ഒരു പൊട്ടക്കുളത്തിന്റെ കരയിൽ നിന്നാണ് അതിനെ കിട്ടിയത്. മുറിവുപറ്റി അവശയായി കിടന്നിരുന്ന തത്തക്കുഞ്ഞിനെ സാബു വീട്ടിൽ കൊണ്ടുവന്നു. മരുന്നു പുരട്ടി ശുശ്രൂഷിച്ചു. ഒരു കടലാസുപെട്ടിക്ക് ദ്വാരങ്ങളിട്ട് തൽക്കാലം പാർക്കാൻ കൂടുണ്ടാക്കി. തന്റെ മുറിക്കരികിൽ തന്നെ കൂടു ഞാത്തിയിട്ടു.
മുറിവുണങ്ങി. സാബു കൊടുക്കുന്ന പഴവും അരിമണികളും തിന്ന് അവൾ വളർന്നു. താമസിയാതെ ഒരു നല്ല കൂടു വാങ്ങി തത്തമ്മയെ പാർപ്പിച്ചു.
ഒരു ദിവസം സാബുവിനെ അനുകരിച്ച് അവൾ വിളിച്ചു.
‘ഹലോ!’
തത്തമ്മയ്‌ക്ക് സാബുവിനെ വളരെ ഇഷ്‌ടമായിരുന്നു. സാബുവിന് തത്തമ്മയേയും. ധാരാളം വാക്കുകൾ പഠിപ്പിച്ചെങ്കിലും സാബുവിന് എപ്പോഴും ഒരു സംശയം ബാക്കിനിന്നു.
ആകാശത്ത് ഇഷ്‌ടംപോലെ പറന്നു നടക്കേണ്ട തത്തമ്മയെ താൻ കൂട്ടിലാക്കുന്നത് ശരിയോ?
‘ബന്ധൂരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ’ എന്ന കവിവാക്യം അവനു വെളിച്ചമായിരുന്നു. അവൻ തത്തമ്മയെ ആകാശത്തേക്ക് പറത്തിവിട്ടു.
തത്തമ്മ പറന്ന് പറന്ന് വനത്തിലെത്തി. പുതിയ ധാരാളം കൂട്ടുകാർ. അവൾക്ക് സന്തോഷമായി. ഒരു ദിവസം അവരുടെ കൂട്ടത്തിലേക്ക് പുതിയ ഒരു കൂട്ടുകാരിയെത്തി. ആദ്യമായി കണ്ടതും ‘ഹല്ലോ’ എന്ന് തത്തമ്മ അറിയാതെ പറഞ്ഞുപോയി.
അതോടെ മറ്റു കൂട്ടുകാർ സംശയിക്കാൻ തുടങ്ങി.
ഇവൾ മനുഷ്യർക്ക് വേണ്ടി നമ്മളെ ചതിക്കും. ‘എത്രയും വേഗം കൊത്തിയോടിക്കണം’ ഒരു കൂട്ടുകാരൻ പറഞ്ഞു. ‘അതേ, അതാണ് ശരി’ അധികം പേരും ആ അഭിപ്രായത്തോടു യോജിച്ചു.
ഒരു തത്ത മാത്രം ആ തീരുമാനത്തെ എതിർത്തു.
‘മനുഷ്യരെപ്പോലെ സംസാരിക്കുന്ന ഇവൾ അവരുടെ രഹസ്യം നമുക്കു നൽകും. ആപത്തിൽ അത് രക്ഷയാകും.’
അവന്റെ വാക്കുകൾ മറ്റു തത്തകൾ വിശ്വസിച്ചില്ല. എല്ലാവരും ചേർന്ന് രണ്ടുപേരെയും കൊത്തിയോടിച്ചു.
പാവം പക്ഷികൾ. അവ പറന്നുപറന്ന് ഗ്രാമത്തിലെത്തി.
‘ഇനിയെന്തു ചെയ്യും?’ വനത്തിലെ തത്ത പേടിയോടെ ചോദിച്ചു? ‘സാരമില്ല. ഇത് സാബുച്ചേട്ടന്റെ നാടാണ്. ചേട്ടനിപ്പോൾ സ്‌കൂളിൽ നിന്നെത്തും. നമുക്കു കാത്തിരിക്കാം.’
കുറേനേരം കഴിഞ്ഞു. അകലേയ്‌ക്കു നോക്കി തത്തമ്മ പറഞ്ഞു.
‘അതാ സാബുച്ചേട്ടൻ വരുന്നു. ഇനി പേടിക്കാനില്ല.’
സാബു ഒരു വരമ്പിലൂടെ നടന്ന് വീട്ടുമുറ്റത്തെത്തിയപ്പോൾ രണ്ടു തത്തകളും ഒരു ചെടിക്കൊമ്പിൽ പറന്നിരുന്നു. തത്തമ്മ വിളിച്ചു.
‘ഹല്ലോ! സാബുച്ചേട്ടാ, ഞങ്ങൾ ഇവിടെയുണ്ട്.’
കൂട്ടുകാരിയുടെ ശബ്‌ദം കേട്ട് സാബു തിരിഞ്ഞുനോക്കി.
‘അല്ല, എന്താ ഇങ്ങനെ? എന്തേ പോന്നു നിങ്ങൾ?’
‘കാട്ടിലെ കൂട്ടുകാർ ഞങ്ങളെ വിശ്വസിക്കുന്നില്ല. സാബുച്ചേട്ടന്റെ കൂടെ ഞങ്ങൾ കഴിഞ്ഞോളാം.’
തത്തമ്മ പോയതോടെ കളിക്കാൻ കൂട്ടില്ലാതിരുന്ന സാബുവിന് ഇപ്പോൾ രണ്ടു കൂട്ടുകാരെ കിട്ടി. സന്തോഷത്തോടെ അവൻ തത്തകളെ തലോടി.
Generated from archived content: story2_july7_06.html Author: ir_krishnan