അഹിംസ സാമാന്യധർമ്മമാണ്. അതായത് സാധാരണക്കാരായ പൗരന്മാർ പിന്തുടരേണ്ട ധർമം. രാജ്യം ഭരിക്കുന്ന രാജാവ് അഹിംസയും പറഞ്ഞിരുന്നാൽ ദുഷ്‌ടൻ പനപോലെ വളരും. അതിനാൽ രാജാവ് ശിക്ഷിക്കേണ്ടവനെ ശിക്ഷിക്കണം. രക്ഷിക്കേണ്ടവനെ (ധർമബുദ്ധികളെ) രക്ഷിക്കുകയും വേണം.
രാജാവ് അഹിംസാ പരമോ ധർമ്മഃ എന്നും പറഞ്ഞിരുന്നാൽ രാജ്യം അന്യാധീനപ്പെട്ടു പോകും. ബുദ്ധമതിവിശ്വാസികളായ രാജാക്കൻമാർക്ക് പലപ്പോഴും ഈ തെറ്റു പറ്റിയിട്ടുണ്ട് എന്നുവേണം കരുതാൻ. അഹിംസയുടെ അതിപ്രസരംകൊണ്ടാണ് വിദേശാക്രമണകാരികൾക്ക് ഭാരതത്തെ നിഷ്‌പ്രയാസം കീഴ്‌പ്പെടുത്താൻ കഴിഞ്ഞത്.
ഹിന്ദുമതത്തിൽ യുദ്ധം ചെയ്യാൻ ക്ഷത്രിയൻ ഉണ്ടായിരുന്നു. എന്നാൽ ബുദ്ധമതം പ്രാബല്യത്തിൽ വന്നപ്പോൾ ക്ഷത്രിയരും ഇല്ലാതായി.
പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്‌കൃതാം
-ഇതായിരിക്കണം രാജധർമം. ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കാൻ കോടതിയും നീതിപാലകരും തയ്യാറായില്ലെങ്കിൽ രാജ്യത്ത് എങ്ങനെ ധർമം (നീതി) നിലനിൽക്കാനാണ്.
മാനവികത
നാരായണഗുരു ഉപദേശിച്ചിരിക്കുന്ന മാനവികത സംസ്‌കാര സമ്പന്നമായ ഒരു ജനതക്കു വേണ്ടിയുളളതാണ്. എല്ലാവരും ആത്മ സഹോദരരാണെന്ന് ഗുരു പഠിപ്പിക്കുന്നു. അതായത് ലോകം ഒരു തറവാടാണ്. അതിനാൽ തറവാട്ടിലെ അംഗങ്ങൾ ‘അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം’ – എന്ന ധർമ്മതത്വത്തിന്റെ അടിസ്ഥാനത്തിൽ കർമ്മം ചെയ്‌ത് ജീവിക്കണം. എന്റെ ജാതി നിന്റെ ജാതി, എന്റെ മതം നിന്റെ മതം, എന്റെ പാർട്ടി നിന്റെ പാർട്ടി എന്ന ഭേദബുദ്ധി ശ്രീനാരായണ ധർമ്മത്തിൽ ഇല്ല.
Generated from archived content: essay2_nov24_05.html Author: dr_kr_remeshan