നിത്യവും പ്രകൃതിക്കു ദുഃഖമുണ്ടെങ്കിലും
പൊട്ടിക്കരയാൻ മറന്നുപോയീടുന്നു
നിത്യവും ചിരിക്കുവാൻ മോഹമുണ്ടെങ്കിലും
ഒന്നു ചിരിക്കുവാൻ മറന്നുപോയീടുന്നു
ആരും പറയാതെ വന്നു കേറീടുന്നീ-
അല്ലലും ദുഃഖവും അശ്രീകരങ്ങളും
ആരും പറഞ്ഞിട്ടും പോകുന്നതില്ലൊട്ടും
വ്യാകുലചിന്തയും കഷ്‌ടനഷ്‌ടങ്ങളും
ആരും വിലക്കുവയ്‌ക്കുന്നില്ല നീതിക്കു
ആർക്കുമനീതിയെ ശങ്കയില്ലൊട്ടുമേ
ഒട്ടുവിശാലമീ ഭൂതലം-ഒട്ടുപേർ-
ക്കെന്നുമേ വച്ചു വാഴിക്കണം സ്വന്തമായ്.
വെട്ടിമുറിച്ചു-പകുത്തു പങ്കിട്ടെടു-
ത്തൊട്ടുപേർ ഭൂമിയെ സ്വന്തമാക്കീടുന്നു
ഒട്ടുപേർക്കൊട്ടും കൊടുക്കാതെതട്ടി-
പ്പറിച്ചെടുത്തീടുന്നു വിസ്‌തൃതികൂട്ടുന്നു.
സ്വന്തമായ് വാഴണം-ഇഷ്‌ടബന്ധുക്കൾക്ക്
സ്വന്തമായ് തീരണം-സ്വന്തമായ് തീർക്കണം
സ്വന്തത്തിലാരും കടക്കാതെ നല്ലൊരു-
കൽമതിൽ കെട്ടണം-ഭദ്രമാക്കീടണം.
കൽമതിൽ കെട്ടിത്തിരിച്ചാലാകെട്ടിന്റെ
യപ്പുറത്തെങ്ങാനുമാരാനുമൊട്ടൊന്നു-
ചാരിയിരുന്നു മയങ്ങുന്നുവെന്നാകിൽ
അന്നേരമാക്രോശമെന്റേതാണാമതിൽ
എന്റെതാണീ മതിൽ-എന്റെതീ കൊട്ടാരം
എൻഭൂമി, എൻ സ്വന്തം, സർവ്വവുമെന്റേത്
എന്റേതിലാക്കും കടക്കേണ്ട- നോക്കണ്ട
പിന്നേയുമാക്രോശമെന്റേതു സർവ്വവും
എന്റെ സമ്പത്തുകൾ
ആരുമെടുക്കല്ലെ-
എന്നതുമാത്രം-മനസ്സിന്നശാന്തത-
രാവും പകലും -മനസ്സുരുക്കീടുന്ന
സ്വസ്ഥതയെല്ലാം കെടുത്തുന്നു ഭാഗ്യങ്ങൾ
സമ്പത്തുവേണം-തൊഴിലുവേണം
എല്ലാ സ്ഥാനമാനങ്ങളും ഞങ്ങൾക്കായീടണം
ഞങ്ങൾക്കു താഴെയായ് കിങ്കരരായിട്ടു-
മൊട്ടുപേർ വേണം ദരിദ്രലക്ഷങ്ങളായ്
ഒന്നുമില്ലാത്തവനൊന്നും കൊടുക്കാത്ത-
ഒന്നുമെടുക്കാനനുവദിച്ചീടാത്ത-
നാട്ടിൻ വ്യവസ്ഥിതി മാറ്റിമറിച്ചീടാൻ
സമ്മതിച്ചീടാത്ത സമ്പന്നഭാവമേ!
ഹാ!! മായ സർവ്വവും മായയാണൂഴിയും
സമ്പത്തുമൈശ്വര്യ സ്ഥാനമാനങ്ങളും
മായയാണണ്‌ഡകടാഹങ്ങളും-മഹാ-
മായയാണെന്ന് പറഞ്ഞില്ലെ സോളമൻ
ഉളളതെല്ലാർക്കുമായ് പങ്കിട്ടെടുക്കുന്ന
സന്മനോഭാവമാണീശ്വരചൈതന്യം
ഉളളതെല്ലാമെന്റെതാകണമെന്ന
ദുർമോഹം വെടിയുന്നതാണീശചൈതന്യം!!
Generated from archived content: poem3_july9_05.html Author: g_mercy_kakkanad