മൃഗശാല അയാൾ ആദ്യം കാണുകയാണ്. കുരങ്ങുകളുടെ കൂടിനടുത്തെത്തിയപ്പോൾ അയാൾ നിന്നു. അത്രയും കുരങ്ങന്മാരെ അയാൾ മുമ്പൊരിക്കലും ഒരുമിച്ചു കണ്ടിട്ടില്ല. അതും ഒരു കൂട്ടിൽ. ആ കാഴ്‌ച അയാൾ അത്ഭുതത്തോടെ നോക്കിനിന്നു. അവയുടെ ചേഷ്‌ടകളിൽ സ്വയം ആകൃഷ്‌ടനായി.
കുരങ്ങുകളിൽ ചിലർ പ്രത്യേകമായി തന്നെ നോക്കുന്നതെന്തിനാണ്. സുഹൃത്തേ, താങ്കൾക്ക് സ്വാഗതം എന്ന ഭാവമല്ലെ ആ മുഖങ്ങളിൽ.
വളരെ നേരം കഴിഞ്ഞാണ് കൂടിനടുത്തുനിന്ന് അയാൾ നീങ്ങിയത്.
പിന്നീട് ഇടയ്‌ക്കിടെ അയാൾ മൃഗശാല സന്ദർശിക്കാൻ തുടങ്ങി. അപ്പോഴൊക്കെ കുരങ്ങുകളുടെ കൂടിനടുത്തുനിൽക്കും. കമ്പിയഴികളിലൂടെ അവയ്‌ക്ക് തീറ്റ സാധനങ്ങളിട്ടു കൊടുക്കും. കമ്പിവാതിലിന്റെ താഴിൽ തിരുപ്പിടിക്കും. കുരങ്ങുകളോട് വെറുതെ കുശലം പറയും. അവ ആംഗ്യഭാഷ കാട്ടുകയും തലയാട്ടുകയും ചെയ്യും. പരിചയമില്ലാത്ത സന്ദർശകർ മൃഗശാലയിലെ ജോലിക്കാരനോ കുരങ്ങുകളുടെ പരിചാരകയോ ആയിരിക്കുമയാളെന്ന് തെറ്റിദ്ധരിച്ചിരുന്നു.
ക്രമേണ അയാൾ മൃഗശാലയിൽ നിത്യ സന്ദർശകനായി. കുരങ്ങുകളുടെ സന്തത സഹചാരിയായി.
മൃഗശാല ജോലിക്കാർ അയാളെക്കുറിച്ച് തമ്മിൽ പറഞ്ഞ് ചിരിച്ചു.
കുരങ്ങുകളെക്കുറിച്ച് അയാൾ മനസ്സിലാക്കിയിരുന്ന കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക പതിവാണ്. അപ്പോഴൊക്കെ അയാൾ പ്രഗത്ഭനായ ഒരധ്യാപകനെപ്പോലെയായിരുന്നു.
കുട്ടികൾ അയാളുടെ വാക്കുകൾ താൽപ്പര്യത്തോടെയും കൗതുകത്തോടെയും ശ്രവിച്ചു. കുരങ്ങുകളെ കാണാൻ അയാളുടെ കൂടെ പോവുകയെന്നത് പതിവാക്കി.
ഒരു ദിവസം കൂടിനരികിൽ അയാളും കുട്ടികളും കുരങ്ങുകളുടെ കളികൾ കണ്ടു കുറെനേരം നിന്നു. സമയം വളരെയായി.
‘അമ്മാവാ ഇനി നമുക്ക് പോകാം’ കുട്ടികൾ ഓർമ്മിപ്പിച്ചു.
ഏതോ സ്വപ്‌നത്തിന്റെ ചിറകുകളിൽ പറക്കുകയായിരുന്ന അയാൾക്ക് സ്ഥലകാല ബോധമുണ്ടായി.
അയാൾ കുട്ടികളുടെ നേരെ നോക്കി പറഞ്ഞു. ‘ശരിയാണ്, സമയമധികമായി. നിങ്ങൾ പൊയ്‌ക്കോ. അമ്മാവൻ വരുന്നില്ല.’
അയാൾ കുട്ടികളെ തിരിച്ചയച്ചു.
ഒരു നിമിഷം ചുറ്റും നോക്കി. സന്ദർശകരുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു. ഈ കൂടിനരികിൽ ആരുമില്ല.
അയാൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഡ്യൂപ്ലിക്കേറ്റ് കീയെടുത്ത് താഴ് തുറന്നു. പിന്നെ പതുക്കെ വാതിൽ തുറന്ന് ഒന്നും ശങ്കയില്ലാതെ അകത്തേക്കു കടന്നു. തന്റെ സാന്നിധ്യം കുരങ്ങുകളെ കൂടുതൽ സന്തുഷ്‌ടരാക്കിയിരിക്കുന്നുവെന്ന് അയാൾക്ക് തോന്നി. അയാൾ സന്തോഷത്തോടെ മുണ്ടും ഷർട്ടുമഴിച്ച് പുറത്തേക്കെറിഞ്ഞു. തീർത്തും വസ്‌ത്രമുക്തനായി. കുരങ്ങുകൾ കളിച്ചിരുന്ന കമ്പികളിലൊന്നിൽ ചാടിപ്പിടിച്ചു. എന്നിട്ടു കുരങ്ങുകളോടൊത്ത് ആടാൻ തുടങ്ങി.
Generated from archived content: story3_oct29_05.html Author: habeeb_valappadu