മോക്ഷത്തിലേയ്‌ക്കുളള തീർത്ഥയാത്രയാണ് ആത്മീയജീവിതം. ഇതിന് ജ്ഞാനമാർഗ്ഗം, കർമ്മമാർഗ്ഗം എന്നിങ്ങനെ രണ്ടുമാർഗ്ഗങ്ങളും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ യാത്ര ഒരു ജന്മം കൊണ്ട് പൂർത്തിയാകുന്നില്ല. ഇതിന് ജന്മജന്മാന്തരങ്ങളുടെ ദൈർഘ്യമുണ്ട്.
മോക്ഷത്തിലെത്തുന്നതിനു മുൻപുതന്നെ മനുഷ്യൻ മരണപ്പെടുന്നത് സർവ്വസാധാരണമാണ്. എന്നുകരുതി മോക്ഷം മരണമോ മരണശേഷം മാത്രം എത്തിച്ചേരുന്ന ഒരു ലക്ഷ്യമോ അല്ല.
ജ്ഞാനസ്വരൂപനായ ഈശ്വരനെ സാക്ഷാത്‌കരിക്കുന്നതാണ് മോക്ഷം. ഈ ലക്ഷ്യം ജീവിച്ചിരിക്കുമ്പോൾത്തന്നെ സാക്ഷാത്‌കരിച്ചവരെ സത്യദർശികൾ എന്നു വിളിക്കുന്നു. സത്യദർശനത്തോടെ അവർ ജീവന്മുക്തന്മാരായി മാറുന്നു. ജീവന്മുക്തന്മാർക്ക് സന്യാസികളായിട്ടോ ഗൃഹസ്ഥാശ്രമികളായിട്ടോ ജീവിക്കാം. സത്യദർശികളായതിനുശേഷം ഗൃഹസ്ഥാശ്രമികളായി ജീവിച്ചവരാണ് നമ്മൾ പുരാണങ്ങളിൽ കാണുന്ന വസിഷ്‌ഠൻ, അഗസ്‌ത്യൻ മുതലായ ഋഷിമാർ.
Generated from archived content: essay1_june17_05.html Author: dr_kr_remeshan