കുയിലുകൾ പാടുന്നു.
കിഴക്കൻ ഗിരിനിരകളിലൊരു
സുവർണമന്ദിരത്തിൻ വാതായനങ്ങൾ-
മെല്ലെ തുറന്നു;
സാമഗീതമോതിയെത്തുമുഷസ്സിൻ-
സ്‌പർശത്താൽ,
നഭസ്സിൻ മുഖം തുടുത്തു!
നദിതൻ മാറ് തുടിച്ചു!!
പുതുനാമ്പുകളെ തഴുകിയുണർത്തി,
പ്രഭാതമേ നീ വന്നീടുമ്പോൾ;
നിൻകരവലയത്തിലമർന്ന,യീ ഭൂമി,
നവോഢയെപ്പോൽ നാണിച്ചു നിൽക്കുന്നു.
പുൽനാമ്പിലും; പാതിവിരിഞ്ഞൊരു-
പൂവിൻ മനസ്സിലും, ഹിമബിന്ദുകുളിരായ്-പടരുന്നു.
ഹേമവർണമായ് വിളങ്ങുമാ കണികയെൻ,
ഹൃത്തിലു,മാനന്ദമായ് അലിയുന്നു.
തേൻതേടി കുരുവികളീ, സ്വപ്‌ന-
ത്താഴ്‌വരയിൽ നൃത്തമാടിടുമ്പോൾ‘
ഉഷസ്സേ, നിൻ തൂവൽസ്‌പർശമേറ്റുണർന്നെൻ,
ഉയിരുമീ, പ്രകൃതിയിൽ അലയുന്നു
പൂവിൽനിന്ന് പൂക്കളിലേക്ക്,
പ്രണയമധു തേടി അലയുന്നു.
Generated from archived content: poem6_may7.html Author: es_ratheesh
Click this button or press Ctrl+G to toggle between Malayalam and English