നാട്ടില്‍ കള്ളന്മാരുടെ ശല്യം വര്‍ധിച്ചു വന്നപ്പോള്‍ മാത്തച്ചന് മുതലാളി ക്കു തോന്നി വീട്ടില്‍ ഒരു കാവല്‍ക്കാരനെ നിയമിച്ചാലോ എന്ന്. അങ്ങനെ പത്രത്തില്‍ പരസ്യം ചെയ്ത് അപേക്ഷ വന്നവരില്‍ രണ്ടു പേരെ മുതലാളിക്കു ബോധിച്ചു.
പക്ഷെ ഒരാളെ മാത്രമാണല്ലോ തനിക്കാവശ്യം എങ്ങനെ രണ്ടു പേരില്‍ നിന്ന് സമര്‍ത്ഥനായ ഒരുവനെ കാവല്‍ക്കാരനായി കണ്ടെത്താം എന്ന് മാത്തച്ചന് മുതലാളി ആലോചിച്ചു.
അവസാനം മുതലാളി ഒരു ടെസ്റ്റു നടത്തുവാന്‍ തീരുമാനിച്ചു. രണ്ടു പേരേയും അടുത്തു വിളിച്ചു ഒന്നാമനോടായി ഇങ്ങനെ ചോദിച്ചു.
” കള്ളന്മാര് കൂടിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരാളെ നിയമിക്കാന്‍ തീരുമാനിച്ചത് എന്നറിയാമല്ലോ. ആട്ടെ, രാത്രി നമ്മുടെ വീട്ടില്‍ കള്ളന്മാര് കയറിയെന്നിരിക്കട്ടെ അവരെ പിടി കൂടാന്‍ നിങ്ങള്‍ക്കെന്തൊക്കെ അറിയും?”
” അവരെ കൗശലത്തില്‍ കുടുക്കാന്‍ എനിക്കറിയാം”
ഒന്നാമന് ഉത്സാഹത്തോടെ മറുപടി പറഞ്ഞു. മുതലാളിക്കു സന്തോഷമായി.
” കളളന്മാര് ശക്തരാണ് ആയുധം കാട്ടി ഭീക്ഷണിപ്പെടുത്തിയാല്‍?”
” ഷെര്‍ലക് ഹോംസും ജയിംസ് ബോണ്ടുമാണ് എന്റെ മാതൃകാ പുരുഷന്മാര്. കള്ളന്മാരെ കീഴ്പ്പെടുത്താനുള്ള സകല വിദ്യകളും എനിക്കറിയാം”
” കൊള്ളാം”മാത്തച്ചന് മുതലാളി രണ്ടാമനോടും ഇതേ ചോദ്യം ചോദിച്ചു.
” ഹ…..ഹ….ഹ… ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം എത്ര നിസ്സാരം ”
” അതെന്താ നീ അത്രക്കു മിടുക്കനാണൊ?”
” ആണോന്നോ? മുതലാലി എന്നെക്കുറിച്ചെന്തു കരുതി എന്റെ മിടുക്ക് അറിയണമെങ്കില്‍ പോലീസ്സ്റ്റേഷനില്‍ അന്വേഷിച്ചാല്‍ മതി’ ‘ രണ്ടാമന്റെ മറുപടി കേട്ടപ്പോള്‍ മുതലാളി സംതൃപതനായി . പോലീസുകാര്‍ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ പിന്നെ ബാക്കി പറയേണ്ടല്ലോ. രണ്ടാമനെ വീട്ടുകാവല്ക്കാരനാക്കാന് മുതലാളി ഉറപ്പിച്ചു.
” ആട്ടെ എന്തൊക്കെ കാര്യങ്ങളാണ് നീ ചെയ്തിട്ടുള്ളത്?”
” ഗൂര്‍ഖയും പാറാവുകാരനുമുണ്ടായിട്ടു പോലും പട്ടണത്തിലെ സ്വര്‍ണ്ണക്കടയില്‍ നിന്ന് പതിമൂന്നു പവന് സ്വര്‍ണ്ണം അടിച്ചെടുത്തത് ഞാനല്ലേ? പിടിക്കപ്പെട്ടപ്പോള്‍ രക്ഷപ്പെടാന്‍ ഞാനെടുത്ത ടെക്നിക്കല്ലേ ഏറ്റവും വലിയ യോഗ്യത?”
Generated from archived content: story1oct3_13.html Author: gifu_melattur