ്‌ക്കാം’
പാൽ കുറഞ്ഞപ്പോൾ ചാത്തനു ദേഷ്യമായി. അയാൾ കൊടുക്കുന്ന തവിടും വെള്ളവും കുറച്ചു. എല്ലും തോലുമായി മാറിയ പശുക്കൾക്ക് ചുരത്താൻ പാലില്ലാതായി. ദേഷ്യത്തോട അവയെ അടിച്ചോടിച്ചു.
പാവം പശുക്കൾ! ഒരു തണലിൽപോയി കിടന്ന് അവ ഇങ്ങനെ പ്രാർത്ഥിച്ചു. ‘ദൈവമേ എന്നും ചാത്തന് ധാരാളം പാൽ കൊടുത്തവരാണ് ഞങ്ങൾ. വെള്ളംപോലും എങ്ങും കിട്ടാത്ത ഇക്കാലത്ത് ഞങ്ങളെ പട്ടിണിക്കിടുകയാണയാൾ.’ ഞങ്ങളുടെ ദാഹത്തിന്റെ തീക്ഷ്ണത അയാളെ അറിയിക്കേണമേ…! പശുക്കളുടെ പ്രാർഥനാഫലം ഒരു ശാപമായി ചാത്തനെ ബാധിച്ചു. അയാൾ ഒരു വേഴാമ്പലായി മാറി. ദാഹജലത്തിനു വേണ്ടി മഴയും പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടരുന്നു.
Generated from archived content: story2_jun19_07.html Author: ir_krishnan
Click this button or press Ctrl+G to toggle between Malayalam and English