കഴിഞ്ഞ 25 വർഷത്തിലേറെയായി ആകാശവാണി ശ്രോതാക്കൾക്ക് ചിരപരിചിതമാണ് ‘ആചാരി തിരുവത്ര’ എന്ന നാമം. ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന ഓരോ പരിപാടികളെക്കുറിച്ചും വിലയിരുത്തി കത്തുകളയക്കുന്ന ആചാരി ആകാശവാണിക്കാർക്കും പ്രിയപ്പെട്ടയാളുതന്നെ. പതിമൂന്നാം വയസിൽ തുടങ്ങിതാണീ കത്തെഴുത്ത്. അന്നൊന്നും ഇദ്ദേഹത്തിന്റെ കൈവശം റേഡിയോ ഇല്ലായിരുന്നു. അയൽവീടുകളിൽ പോയിരുന്നാണ് റേഡിയോ പരിപാടികൾ കേട്ടിരുന്നത്. അക്കാലത്ത് ഏതെങ്കിലും വീടുകളിൽ പ്രധാന ചടങ്ങുകൾ നടക്കുമ്പോൾ റേഡിയോ പരിപാടികൾ റെക്കോർഡ് ചെയ്‌ത് ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുമായിരുന്നു. ആകാശവാണിയുടെ തൃശൂർ നിലയത്തിലേക്കാണ് ആദ്യമായി കത്തെഴുതിയത്. പിന്നീട് മോസ്‌കോ റേഡിയോ, ശ്രീലങ്ക തുടങ്ങിയ നിലയങ്ങളിലേക്കും എഴുതി. ഇപ്പോൾ തൃശൂർ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, ദേവികുളം എന്നീ നിലയങ്ങളിലെക്കും, തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലേക്കും തുടർച്ചയായി പ്രതികരണമയച്ചുകൊണ്ടിരിക്കുന്നു. ആചാരി തിരുവത്ര എന്ന തൂലികാ നാമം സമ്മാനിച്ചത് നാട്ടുകാരനായ ഗോപാലകൃഷ്ണൻ മാസ്‌റ്ററാണ്. മോഹൻദാസ് ആചാരി എന്ന ആചാരി തിരുവത്രയ്‌ക്ക് ഇന്ന് വയസ് 41. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും കാർപെയിന്ററായി ജോലിയെടുക്കുമ്പോഴും ഇന്നും റേഡിയോ സന്തതസഹചാരിയായി കൂട്ടിനുണ്ട്. ആചാരിയുടെ ഓർമ്മയിൽ ആകാശവാണിക്കയച്ച കത്തുകളുടെ എണ്ണം 25000ത്തിൽപരം വരും. ആകാശവാണി തൃശ്ശൂർ നിലയത്തിന്റെ പല പരിപാടികളിലും ആചാരി തിരുവത്ര പങ്കെടുത്തിട്ടുണ്ട്. അഭിമുഖം, യുവവാണിയിലെ സഞ്ചരിക്കുന്ന മൈക്രോഫോൺ, സാഹിത്യരംഗം, പ്രഭാഷണം….എന്നിവയിലൊക്കെ. രാത്രി 11 മണിവരെയുള്ള റേഡിയോ പ്രക്ഷേപണം കഴിഞ്ഞിട്ടേ ഈ ശ്രോതാവ് ഉറങ്ങാൻ കിടക്കൂ. അതും പരിപാടികൾ കേട്ട് കത്തെഴുതി പോസ്‌റ്റു ചെയ്യാൻ ഒരുക്കിയതിനുശേഷം.
തൃശൂർ ജില്ലയിലെ ചാവക്കാടിനടുത്തു തിരുവത്രയിൽ വൈലത്തൂർ വീട്ടിൽ വേലായുധൻ-ദേവകി ദമ്പതിമാരുടെ പുത്രനായ ആചാരി, റേഡിയോ ശ്രോതാക്കളുടെ സംഘടനയായ അഖിലകേരള റേഡിയോ ലിസണേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന കൗൺസിലറും സംഘടനയുടെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയും കൂടിയാണ്. ആകാശവാണിയ്‌ക്ക് കത്തുകളയക്കാൻ ഏറെ പ്രോത്സാഹനം നൽകുന്നത് ഭാര്യ നന്ദിനിയും മകൾ അർച്ചനാദാസുമാണ്. ആകാശവാണിയുടെ പരിപാടികൾ കേൾക്കാൻ ആചാരിക്കു കഴിയാതെ വന്നാൽ സഹധർമ്മിണി പ്രോഗ്രാം റെക്കോർഡ് ചെയ്‌തുവെക്കും. പ്രക്ഷേപണരംഗത്ത് മാത്രമല്ല, സാഹിത്യരംഗത്തും ആചാരി തിരുവത്ര ശ്രദ്ധേയനാണ്. മാതൃഭൂമി വാരികയിലൂടെ എഴുതിത്തുടങ്ങിയ ഇദ്ദേഹം ഇതിനകം നൂറിൽപരം കഥകളും കവിതകളും രചിച്ചിട്ടുണ്ട്. മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവകം പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ ഒരു കഥാസമാഹാരവും ഒരു കവിതാസമാഹാരവും പ്രസിദ്ധീകരിക്കുകയുണ്ടായി.
ദൃശ്യമാധ്യമങ്ങൾ അടിച്ചേൽപ്പിക്കുന്ന കമ്പോള സംസ്‌കാരം ഒരു വിധത്തിലും റേഡിയോ പരിപാടികളെ ബാധിക്കുന്നില്ല എന്ന അഭിപ്രായക്കാരനാണീ ശ്രോതാവ്.
Generated from archived content: essay_jan31_07.html