നാടാകെ പനിപടർന്ന കാലം. എങ്കിലും ഓണം പനിച്ചുപോകുമോ എന്ന ആശങ്കക്കു വിരാമമായി. രോഗാതുരത കുറഞ്ഞതോടെ ശൈശവമുഖങ്ങളിൽ പുഞ്ചിരി വിടർന്നു തുടങ്ങി. മുതിർന്നവരിലേക്ക് അത് പടർന്നെത്താൻ ദിവസങ്ങൾ കുറച്ചേ വേണ്ടിവന്നുള്ളൂ. ഓണവിഭവങ്ങൾ സമാഹരിക്കാൻ തുടങ്ങിയിട്ട് നാളേറെയായില്ല. കൂട്ടിപ്പിടിച്ച മഴയും പേശിവേദനവും ഓണോന്മേഷം വലിയ ആളുകളിലെത്താൻ താമസം വരുത്തി. എങ്കിലും കുട്ടികളുടെ നിരന്തരമായ നിർബന്ധത്തിനു മുന്നിൽ അവർക്ക് വഴങ്ങേണ്ടിവന്നു. ഉത്രാടപ്പാച്ചിൽ പൂർത്തിയാക്കിയപ്പോഴേക്കും ഏറെ ഇരുട്ടിയിരുന്നു.
വെളുപ്പിനെ തന്നെ മാവേലിമന്നനെ ആർപ്പുവിളിയോടെ എതിരേൽക്കേണ്ടതാണ്. തമിഴന്റെ പൂക്കൾ വാങ്ങിയത് റെഡിയായിട്ടുണ്ട്. എങ്കിലും വീട്ടുമുറ്റത്തും തൊടിയിലും നടന്ന് ശേഖരിക്കുന്നവയുടെ നിറവും ഓജസും ഒന്നു വേറെ തന്നെ. അവ ഇനിയും പറിച്ചെടുത്തിട്ടില്ല.
‘പുല്ലുകൾക്കിടയിൽ കൊതുക് ഏറെ കാണും. ഒന്നു പുലർന്നിട്ടു പൂ പറിച്ചാൽ മതി’. അമ്മൂമ്മയുടെ നിർദ്ദേശം കുഞ്ഞുങ്ങൾ സ്വീകരിച്ചു. പ്രഭാതകർമ്മങ്ങളും കുളിയും കഴിഞ്ഞെത്തിയ ആമിയും നന്ദുവും പതിവുപോലെ ചായ ചോദിച്ചു.
‘മാവേലിയെ എതിരേൽക്കാതെ ചായകുടിക്ക്യാ?’ അമ്മായിയുടെ ചോദ്യം കുട്ടികളുടെ ആവശ്യത്തിന് തൽക്കാലം വിരാമമായി. ‘സാരമില്ല. കുഞ്ഞുങ്ങൾക്കു പൊരിഞ്ഞാൽ മാവേലി സഹിക്കില്ല. ഇതാ അല്പം കുടിച്ചിട്ടു വേഗം പൂ പറിച്ചു വന്നോളൂ’. അമ്മൂമ്മ നീട്ടിയ ചായ കുടിച്ചെന്നു വരുത്തി കുട്ടികൾ പൂപറിക്കാനിറങ്ങി. ചെത്തി, ചെമ്പരത്തി, നന്ത്യാർവട്ടം, കുമ്പളപ്പൂവ്, തുമ്പക്കുടം-എല്ലാം വരാന്തയിലെത്തി.
‘പണ്ടൊക്കെ മുൻദിവസം തന്നെ പൂക്കൾ പറിച്ചുവെക്കുമായിരുന്നു.’ മുത്തശ്ശി പറഞ്ഞു. ‘അതുപോലെ മുൻവശത്തെ മുറ്റത്ത് കളം പിടിക്കുകയായിരുന്നു പതിവ്.’ കളമിടുന്നത് കാണാനെത്തിയ അമ്മൂമ്മ കൂട്ടിച്ചേർത്തു.
