കുഞ്ഞിപെൻഗ്വിൻ കളി മതിയാക്കി അമ്മ പെൻഗ്വിന്റെ അടുത്തെത്തി. ഭക്ഷണം ചോദിക്കുന്നതിനു പകരം അവൾ സംശയങ്ങൾ ചോദിക്കാൻ തുടങ്ങി.
“നമ്മുടെ നാട് മറ്റു നാടുകൾ പോലെ അല്ലെന്നാണല്ലോ കേൾക്കുന്നതമ്മേ” എന്താണു വ്യത്യാസം? ഒന്നു പറഞ്ഞുതരൂന്നേയ്.
തിരക്കിട്ട് തൂവലുകൾ മിനുക്കി സുന്ദരിയായിക്കൊണ്ടിരുന്ന അമ്മപെൻഗ്വിന് മകളുടെ നിർബന്ധത്തിനു വഴങ്ങേണ്ടിവന്നു.
“മറ്റു നാടുകൾ പോലെയല്ല നമ്മുടെ നാട്. ഇവിടെ തണുപ്പ് വളരെ കൂടുതലാണ്. അങ്ങോട്ടു നോക്കു. കടൽ ഭാഗത്തേക്കു ചൂണ്ടി അവൾ പറഞ്ഞു.
”ഒരു മാസം മുൻപത്തേതിനേക്കാൾ കരഭാഗം കൂടിയത് കാണുന്നില്ലേ നീയ്യ്?“
ഉവ്വ്. അതെങ്ങനെയാണമ്മേ കരകൂടുന്നത്?
‘അതേ’ നമ്മുടെ കര ദക്ഷിണധ്രുവത്തോടടുത്ത് അന്റാർട്ടിക്കയാണ്. നമുക്ക് ചൂടുതരുന്ന സൂര്യന് ഇപ്പോൾ ഉത്തരായന കാലം. അതായത് സൂര്യൻ വടക്കോട്ടു നീങ്ങിനീങ്ങി ഉദിക്കുന്ന കാലം. സൂര്യന്റെ അകലം കൂടുന്തോറും വെള്ളത്തിനു തണുപ്പുകൂടി ഐസ്സ് പാളികളുണ്ടാവുന്നു. അതുകൊണ്ടാണ് കരഭാഗം കൂടുതലായി തോന്നുന്നത്.
അമ്മപെൻഗ്വിന്റെ വിശദീകരണം കുഞ്ഞിനെ മറ്റൊരു ചിന്തയിലേക്കു നയിച്ചു.
”സൂര്യന്റെ വഴിയേ പോയിരുന്നെങ്കിൽ ഒരുപാടു നാടുകൾ കാണാമായിരുന്നു. എന്തുചെയ്യാം ചിറകുകളില്ലല്ലോ പറന്നുപോകാൻ“.
മകൾക്കു നിരാശയുണ്ടെന്നു ബോധ്യപ്പെട്ട അമ്മപെൻഗ്വിൻ ചോദിച്ചു.
”ചിറകുള്ള എത്രപക്ഷികൾക്ക് വെള്ളത്തിൽ നീന്താൻ കഴിയും? ഇത്രയും തണുപ്പിൽ ജീവിക്കാൻ അത്തരം പറവകൾക്കാകുമോ? ഓരോ ജീവിവർഗത്തിനും പരിസ്ഥിതിക്കിണങ്ങിയ അവയവങ്ങളാണ് പ്രകൃതി നൽകിയിട്ടുള്ളത്“. അമ്മപെൻഗ്വിന്റെ വിശദീകരണം മകളെ ആശ്വസിപ്പിച്ചു.
”നമ്മൾ വെള്ളത്തിൽ നീന്തുന്നവരാണ്. അതുകൊണ്ട് പങ്കായം പോലെ തുഴയാൻ പറ്റിയ ചിറകുകളാണ് നമ്മുടേത്“ അത്രയും കൂടി കേട്ടപ്പോൾ കുഞ്ഞിപെൻഗ്വിന് പിന്നേയും സംശയം.
”ഈ തണുത്തുറഞ്ഞ വെള്ളത്തിലോ? മരവിച്ചു പോവില്ലേ? ഓർത്തിട്ടു പോടിയാവുന്നു“.
