ചിങ്ങമാസത്തിലെ ഒരു പ്രഭാതം. കാശ്‌മീർ താഴ്‌വരയിലെ ഒരു തടാകതീരത്തു നിന്ന് കുരുത്തോല വാലൻകിളിയുടെ കുടുംബം പുറപ്പെട്ടു. അച്ഛനും അമ്മയും മക്കളുമടങ്ങുന്നതാണ് കുടുംബം. അവർ തെക്കേ ദിക്കിലേക്ക് പറക്കുകയാണ്.
ഹായ്! മഞ്ഞുമൂടിയ മലകൾ മാത്രമല്ല കാടും കാട്ടാറും പുൽമൈതാനങ്ങളും! ആകാശത്തുനിന്ന് ഭൂമിയിലേക്കു നോക്കി. മകൻ കിളി പറഞ്ഞു; ‘എത്ര സുന്ദരമാണച്ഛാ നമ്മുടെ ഈ കാശ്‌മീർ. എന്തിനാണിവിടം വിട്ടുപോകുന്നത്? ഞാനിവിടെ കൂട്ടുകാരുമൊത്ത് കഴിഞ്ഞോളാം. നിങ്ങളെല്ലാവരും പോയി വന്നോളൂ’.
മോന്റെ അഭിപ്രായം അമ്മക്കിളിക്ക് ഇഷ്ടപ്പെട്ടില്ല. ‘കൂടുതൽ അഭിപ്രായമൊന്നും വേണ്ട. അച്ഛൻ പറഞ്ഞത് അനുസരിച്ചാൽ മതി.’
എന്നാൽ അച്ഛൻ കിളി അമ്മക്കിളിയോട് യോജിച്ചില്ല. ‘അവന്റെ അഭിപ്രായം അവൻ പറയട്ടെ’ അറിയാത്തത് പറഞ്ഞകൊടുക്കേണ്ടവരാണ് നമ്മൾ.‘
പറക്കുന്നതിനിടയിൽ അച്ഛൻകിളി മകന്റെ നേരെ തിരിഞ്ഞുകൊണ്ടു തുടർന്നു ’ ഇനി വരാൻ പോകുന്നത് മഞ്ഞുകാലമാണ്. ഇവിടെ കൊടും തണുപ്പായിരിക്കും. അതിന്റെ തീവ്രതയെ തടുക്കാൻ നമുക്കാവില്ല. പട്ടിണിയായിപ്പോകും‘.
’അപ്പോൾ മറ്റുളളവരെങ്ങനെ കഴിയും?‘
’മറ്റുളളവരിൽ പലരും പോയിക്കഴിഞ്ഞു. ബാക്കിയുളളവരും താമസിയാതെ പോകും. ഒരു മാസം കൂടി കഴിഞ്ഞാൽ നമ്മേപ്പോലുളള പക്ഷികളുടെ ഒരു കുടുംബംപോലും ഇവിടെ ഉണ്ടാകില്ല“.
‘നാം എവിടേക്കാണച്ഛാ പോകുന്നത്? ചോദിച്ചത് കിളിമകളാണ്’
‘കഴിഞ്ഞകൊല്ലം നമ്മൾ പോയ കേരളത്തിലേക്കു തന്നെ പോയാൽ മതി. എത്ര മനോഹരമാണവിടം…..പലതരം മൃഗങ്ങളും പക്ഷികളും മനുഷ്യരും. ചില പട്ടണങ്ങളിൽ കാശ്‌മീരികൾ തന്നെയുണ്ട്. ’അമ്മക്കിളിയുടെ വിശദീകരണം നീണ്ടുപോയി‘.
അച്ഛൻ കിളി ഇടപെട്ടു. ’നമ്മൾ കേരളത്തിലേയ്‌ക്ക് തന്നെയാണ് പോകുന്നത്. ഇപ്പോൾ ഉച്ചയോടടുത്തല്ലോ. ദാ കാണുന്നു ഗംഗാനദി. അതിന്റെ തീരത്തെ ഏതെങ്കിലും മരത്തിൽ വിശ്രമിക്കാം. ഒരമ്പലമുണ്ടവിടെ. വിശപ്പു തീർക്കാൻ ആ പരിസരത്ത് എന്തെങ്കിലും കാണാതിരിക്കില്ല.‘
ഭക്ഷണശേഷം ഉച്ചകഴിഞ്ഞാണ് അവർ പുറപ്പെട്ടത്. ദിവസങ്ങൾ രാവും പകലുമായി നീങ്ങിക്കൊണ്ടിരുന്നു. ഒരു ദിവസം കിളിമകൾ ചോദിച്ചു ’ദാ അവിടെ ഒരു മല കാണുന്നുണ്ടല്ലോ അച്ഛാ‘
’ഉവ്വ് മോളേ….അത് വിന്ധ്യാപർവ്വതമാണ്. അത് കടന്നെത്തുന്നത് തെക്കേ ഇന്ത്യയിലേക്കായിരിക്കും‘.
