സാഫല്യം

അവന്‌ ഒരു ചിന്തയെ ഉണ്ടായിരുന്നുളളൂ. ഒരു ദുഃഖമേ ഉണ്ടായിരുന്നുളളൂ. ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുളളൂ. അതെല്ലാം അവളായിരുന്നു.

കാറ്റിൽ ഒഴുകിയെത്തിയ അവളുടെ ഗന്ധം അവനെ ആശ്വസിപ്പിച്ചു. ആ ഗന്ധത്തിന്റെ വഴിയിലൂടെ അവൻ നടന്നു.

ഒടുവിൽ അവളുടെ കാലടികൾ അവൻ കണ്ടുപിടിച്ചു. എന്തൊരാശ്വാസം, എന്തൊരാനന്ദം! അഭൗമമായ ഒരനുഭൂതിയിൽ മുഴുകി അവൻ നിമിഷങ്ങളോളം നിന്നു. പിന്നെ, അവളുടെ കാലടികൾ പതിഞ്ഞ മണ്ണിൽ കമിഴ്‌ന്നുകിടന്നു. അവളുടെ സ്‌പർശനമേറ്റ മണ്ണിൽ ചുംബിച്ചു.

പെട്ടെന്ന്‌ വളരെ ഉയർന്നു നിൽക്കുന്ന പാറപ്പുറത്തു നിന്നു അവളുടെ സ്വരം കേട്ടു. അതിലെ സംഗീതം അവനെ മണ്ണിൽ നിന്നു വിണ്ണിലേക്കുയർത്തി.

അവന്‌ ചിറകുകൾ മുളച്ചു. ചിറകുകൾ വിടർത്തി അവളുടെ അരികിലേക്കു പറന്നു. പക്ഷേ, അവൾ നിൽക്കുന്ന പാറയുടെ ഉയരം അവൻ അടുക്കുന്തോറും കൂടിക്കൂടി വന്നു. അപ്പോഴും മുകളിൽ അവളുടെ പരൽമീൻ കണ്ണുകൾ അവനെ മാടി വിളിച്ചുകൊണ്ടിരുന്നു. കണ്ണുകളുടെ ആകർഷണം അവനെ മുകളിലേക്ക്‌ മുകളിലേക്ക്‌ വലിച്ചുകൊണ്ടിരുന്നു.

അവനെത്തിയപ്പോൾ….

അവൾ അവനു മുന്നിൽ പുറംതിരിഞ്ഞു മുന്നോട്ടു നടന്നു.

തിരിഞ്ഞു നോക്കാതെ എന്റെ പിറകേ വരൂ.. അതൊരാജ്ഞയോ അപേക്ഷയോ?

രണ്ടായാലും അവൻ അനുസരിച്ചു.

അവളുടെ കാർകൂന്തൽ കണ്ടുകൊണ്ട്‌ അവളുടെ പിന്നാലെ നടന്നു. അവൻ സന്തോഷം കൊണ്ടു മതിമറന്നു. അവൻ അവനെ മറന്നു. ലോകത്തെ മറന്നു.

ജയിച്ചു… ഞാൻ ജയിച്ചു… അവൻ ആഹ്ലാദത്തോടെ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു.

രണ്ടു കൈകൾകൊണ്ടും അവൻ അവളെ പുണർന്നു. അവൾ അവനിലേക്ക്‌ അലിഞ്ഞു ചേർന്നു.

ആ നിലത്ത്‌ അവൻ കമിഴ്‌ന്നു കിടന്നു. അവന്റെ രണ്ടു കൈകളും നിറയെ പൂഴിമണ്ണ്‌. അവന്റെ മുഖത്തും ചുണ്ടിലും പൂഴിമണ്ണുണ്ടായിരുന്നു.

Generated from archived content: story2_mar25_06.html Author: habeeb_valappadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here