പേരുകേട്ട ഒരു കാഴ്‌ചബംഗ്ലാവ്. പുറത്തേക്കുളള വഴിയുടെ അരികത്ത് ഒരു ഇരുമ്പുകൂട്. അതിനു മുന്നിലെ ബോർഡ് ഇങ്ങനെ ‘ലോകത്തിലെ ഏറ്റവും ക്രൂരനായ മൃഗം’. കാഴ്‌ചബംഗ്ലാവിലേക്ക് കുടുംബസമേതം വന്നതാണവർ. അച്ഛനും അമ്മയും മകൻ കണ്ണനും മകൾ പാറുവും. കാഴ്‌ചകണ്ട് നടന്ന് അവർ ക്ഷീണിച്ചിരുന്നു. പുറത്തേക്ക് കടക്കുമ്പോഴാണ് ബോർഡ് കണ്ണിൽപ്പെട്ടത്.
“ഇതേതു മൃഗം…….?” ഒന്നു കാണാമച്ഛാ“. ”ങാ…….ഇതിനേം കാണണം!!“ പാറുവിന്റെ പിന്തുണ കൂടിയായപ്പോൾ ക്ഷീണമുണ്ടെങ്കിലും അവർ കൂടിനടുത്തേക്കെത്തി.
”ഇതിൽ മൃഗങ്ങളൊന്നുമില്ലല്ലോ അച്ഛാ….. കാണുന്നത് നമ്മളെ തന്നെയാണല്ലോ, എന്താ ഇങ്ങനെ?“ മകന്റെ നിഷ്‌കളങ്കമായ ചോദ്യം കേട്ട് അച്ഛൻ ചിരിച്ചു. അമ്മയും ചിരിക്കുകയായിരുന്നു.
”പറഞ്ഞുതരാം ഒന്നിരുന്നിട്ടാകാം. പുറത്തേക്കു കാണുന്ന ആ ബെഞ്ചിലിരിക്കാം. വരൂ“. എല്ലാവരും ബഞ്ചിലിരുന്നപ്പോൾ അച്ഛൻ പറഞ്ഞുതുടങ്ങി. ”ഭക്ഷണരീതി കണക്കിലെടുത്താൽ മൃഗങ്ങൾ രണ്ടുതരമുണ്ടെന്നു മക്കൾ പഠിച്ചിട്ടുണ്ടല്ലോ“
”ഉവ്വ്, സസ്യഭുക്കുകളും മാംസഭുക്കുകളും“.
”അതെ ജീവനുളളവക്കെല്ലാം വിശപ്പുണ്ടാകും. വിശപ്പുമാറ്റാൻ ഓരോ ജീവി വർഗത്തിനും പ്രകൃതി ഓരോ ഭക്ഷണരീതി നിശ്ചയിച്ചിട്ടുണ്ട്. വീട്ടുമൃഗമായ ആടുമുതൽ കാട്ടിലെ ആന വരെ സസ്യാഹാരികളാണ്. കാട്ടിൽ ആനയെ തടയാൻ ആരുമില്ല. എങ്കിലും വിശപ്പുമാറിയാൽ മറ്റൊന്നും അവ നശിപ്പിക്കുകയില്ല. വീട്ടുമൃഗങ്ങളും അങ്ങനെതന്നെ.“
”അപ്പോൾ മാംസം തീനികളോ?“ പാറുവിന്റെ സംശയത്തിനും കൂടി മറുപടിയായി അച്ഛൻ തുടർന്നു ”അവയും അങ്ങനെ തന്നെയാണ്. വളരെ കഷ്ടപ്പെട്ട് ഓടിച്ചാണ് അവ ഇര പിടിക്കുന്നത്. ഒരു ഇരയെ പിടിച്ചാൽ അരികത്ത് മറ്റ് എത്ര എണ്ണമുണ്ടായാലും അവ തിരിഞ്ഞു നോക്കില്ല. വിശപ്പു മാറി വിശ്രമിക്കുന്ന മാംസാഹാരികളെ ഇരകൾ ഭയപ്പെടുകയുമില്ല.“
”അങ്ങനെ മൃഗങ്ങൾ പ്രകൃതിയിലുളളവ നശിപ്പിക്കാതെ വിശപ്പടക്കി ജീവിക്കുന്നു എന്നു പറയാം“ അമ്മയും അങ്ങനെ പറഞ്ഞപ്പോൾ പാറുവിന് പിന്നെയും സംശയം. അവൾ ചോദിച്ചു. ”മനുഷ്യരും അങ്ങനെ തന്നെയല്ലേ?“
”അല്ല മോളെ മനുഷ്യൻ അവന്റെ കണ്ടുപിടിത്തങ്ങൾ ഉപയോഗിച്ച് പ്രകൃതിക്ക് നാശം വരുത്തിക്കൊണ്ടേയിരിക്കുന്നു. ഒരുദാഹരണം പറയാം“
കൂടുതൽ ലാഭത്തിനു വേണ്ടി മനുഷ്യർ കാടുകളിലെ മരങ്ങൾ കൂട്ടത്തോടെ വെട്ടാൻ തുടങ്ങി. അതു ചെയ്‌തവരുടെ ലാഭം കൂടിക്കൂടി വന്നപ്പോൾ കാടുകളില്ലാതാവുന്നത് അവർക്ക് പ്രശ്‌നമല്ലാതായി. വനങ്ങൾ വളരെ കുറഞ്ഞുപോയാൽ മഴ കുറയും. അപ്പോൾ സസ്യലതാദികൾ കുറയും. ജീവികൾക്ക് ആഹാരമില്ലാതാകും. മനുഷ്യവർഗത്തിനു തന്നെ അതു വിനയാകും. ഇതിനെല്ലാം ആരാണുത്തരവാദി?
‘മനുഷ്യൻ’!! പാറുവാണ് ആദ്യം പറഞ്ഞത്. കണ്ണൻ കൂട്ടിച്ചേർത്തു ”ഏറ്റവും ക്രൂരനായ മൃഗം മനുഷ്യൻ തന്നെ!“.
Generated from archived content: story1_nov25_06.html Author: ir_krishnan