”എന്തിനു പേടിക്കണം?“ അമ്മപെൻഗ്വിൻ ചോദിച്ചു. നമ്മുടെ ശരീരത്തിലുള്ള ഒരുതരം കൊഴുപ്പിന്റെ പാളി അകത്തെ ചൂടു പുറത്തുവിടാതെ സൂക്ഷിക്കും. അത്രയ്ക്കു കനവും ഗുണവുമുള്ളതാണത്”
“അപ്പോൾ തണുപ്പിനെ നേരിടാൻ വിഷമമില്ലെന്നാണോ അമ്മ പറയുന്നത്…?”
“അതേ, പോരാഞ്ഞിട്ട് അതിമൃദുലമായ ഒരു തൂവൽ പുതപ്പുകൂടിയുണ്ട് നമുക്ക്. എങ്കിലും ചില കാലത്ത് തണുപ്പ് വളരെ കൂടും. അപ്പോൾ എന്തുചെയ്യുമെന്നറിയാമോ കുട്ടിയ്ക്ക്?”
“ഞാനെങ്ങനെയറിയാൻ അമ്മ ഇതിനുമുമ്പ് പറഞ്ഞു തന്നിട്ടുണ്ടോ?
”എല്ലാവരും ഒത്തുകൂടി മുട്ടിയുരുമ്മിയിരിക്കും. നാട്ടുവിശേഷം പറയാനും കലഹങ്ങൾ തീർക്കാനും അന്യോന്യം പരിചയപ്പെടാനുമെല്ലാം ഈ കൂടിയിരിപ്പ് വളരെ നല്ലതാണ്.
“അപ്പോൾ വിശന്നാലെന്തുചെയ്യും? വെള്ളത്തിൽ പോയി മീൻപിടിക്കാതെ പറ്റ്വോ?
”അല്ലാ, നീ വലിയ കാര്യാന്വേഷിയാണല്ലോ. കൂട്ടുകാരുടെ കൂടെ പോയി കളിച്ചോളൂ. ഞാൻ മീൻ പിടിച്ചു വരാം. വിശക്കുന്നെന്നല്ലേ നീ പറഞ്ഞത്…?“
”ഇല്ലമ്മേ, ഇപ്പോൾ വിശക്കുന്നെന്നല്ല പറഞ്ഞത്. എല്ലാവരും മുട്ടി കൂടിയിരിക്കേണ്ടിവരുമ്പോൾ വെള്ളത്തിനു ഭയങ്കര തണുപ്പല്ലേ? വെള്ളത്തിലിറങ്ങാതെ മീൻ കിട്ടേമില്ല“
”ഓ… അതാണോ കാര്യം?“ അമ്മപെൻഗ്വിൻ വിശദീകരിക്കാൻ തുടങ്ങി. ശരീരത്തിനകത്തു ചൂടും പുറത്തു തണുപ്പുമാകുമ്പോഴാണു വിഷമം. അകത്തും പുറത്തും ചൂടും സമമായാലോ? തണുപ്പേ തോന്നില്ല.
അമ്മ പറഞ്ഞത് കുഞ്ഞ് ശരിവെച്ചെങ്കിലും സംശയം പിന്നേയും ബാക്കിയായി.
”അപ്പോൾ ചൂടു സമയത്തെന്തു ചെയ്യും?“
”തണുത്തവെള്ളത്തിൽ ചാടുന്നതിനുമുമ്പ് ശരീരത്തിന്റെ ചൂട് താഴ്ത്തി നിർത്താൻ നമുക്ക് കഴിയും. ഈ കഴിവ് ചുരുക്കം പക്ഷികൾക്കേയുള്ളൂ.
“ആഹാ! അതൊരത്ഭുതമാണല്ലോ അമ്മേ?”
“അതുപോലെ എന്തെന്തത്ഭുതങ്ങളാണീ ലോകത്തുള്ളത്…! കുട്ടി എല്ലാം കാണാനിരിക്കുന്നതേയുള്ളൂ. ആട്ടെ, ഇത്രയും കാര്യമായി ഇതൊക്കെ ചോദിച്ചതെന്തിനാണ്?
”അത്…അമ്മേ… എന്റെ കൂട്ടുകാർക്കു പറഞ്ഞുകൊടുക്കാനാ“
”അമ്പടി കേമീ! അമ്മ പെൻഗ്വിൻ കുഞ്ഞുമോളുടെ കവിളിൽ ഉമ്മ നൽകി.
Generated from archived content: story1_july26_07.html Author: ir_krishnan