പിന്നേയുമുണ്ടോ ഒരുപാടു ദൂരം?. ദൂരമുണ്ട്. എന്താ മോൾക്ക് ക്ഷീണം തോന്നുന്നുണ്ടോ?
’ഇല്ലച്ഛാ. കേരളത്തിലെത്താറായോ എന്നറിയാനാണ്.‘ പക്ഷിക്കുടുംബം യാത്ര തുടർന്നു.
’കാശ്‌മീരിലേതുപോലെ നീർച്ചാലുകളും തടാകങ്ങളും ഇവിടെ കാണുന്നില്ലല്ലോ. ഇടയ്‌ക്കിടയ്‌ക്ക് പാറക്കെട്ടുകളുളള മലകൾ മാത്രം. ജനങ്ങളും വ്യത്യസ്‌തരാണ്. കട്ടിയുളള വസ്‌ത്രങ്ങളോ കമ്പികളോ ഇവർക്കില്ല.‘
മകൻ പറഞ്ഞതു ശരിവച്ചുകൊണ്ട് അച്ഛൻ കിളി വിശദീകരിച്ചു. ’നമ്മുടെ സംസ്ഥാനത്ത് മഞ്ഞുമലകൾ ഉരുകി ധാരാളം വെളളം ഒഴുകിവരും. ഇവിടെ മലകളിൽ മഞ്ഞില്ല. അതുകൊണ്ട് വേനൽകാലത്ത് വെളളം കുറവായിരിക്കും. എങ്കിലും എന്തെല്ലാം തരം കൃഷികളാണിവിടെയുളളത്. മക്കൾ കാണുന്നില്ലേ.‘
അവർ ഉവ്വ് ഉവ്വ് എന്ന് തലയാട്ടി. ഒരു ദിവസം ഉച്ചയോടെ കാടുകൾ നിറഞ്ഞ ഒരു പർവ്വതം കണ്ണിൽപ്പെട്ടു. ’അതാണ് പശ്ചിമഘട്ടം‘. അച്ഛൻ കിളി പറഞ്ഞു. ’ഇതു കടക്കാൻ പാലക്കാട്ടൊരു ചുരമുണ്ട്. നമുക്ക് ആവഴി തിരിയാം‘ രണ്ടു മണിക്കൂറോളം പറന്നുകാണും അപ്പോൾ അമ്മക്കിളി പറഞ്ഞു. ’ആഹാ!‘ നമ്മൾ ഇതാ സ്വപ്‌നഭൂമിയിലെത്തിയിരിക്കുന്നു. ഇനി ആറേഴുമാസം ഇതാണ് നമ്മുടെ നാട്.
’അതേ ഇതാണ് കേരളനാട്‘ അച്ഛൻകിളി കൂട്ടിച്ചേർത്തു.
അപ്പോൾ കാശ്‌മീർ നമ്മുടെ നാടല്ലേ? കിളിമകന്റെ ചോദ്യത്തിന് അമ്മക്കിളിയാണുത്തരം പറഞ്ഞത്. ’കാശ്‌മീർ നമ്മുടെ ജൻമനാട്. കുരുത്തോല വാലൻകിളികൾക്ക് മുട്ടകൾ വിരിയിക്കാനും പറക്കാറാകുന്നതുവരെ കുഞ്ഞുങ്ങൾക്ക് വളരാനും പറ്റിയ നാടാണിത്. എന്നാൽ ഏറെക്കാലം ജീവിക്കാൻ നല്ലത് കേരളം തന്നെ. സഞ്ചാരികളായ നമ്മുടെ വർഗത്തിന് ഇത്രദൂരം പറന്നെത്തുന്നത് വിഷമമുളള കാര്യമല്ലല്ലോ.‘ അൽപനേരം പരിസരഭാഗങ്ങൾ കാണാൻ പോയിരുന്ന അച്ഛൻ കിളി തിരിച്ചെത്തി അറിയിച്ചു. അമ്മക്കിളിക്കിഷ്ടപ്പെട്ട ധാരാളം പഴങ്ങൾ ഒരു മരത്തിൽ കണ്ടു. അവ മക്കൾക്കും ഇഷ്ടപ്പെടും. നമുക്കങ്ങോട്ടു പോകാം. അച്ഛൻ കിളിയുടെ പിന്നാലെ അമ്മക്കിളിയും മക്കളും പുറപ്പെട്ടു.
Generated from archived content: story2_jan9_07.html Author: ir_krishnan
Click this button or press Ctrl+G to toggle between Malayalam and English