മഴക്കൊച്ച

ഇടുക്കിയില്‍ നിന്നു സ്ഥലംമാറ്റമായെത്തിയ രവി പാലക്കാട്ടെ ലോഡ്ജ് വരാന്തയില്‍ ഇരിക്കുകയായിരുന്നു. ഇന്നയാള്‍ ഒറ്റയ്ക്കാണ്. മറ്റെല്ലാവരും മുടക്കു ദിവസം ആഘോഷിക്കാന്‍ വീട്ടിലേക്കു പോയിരിക്കുന്നു. സാരമില്ല. ഈ പ്രകൃതി ദൃശ്യം കണ്ടിരിക്കാന്‍ ഏകാന്തത നല്ലതാണ്. അയാള്‍ വിചാരിച്ചു.

മെയ്മാസക്കാലം. കാലവര്‍ഷത്തിന്റെ ആഗമനം അറിയിച്ചുകൊണ്ട് ആകാശം മേഘാവൃതമായി. ഇരുണ്ട അന്തരീക്ഷം. കുളിര്‍മ. ആകപ്പാടെ സുഖമുള്ള തോന്നല്‍.

അല്‍പം അകലെയുള്ള കൈതപ്പൊന്തയില്‍ നിന്നു ഒരു പക്ഷി ഇറങ്ങിവന്നു. മണ്ണില്‍ പരതി എന്തൊക്കെയൊ കൊത്തിത്തിന്നുകയാണ്.

പക്ഷി നിരീക്ഷകനല്ലെങ്കിലും ആ വിഷയം സംബന്ധിച്ച ലൊട്ടുലൊടുക്കുകള്‍ രവി വശമാക്കിയിട്ടുണ്ട്. ഇടുക്കിയില്‍വച്ചു കിട്ടിയ വിജ്ഞാനം.

അയാള്‍ പക്ഷിയെ സൂക്ഷിച്ചു നോക്കി. വലുപ്പത്തില്‍ ഇടത്തരക്കാരന്‍. ചെമ്പിച്ച തവിട്ടു നിറം. മാറത്തും കഴുത്തിലും വെള്ളയും തവിട്ടുനിറവുമുള്ള പട്ടകള്‍. നീണ്ട കൊക്ക്. നീണ്ട കാലുകള്‍. നേരിയ കാലുകള്‍.

പക്ഷി നിലത്തു പരതുന്നതോടൊപ്പം തലയുയര്‍ത്തി നോക്കുന്നുണ്ട്. ശത്രുഭയം കൂടുതലുള്ളവനാണെന്നു തോന്നുന്നു. എങ്കിലും പുറത്തിറങ്ങാത്തവനല്ല. അവന്റെ ജാഗ്രത അത്രത്തോളമുണ്ടെന്നേ കരുതേണ്ടതുള്ളൂ എന്നു രവിക്കു തോന്നി.

ഇരയന്വേഷിച്ചു നടക്കുന്ന ശത്രു കണ്ണില്‍പ്പെട്ടതപ്പോഴാണ്. ഒരു പാമ്പ്. നിലത്തു ഭക്ഷണം പരതുന്ന പക്ഷിയെ ദൂരെ നിന്നുകണ്ട് കൊതിയോടെയെത്തുകയാണ് അവന്‍.

‘ക്കൊ… ക്കൊ..’ തന്നെ ഇരയാക്കാന്‍ വരുന്നവനെ ആക്ഷേപിച്ചുകൊണ്ട് പക്ഷി പൊന്തയിലേക്കു വേഗം നീങ്ങി. ഈ നീക്കം മുന്നില്‍ കണ്ടിരുന്നതുപോലെ പാമ്പും പക്ഷി പോയ വഴിയേ പൊന്തിയിലേക്ക്. രവി ജിജ്ഞാസയോടെ ഈ നീക്കം നോക്കിക്കൊണ്ടിരുന്നു. വേഗം അകത്തു ചെന്ന് ക്യാമറയെടുത്ത് അയാള്‍ പുറത്തേയ്ക്കിറങ്ങി. പൊന്തയുടെ ഭാഗത്തേയ്ക്കു നടന്നു.

