വിതയ്‌ക്കുന്നതു കൊയ്യും എന്ന കർമ്മനിയമത്തിനു കീഴ്‌പ്പെട്ടാണ് അവതാരങ്ങൾ പോലും കഴിഞ്ഞിട്ടുളളത് എന്ന് പുരാണങ്ങൾ പരിശോധിച്ചാൽ കാണാം. ബാലിയെ ഒളിയമ്പെയ്‌തു കൊന്ന രാമാവതാരത്തിന് കൃഷ്‌ണാവതാരത്തിൽ ഒളിയമ്പു കൊളേളണ്ടതായി വന്നു. മഹാഭാരതയുദ്ധത്തിലൂടെ കൗരവവംശത്തിനു നാശം വരുത്തിയപ്പോൾ അതിനു ചരടുവലിച്ച ശ്രീകൃഷ്‌ണന് സ്വന്തം വംശത്തിന്റെ നാശവും കാണേണ്ടതായി വന്നു.
ഭുവനങ്ങളെ സൃഷ്‌ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കർമ്മപാശത്തെ ലംഘിക്കയെന്നതു
ബ്രഹ്‌മാവിനുമെളുതല്ല നിർണ്ണയം
എന്ന് പൂന്താനം ജ്ഞാനപ്പാനയിലും പറഞ്ഞിരിക്കുന്നു.
അതെ കർമ്മനിയമം അലംഘനീയമാണ്. അതിനാൽ, അഹിംസ വിതച്ച് അഹിംസ കൊയ്യുക, ധർമ്മം വിതച്ച് ധർമ്മം കൊയ്യുക.
ഒരു ജാതി
‘പുണർന്നുപെറുമെല്ലാമൊരിനമാം’ എന്നാണ് ഗുരുദേവൻ ജാതിയെ നിർവചിച്ചിരിക്കുന്നത്. അതായത് ആണും പെണ്ണും ചേർന്നാൽ കുട്ടിയുണ്ടാകുന്നത് ഒരു ജാതിയാണ് എന്ന്.
ഗുരുദേവന്റെ കാഴ്‌ചപ്പാടിൽ ഒരു ജാതി എന്നത് നരജാതിയാണ്.
ഒരു ജാതിയിൽ നിന്നല്ലോ
പിറന്നീടുന്നു സന്തതി
നരജാതിയിതോർക്കുമ്പോ-
ളൊരുജാതിയിലുളളതാം
നരജാതിയിൽ നിന്നത്രേ
പിറന്നീടുന്നു വിപ്രനും
പറയൻ താനുമെന്തുളള
തന്തരം നരജാതിയിൽ?
മുന്നോക്കജാതിയും പിന്നോക്കജാതിയും അതിന്റെ പേരിലുളള വർഗ്ഗസമരങ്ങളും ശ്രീനാരായണധർമ്മത്തിൽ ഉൾപ്പെടുന്നില്ല.
Generated from archived content: essay_oct29_05.html Author: dr_kr_remeshan