“ചെത്തി ചെത്തി വെളുപ്പിക്കേണം
പൂർവ്വികർ നേടിയതൊക്കെ
മാളം പൂകണമെന്നിട്ടൊടുവിൽ
പത്തി മടക്കീട്ടലസം!
പുത്തൻ തലമുറയാണത് കൊണ്ടതി-
ലൊട്ടും പേടിക്കേണ്ട.
നോക്കെടാ, വിജയാ, പേടിക്കാനായി
നമ്മൾക്കാരുണ്ടിവിടെ?
ചെത്ത മരങ്ങൾ വീഴാതിങ്ങനെ
വീഴും മട്ടിൽ നിന്നാൽ
നഷ്‌ടം നമുക്ക് നമ്മുടെ പ്രാണൻ
തൊട്ടുരുമ്മി നമ്മൾ നിൽക്കേ!
അതിനാൽ ചെത്തമരങ്ങളാദ്യം
വീഴണമല്ലേൽ വീഴ്‌ത്തുക നാം.”
“ചെത്ത മരങ്ങൾ ജീവന് ഭീഷണി,
ചെത്ത മരങ്ങൾ കണ്ണിന് ദുഷ്‌ക്കണി!
എങ്കിലുമൊരുനാളവരീ മണ്ണിനെ
നന്ദനമാക്കിയ ചാരുതയല്ലേ?
ചന്ദ്രക്കലയുടെ ചാരുത മണ്ണിനെ
ഇന്ദ്രസഭാ തലമാക്കണമെങ്കിൽ
പൂർണ്ണ നിലാവായ് വളരണമോർക്കുക
പാതിരാവിൻ കുളിരതുമോർക്കുക.
മിഴികൾക്കരികിൽ ചെവികൾ പക്ഷേ,
കാണാൻ നമുക്ക് കഴിയുന്നില്ല,
കണ്ണിന് താഴെ നാസാരന്ധ്രം.
കഴിയുന്നില്ലത് കാണാൻ നേരേ!”
Generated from archived content: poem1_june25_05.html Author: illyas_parippilly