ഇടിയിലെ ചെറിയ ചെടികളുടെയും താഴെയുള്ള കൈതത്തെകളുടെയും ഇലകള്‍ അനങ്ങുന്നു. അയാള്‍ സൂക്ഷിച്ചു നോക്കി. പാമ്പ് തന്റെ ഇരയെ അന്വേഷിച്ചു നടക്കുകയാണ്.

പക്ഷെ പൊന്തയിലേക്കു കയറിയ പക്ഷിയെവിടെ? പാമ്പിന് പക്ഷിയെ കാണാന്‍ കഴിയാത്തതുപോലെ തന്നെ രവിക്കും അതിനെ കാണാനായില്ല.

പാമ്പിനെ വിട്ട് പക്ഷിയെ കണ്ടെത്താനായി അയാളുടെ ശ്രമം. ഓരോ കൈതയുടെ അടിയിലും നോക്കിക്കൊണ്ടിരിക്കേ മേലോട്ടു നില്‍ക്കുന്ന ഒരു കൂമ്പിനു കാഴ്ചയില്‍ ഒരു വ്യത്യാസം.

നോട്ടം ആ ഭാഗത്തേയ്ക്കു തന്നെ തറച്ചപ്പോള്‍ ചിത്രം വ്യക്തമായി. കൈക്കൂമ്പല്ല, നേരത്തേ പൊന്തയിലേക്കു രക്ഷപ്പെട്ട പക്ഷിയാണ്. ശിലാപ്രതിമപോലെ നില്‍ക്കുകയാണ്. കഴുത്തുനീട്ടി കൊക്കിനു നേരെ മുകളിലേക്ക് ഉയര്‍ത്തിയുള്ള നില്‍പ്. ചെടിയുടെ വ്യത്യസ്തമായ ഒരു കൂമ്പിലയാണെന്നേ തോന്നു

രവി ആ പക്ഷിച്ചിത്രം ക്യാമറയില്‍ ഒ്പ്പിയെടുത്തു. പിന്നെ കാത്തു നിന്നു ഇനിയെന്തു സംഭവിക്കുമെന്നറിയാന്‍.

പാമ്പ് പല ഭാഗത്തേയ്ക്കും ഇഴഞ്ഞെത്തി പരിശോധന തുടര്‍ന്നു. അതിന്റെ ഓരോ ചലനവും ശ്രദ്ധിച്ച് പക്ഷിയുടെ കണ്‍മിഴകളും ഒപ്പമുണ്ട്. അത്ര സമയവും നി്ന്ന നില്‍പ്പില്‍ പക്ഷി കഴുത്തു തിരിച്ചു പാമ്പിനെത്തന്നെ നോക്കിക്കൊണ്ടിരുന്നു.

പക്ഷിയെ കണ്ടിട്ടോ എന്തോ പാമ്പ് അടുത്തെത്തുകയാണ്.

‘അയ്യോ.. ഈ പക്ഷി ഇതു കാണുന്നില്ലേ..’ രവിയുടെ നെഞ്ചകം പിടക്കാന്‍ തുടങ്ങി.

പാമ്പ് അടുത്തേക്ക് തന്നെയെന്ന് ഉറപ്പായ നിമിഷം. ഇനി നിന്നാല്‍ അപകടമെന്ന് അത് കരുതിക്കാണും. പിന്നെ താമസിച്ചില്ല. ഒറ്റക്കുതിപ്പ്!

ഇര പറന്നകലുന്നത് നോക്കി പാമ്പ് ഒരു നിമിഷം അനങ്ങാതെ നിന്നു. ആ പക്ഷി തനിക്കുള്ളതല്ലെന്നു കരുതിയാവും പാമ്പ് മറ്റൊരിടത്തേയ്ക്കു ഇഴഞ്ഞു നീങ്ങി.

‘ഏതാണീ വിരുതന്‍ പക്ഷി?’ രവിക്കു തീര്‍ച്ചയാക്കാന്‍ കഴിഞ്ഞില്ല. അയാള്‍ കംപ്യൂട്ടറില്‍ പരതി കണ്ടെത്തി- മഴക്കൊച്ച.

Generated from archived content: story1_july11_13.html Author: ir_krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here