ഉറുമ്പുകളുടെ സമ്മേളനം നടക്കുകയാണ്.
‘പ്രിയ ഉറുമ്പു സഹോദരങ്ങളെ സഹോദരിമാരെ……’. നേതാവ് പ്രസംഗിച്ചു തുടങ്ങി.
‘മനുഷ്യർക്കു പോലും മാതൃകയാവുന്ന ഒരുമയുള്ള വർഗ്ഗമാണ് നമ്മുടേത്. അധ്വാനശീലത്തിലും നാം ആരുടേയും പിന്നിലല്ല. എന്നും നാളേക്കു കരുതിവെക്കുന്ന നമ്മൾ ധാരാളികളുമല്ല. അതുകൊണ്ട് ഭക്ഷണം. കിടപ്പാടം മുതലായ കാര്യങ്ങളിൽ യാതൊരു പ്രശ്‌നവും ഇപ്പോഴില്ല’.
‘എങ്കിലും നമുക്ക് വലിയൊരു പ്രശ്‌നമുണ്ട്.’
‘എന്താണത്? …..എന്താണത്? പലകോണുകളിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി മറ്റൊരു ചോദ്യം വേദിയിൽ മുഴങ്ങി.
’നാം നിർമിക്കുന്ന വാസകേന്ദ്രങ്ങളിൽ സ്വൈര്യമായി ജീവിക്കാൻ ഈ മനുഷ്യർ സമ്മതിക്കുന്നുണ്ടോ? ചുടുവെള്ളമൊഴിച്ചും ഉറുമ്പുപൊടിയും കുമ്മായവുമിട്ടും അവർ നമ്മെ നശിപ്പിക്കുന്നില്ലേ? നമ്മളോടൊപ്പം സുഖമായി ജീവിക്കേണ്ട എത്ര പേരാണങ്ങനെ ചത്തത്.‘
’ഇതിനു കാരണക്കാരായ മനുഷ്യർ നമ്മുടെ ശത്രുക്കളല്ലേ?‘
അതേ, അതേ, അവർ ശത്രുക്കൾ തന്നെ…….ശത്രുക്കൾ തന്നെ!’
ഉറുമ്പുകൾ ആവേശത്തോടെ വിളിച്ചു പറഞ്ഞു. അതിനുള്ള ശക്തി നാം നേടിയെടുക്കണം‘.
’എങ്ങനെ?‘ പല ഭാഗത്തു നിന്നും ഓരോ ചോദ്യം. അല്പനേരത്തെ ആലോചനയ്‌ക്കുശേഷം പ്രാസംഗികൻ ചോദിച്ചു.
’രാമായണം കഥ കേട്ടിട്ടില്ലേ നിങ്ങൾ?‘
കേട്ടിട്ടുണ്ട്…..കേട്ടിട്ടുണ്ട്….’ ‘രാവണന്റെ കഥയും അതിലുണ്ട്. കഠിനതപസ്സിലൂടെ ഇഷ്‌ടമുള്ള വരം നേടിയെടുത്ത രാക്ഷസരാജാവാണയാൾ. അതുപോലെ നമ്മളും തപസ്സു ചെയ്യണം. ബ്രഹ്‌മാവിനെ പ്രത്യക്ഷപ്പെടുത്തണം. ഇഷ്‌ടമുള്ള വരം വാങ്ങണം. തയ്യാറല്ലേ?’
‘അതേ. ഞങ്ങൾ തയ്യാർ. തപസ്സു ചെയ്യണം. വരം വാങ്ങണം! വരം വാങ്ങണം!’
നിർദേശം എല്ലാവരും അംഗീകരിച്ചു. ആരാണ് തപസ്സിനു പോകേണ്ടതെന്ന ചോദ്യത്തിനും ഉത്തരമുണ്ടായി.
‘ഒരാൾ തപസ്സു ചെയ്‌താൽ ഒരാൾക്കേ വരം കിട്ടു. അതുപോരാ, നമുക്കെല്ലാവർക്കും ഒരുമിച്ച് തപസ്സു ചെയ്യാം. നമ്മുടെ ഐക്യം എത്ര ശക്തമാണെന്ന് ഈ മനുഷ്യർ കണ്ടുപഠിക്കട്ടെ’.
അങ്ങനെ അടുത്ത ആഴ്‌ചയിലെ നല്ല മുഹൂർത്തത്തിൽ തപസ്സു തുടങ്ങാൻ തീരുമാനിച്ചു.
മൈതാനത്തിനടുത്തു ഒരു മരച്ചുവട് തപസ്സിനുവേണ്ടി തയ്യാറാക്കി. നിശ്ചിത സമയത്തുതന്നെ തപസ്സു തുടങ്ങി.
ഭക്ഷണമില്ലാതെ, ജലപാനം പോലുമില്ലാതെ ആഴ്‌ചകളോളം തപസ്സു നീണ്ടുപോയി.
ഉറുമ്പുകളുടെ തപസ്സിന്റെ വിവരം ബ്രഹ്‌മലോകത്തിലെത്തി. ഉറുമ്പുകളുടെ ഏകാഗ്രതയിലും നിശ്ചയദാർഢ്യത്തിലും പ്രീതിതോന്നിയ ബ്രഹ്‌മാവ് പ്രത്യക്ഷപ്പെട്ടു.
‘നിങ്ങളുടെ തപസ്സിൽ നാം പ്രസാദിച്ചിരിക്കുന്നു. എന്തു വരമാണ് വേണ്ടത്? ചോദിച്ചുകൊള്ളു.’ ബ്രഹ്‌മാവിന്റെ ചോദ്യം കേട്ടപ്പോഴാണ് എന്തുവരമാണ് വേണ്ടതെന്ന് ഉറുമ്പുകൾ ചിന്തിക്കാൻ തുടങ്ങിയത്. കൂടുതൽ ആലോചിക്കാൻ നേരമില്ലായിരുന്നു. കൂട്ടത്തിൽ ഒരു ഉറുമ്പ് ആവശ്യപ്പെട്ടു.
‘ഞങ്ങളുടെ കടികൊള്ളുന്നവർക്ക് നല്ല വേദനയും കഴപ്പും തോന്നണം’.
‘ശരി… കടിച്ചാൽ ഉടൻ രക്ഷപ്പെട്ടുകൊള്ളണം. വരം തന്നിരിക്കുന്നു.’ എന്നുപറഞ്ഞ് ബ്രഹ്‌മാവ് മറഞ്ഞു.
അന്നുമുതൽ ഉറുമ്പു കടിയേൽക്കുന്നവർക്കു വേദനയും കഴപ്പും ഉണ്ടായി. എന്നാൽ കടിവിടാതിരിക്കുന്ന സ്വഭാവം മൂലം കുടികൊള്ളുന്ന മനുഷ്യർ ഉറുമ്പുകളെ തിരുമ്മിക്കൊന്നുകൊണ്ടിരിക്കുന്നു.
വരംകൊണ്ടു മാത്രമായില്ല. വരപ്രസാദവും ഉണ്ടാകണം.
Generated from archived content: story2_aug31_06.html Author: ir_krishnan