‘അയ്യോ…! ഈ അച്ഛച്ഛനെന്തിനാ കാട്ടിലേയ്‌ക്ക് കേറണത്? പേടിയാകുന്നച്ഛച്ഛാ വേഗം പോരൂന്നേ…’
പേരമോളുടെ നിർബന്ധം കൊണ്ടാകണം അദ്ദേഹം പതിവിലും നേരത്തെ കാട്ടിൽ നിന്നിറങ്ങി. കാടെന്നു പറയാനില്ല. അഞ്ചാറുമരങ്ങളും കുറെ വള്ളിപ്പടർപ്പുകളും മാത്രം. എങ്കിലും കാടു കണ്ടിട്ടില്ലാത്തവർക്ക് അത് കാടുതന്നെ.
‘മോളെന്തിനാ പേടിച്ചേ?’ ചിരിച്ചുകൊണ്ടുള്ള ചോദ്യത്തിന് കുട്ടിയുടെ മറുപടി. കാട്ടിൽ പാമ്പുണ്ടാകുമെന്ന് അമ്മ പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു.
‘കാട്ടിൽ പാമ്പുണ്ടാകും എന്നതു ശരി തന്നെ!’
‘അതു കടിക്കില്ലെ?’ കുട്ടിയുടെ ആശങ്ക നിറഞ്ഞ അന്വേഷണത്തിന് മറുപടിയായി അച്ഛച്ഛന്റേത് ഒരു മറുചോദ്യമായിരുന്നു.
‘എല്ലാ ദിവസവും അച്ഛച്ഛൻ കാട്ടിൽ കയറുന്നത് മോള് കണ്ടിട്ടില്ലേ?’
‘ഉവ്വ്’
‘എന്നിട്ടും ഇതുവരെ പാമ്പു കടിച്ചില്ലല്ലോ? മനുഷ്യരെ കണ്ടാൽ പാമ്പ് ഓടിമാറുകയേയുള്ളൂ. രക്ഷപ്പെടാൻ മറ്റു മാർഗ്ഗമില്ലെങ്കിലേ അതു കടിക്കൂ. അതിനെ നോവിച്ചാലും കടിക്കും’
‘ഈ കാടു വെട്ടിക്കളഞ്ഞാൽ പാമ്പുകൾ പൊയ്‌ക്കൊള്ളുമെന്നാണല്ലോ അമ്മ പറയാറുള്ളത്’.
കാടിനെ കുട്ടിക്കു പേടിയാണെന്നു മനസിലാക്കിയ അച്ഛച്ഛൻ ഒരു വിവരണത്തിനു തന്നെ തയ്യാറായി.
‘പാമ്പുള്ളിടത്ത് എലികൾ കുറവായിരിക്കും. കൃഷിയിടങ്ങളിലെ ധാന്യങ്ങളും പറമ്പുകളിലെ കിഴങ്ങുകളും തിന്നു നശിപ്പിക്കുന്ന എലികൾ പെറ്റുപെരുകാതെ നിയന്ത്രിക്കുന്നത് പാമ്പുകളാണ്. കുട്ടി എലിപ്പനി എന്നു കേട്ടിട്ടുണ്ടോ?’
കേട്ടിട്ടുണ്ട്, അത് ഭയങ്കര രോഗമാണത്രെ!‘
’അതുപോലുള്ള ഒരു രോഗമാണ് പ്ലേഗ്. ഇതു രണ്ടും എലികളിൽ നിന്നാണ് പകരുന്നത്. പ്ലേഗ് മനുഷ്യരെ ബാധിച്ചാൽ കൂട്ടമരണമായിരിക്കും ഫലം‘.
’അപ്പോൾ പാമ്പുകളേക്കാൾ കൂടുതൽ എലികളെ പേടിക്കണമല്ലോ‘
’അതെ, എലികൾ പെരുകാതിരിക്കാൻ പാമ്പുകളെ നശിപ്പിക്കാതിരിക്കുകയാണ് വേണ്ടത്‘.
തന്റെ വാക്കുകൾ അതീവ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന കുട്ടിയോട് അച്ഛച്ഛൻ തുടർന്നു.
’കാടുവെട്ടി പാമ്പിനെ ഇല്ലാതാക്കിയാൽ വേറെയും നഷ്ടമുണ്ട്‘.
’അതെന്താണ്?‘
’അച്ഛച്ഛൻ കാട്ടിൽ കേറുന്നതെപ്പോഴാണെന്ന് കുട്ടിക്കറിയാമോ?‘
’ഉവ്വ്, പറമ്പിലെ പണി കഴിയുമ്പോൾ‘.
’അതെ കുറെനേരം പണിയെടുത്താൽ ഒരുപാടു വിയർക്കും. ക്ഷീണം തോന്നും. വെയിലുള്ളപ്പോൾ പറയുകയും വേണ്ട. അപ്പോൾ ഈ കാടിനകത്തു കടന്നാൽ നല്ല കുളിർമയാണ്. ക്ഷീണവും മാറും. വിശ്രമിക്കാൻ പറ്റിയ സ്ഥലമാണിത്‘.
’മറ്റൊരു കാര്യം കുട്ടിക്കറിയാമോ?‘
’എന്താണ്?‘
’കാട് ഒരു പക്ഷിത്താവളം കൂടിയാണ്. നമ്മുടെ മുറ്റത്തുവരാറുള്ള മാടത്തയും തത്തമ്മയും വണ്ണാത്തിപ്പുള്ളുമെല്ലാം ഈ കാട്ടിൽ കൂടുണ്ടാക്കുന്നവരാണ്. നമുക്ക് ശ്വസനത്തിനാവശ്യമായ പ്രാണവായുവും ധാരാളമുണ്ടാകുന്നത് കാടുള്ളതുകൊണ്ടാണ്‘.
’കാട് കാലാവസ്ഥയെ നിയന്ത്രിക്കുമെന്ന് ടീച്ചർ പറഞ്ഞുതന്നിട്ടില്ലേ കുട്ടിക്ക്‘.
’ഉവ്വ്‘
’അപ്പോൾ കാട് നശിപ്പിക്കാമോ നമ്മൾ‘.
’വേണ്ടച്ഛച്ഛാ.‘
’കാടിന്റെ ഗുണം അമ്മയ്‌ക്ക് മോള് പറഞ്ഞുകൊടുക്കാം. ഇത്തിരിനേരം ഞാനും കാട്ടിൽ കേറട്ടേ അച്ഛച്ഛാ…‘
അനുവാദത്തിനു കാത്തു നിൽക്കാതെ കുട്ടി കാടിനുള്ളിലേക്ക് നടന്നു.
Generated from archived content: story1_may26_07.html Author: ir_krishnan