‘കളം പിടിക്ക്യേ? അതെങ്ങനെ?’ അമ്മൂമ്മയുടേയും മുത്തശ്ശിയുടേയും മുഖത്തേക്ക് ആമി മാറി മാറി നോക്കി. നേരത്തെ തന്നെ അണിഞ്ഞ് ഒരുക്കിയിരുന്ന തട്ടുതട്ടായി തയ്യാറാക്കിയ മരം കൊണ്ടുള്ള കളം ചൂണ്ടി അമ്മൂമ്മ പറഞ്ഞു.
‘ദേ… ഇതുപോലെ വലുതായുണ്ടാക്കും. മണ്ണുകൊണ്ട് പിന്നീട് കൽപ്പൊടി കലക്കി ഒഴിച്ച് ബലം വരുത്തും. ഒരു ദിവസത്തെ പലരുടെ പണിവേണം അതിന്’.
അത്ഭുതം കൂറി നിൽക്കുന്ന കുട്ടികളെ നോക്കി മുത്തി ‘ഇപ്പോൾ മുറ്റവും മണ്ണുമില്ലല്ലോ ഇവിടെ. നമുക്ക് ഈ വരാന്തയിൽ മരത്തട്ടുവെച്ച് കളം തയ്യാറാക്കാം. പൂക്കളും ധാരാളമുണ്ട്. കുറച്ചു മുക്കുറ്റിപ്പൂ കൂടി എടുത്തോളൂ’.
റോഡരികിൽ നിന്നും മരുന്നു ചെടിയായി കരുതി അമ്മൂമ്മ മുറ്റത്തുപിടിപ്പിച്ചിരുന്ന മുക്കുറ്റികൾ ‘ഞങ്ങളെ വേണ്ടെ?’ എന്ന ചോദ്യവുമായി നിൽക്കുന്നത് അപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത്.
‘ഹായ്! നമുക്കതു പറിക്കാം.’ കടലാസ് പെട്ടി പൂപ്പാലികയാക്കി കുട്ടികൾ മുറ്റത്തേക്കു ചാടി, ആവേശത്തോടെ പൂക്കൾ ശേഖരിച്ചു തുടങ്ങി. അമ്മമാരും, അച്ഛാമ്മയും മുത്തിയും… അരമണിക്കൂർ കൊണ്ട് കളം റെഡി. പ്രത്യേകം തയ്യാറാക്കിയ പൂവടയും ഉടച്ചുവച്ച നാളികേരവും നിറതിരി തെളിഞ്ഞ നിലവിളക്കും ചന്ദനത്തിരിയുടെ സുഗന്ധവും… അല്പം വൈകിയെങ്കിലും അലങ്കാരം ഭംഗിയായി.
സന്തോഷത്തിനിടക്ക് നന്ദുവിന്റെ കണ്ണു നിറഞ്ഞത് അച്ഛന്റെ ശ്രദ്ധയിൽപെട്ടു.
‘ഊം… എന്തേ?“
’വിശന്നുകത്തുന്നു‘ വിതുമ്പിയ ചുണ്ടിലൂടെ വാക്കുകൾ പുറത്തുവന്നു.
’അത്രേയുള്ളോ?‘ നമുക്ക് മാവേലി മന്നനെ എതിരേൽക്കാം ഇപ്പോൾതന്നെ. അതിനുശേഷം വിശപ്പും മാറ്റാം. എന്താ?’
കുട്ടി തലകുലുക്കി. ‘എല്ലാവരും നിരന്നോളൂ’ അച്ഛൻ പറഞ്ഞു.
‘മാവേലി മന്നോ… തൃക്കാക്കരയപ്പോ… ഞങ്ങളുടെ പൂക്കളം കാണാനും വായോ…ആർപ്പേയ്…ർറോ…ർറോ…ർറോ….’
എല്ലാ മനസും ഒന്നായിവിളിച്ചപ്പോൾ മാവേലിയെത്തി നിറമനസ്സോടെ….
Generated from archived content: story1_dec27_07.html Author: ir_krishnan