കുഞ്ഞായിരുന്നൊരെന്നോർമ്മതൻ
കാൻവാസിലെന്നും തെളിവാർന്ന ചിത്രം
അണിയിൽ മാർക്കറ്റിലും പരിസര
ഭാഗത്തുമങ്ങിങ്ങരങ്ങിലെ രംഗം
അഞ്ചാറുകൂട്ടുകാർ അവരിലൊ-
രാളത്രെ ചേട്ടനാ ‘പൊട്ടൻകുമാരൻ’
കല്യാണപ്പന്തലിൽ, കലവറതന്നിലും
കായികാധ്വാനിയാം ചേട്ടൻ
ചേട്ടന്റെ സേവനഭാവവും സ്‌നേഹവു
മിന്നുമുൾകണ്ണിൽ തിളക്കം
കുഴിയണ്ടി, പഞ്ചീസുകളികളിൽ
പകിടയിൽകൂടിയും ചേട്ടനുണ്ടാവും
കളിയിൽ ജയിക്കാൻ കൊതിപൂണ്ട
കൂട്ടരന്നൊരുവേള തർക്കത്തിലെത്തും
അവരുടെ കൊഞ്ഞനം, കോക്രികൾ
ഹാ! പാവമവമാനിതൻ മൗനിയാകും
കദനഭാരം തിങ്ങിവിങ്ങും മനസ്സിലേ-
ക്കൊരുതെന്നലായവളെത്തും
കൈവിരൽ, കണ്ണുകൾ, ചുണ്ടതും
സാന്ത്വനഭാവഗീതങ്ങൾ രചിക്കും
നിമിഷങ്ങൾ നീങ്ങേ വിവർണ്ണമാം
വക്‌ത്രത്തിലൊരു പുഞ്ചിരിപ്പൂവിടരും
വീടിന്റെ നാഥനാം ചേട്ടനെന്നും
തന്റെ ജീവിതനൗക തുഴയാൻ
കൊച്ചിയഴിമുഖം രണ്ടുവട്ടം
കടന്നെത്തുകയായെന്നുമെന്നും
വേനൽപോയ് കാറ്റുമായെത്തി
മഴ-അഴിഭാവം പകരുകയായി
തിരമാലവൻമതിൽ നിർമ്മിച്ചു
വഞ്ചിമേൽവീണുടഞ്ഞെങ്ങോ മറഞ്ഞു…
അണിയത്തുപണിയിൽ മുഴുകി
ക്കഴിഞ്ഞൊരാച്ചേട്ടനെ കണ്ടതില്ലെങ്ങും!
ഓളങ്ങളിൽ, നീരൊഴുക്കിലെൻ
ചേട്ടനിന്നാഴക്കടലിന്റെയംശം!
Generated from archived content: poem3_july20_05.html Author: ir_krishnan