കാർ റോഡരികിൽ നിർത്തി ‘ഞാനിപ്പോൾ വരാം’ എന്നു പറഞ്ഞ് ഭർത്താവ് കംമ്പ്യൂട്ടർ വിൽക്കുന്ന കടയിലേക്ക് നടന്നു. കാറിനുള്ളിൽത്തന്നെയിരുന്നുകൊണ്ട് ചുറ്റുമുള്ളവരെ നിരീക്ഷിക്കുന്നത് അവൾക്കിഷ്‌ടമുള്ള ഒരു വിനോദമായിരുന്നു. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ വരുന്നവർ – വെറുതെ ഷോപ്പിംഗിനായി വന്ന് ഒന്നും വാങ്ങാതെ മടങ്ങുന്ന വിൻഡോ ഷോപ്പിംഗുകാർ – നാലു പാതകൾ കൂട്ടിമുട്ടുന്ന ആ നാൽക്കവല കണ്ടപ്പോൾ മനസ് ആശയക്കുഴപ്പത്തിലായി. ഈ പാതകൾ നാലും കൂട്ടിമുട്ടുകയാണോ അതോ വേർപിരിയുകയാണോ? ഈ നാൽക്കവലയിൽ വെച്ച് നാലുപാതകളും സ്വന്തം വഴി കണ്ടെത്തി പിരിയുകയാണോ അതോ ഒട്ടേറെ ദൂരം താണ്ടിയെത്തി അവസാനം ഇവിടെ വെച്ച് നാലുപാതകൾ കണ്ടുമുട്ടുകയാണോ? ഓർക്കുമ്പോൾ കൗതുകം തോന്നി. ഇതുപോലെയല്ലേ ജീവിതവും? പാതിയടഞ്ഞു കിടക്കുന്ന വാതിൽനോക്കി ഞാൻ ദുഃഖിക്കുമ്പോൾ വാതിൽ പകുതിയെങ്കിലും തുറന്നുവല്ലോ എന്നു പറഞ്ഞ് പ്രത്യാശയോടെ പുഞ്ചിരിക്കുന്ന ഭർത്താവ്. എനിക്കെന്തിനാണ് ഈ പാനപാത്രത്തിൽ പകുതിമാത്രം പാനീയം തന്നതെന്ന് ഞാൻ ദൈവത്തെ കുറ്റപ്പെടുത്തുമ്പോൾ പഠനപാത്രം പകുതി നിറച്ചതിൽ ദൈവത്തോട് നന്ദി പറയുന്ന ഭർത്താവ്. എനിക്കു മാത്രമെന്തിനാണീ മുള്ളുവിരിച്ചപാതകൾ ലഭിച്ചതെന്നും എന്നെപ്പോലെ ദൈവഭക്തയായ ഒരു പെൺകുട്ടിയെ ദൈവമെന്തിനാണ് ഇടക്കിടെ പരീക്ഷിക്കുന്നത് എന്നും ഞാനോർത്തു പോവാറുണ്ട്. ‘എല്ലാം ശരിയാവും. ഈ കഷ്‌ടപ്പാടുകൾ എന്നെന്നും നിലനിൽക്കുകയൊന്നുമില്ല. വെയിലും മഴയും അല്ലെങ്കിൽ ചൂടും തണുപ്പും എന്നതുപോലെ കയ്‌പും മധുരവും ഇടകലർന്നതല്ലേ കുട്ടി ഈ ജീവിതം.?’ – എന്നു ഭർത്താവ് പറയും. ‘എനിക്കിതൊന്നും കേൾക്കേണ്ട. എനിക്കെപ്പോഴും ദുഃഖം മാത്രമേ ദൈവം തന്നിട്ടുള്ളു.’ – എന്നു കൊച്ചുകുട്ടിയെപ്പോലെ പരാതിപ്പെടുന്ന താൻ. ‘നിന്റെ ജീവിതത്തിൽ ദൈവം തന്ന അനുഗ്രഹങ്ങൾ എണ്ണി നോക്കൂ. എന്നു മറുപടി പറയുന്ന ഭർത്താവ്. ഒരു വിരോധാഭാസം പോലെ ഒരിക്കൽ ഒരു ആശാവാദിയും നിരാശാവാദിയും തമ്മിൽ കണ്ടുമുട്ടിയെന്നു മാത്രമല്ല അവർ പരസ്‌പരം ആകർഷിക്കപ്പെടുകയും ജീവിതപങ്കാളികളായിത്തീരുകയും ചെയ്‌തു. ഇതല്ലേ നമ്മുടെ കഥ? വിപരീത ധ്രുവങ്ങൾ ആകർഷിക്കപ്പെടുന്ന എന്ന തത്വം തെളിയിച്ചുകൊണ്ട് നാം ജീവിക്കുന്നു പുഞ്ചിരിയോടെ അവളോർത്തു.
’എന്താണോർക്കുന്നത്? വേഗം ഈ ഐസ്‌ക്രീം കഴിക്കൂ. എന്നിട്ട് നമുക്കു തിരിച്ചു പോകാം?‘- കയ്യിൽ ചോക്ലേറ്റ് ഐസ്‌ക്രീമും ചുണ്ടിൽ ഒരു കുസൃതിച്ചിരിയുമായി ഭർത്താവ്. അവർ ഐസ്‌ക്രീം നുണഞ്ഞുകൊണ്ട് സ്‌നേഹപൂർവ്വം ഭർത്താവിനെ നോക്കി. കൂട്ടിമുട്ടുന്ന പാതകളെക്കുറിച്ച് വീട്ടിലെത്തിയ ശേഷം ഭർത്താവിനോടു പറയാമെന്ന് അവർ കരുതി. നന്ദൂ നീ പറയുന്നതുപോലെ ഈ പാതകൾ വേർപിരിയുകയില്ല, കൂട്ടിമുട്ടുകയാണ് – എന്നായിരിക്കും ഭർത്താവിന്റെ ഉത്തരം എന്നും അവളോർത്തു.
Generated from archived content: story1_mar4_11.html Author: dr_mejar.nalini_janardanan