കരിങ്കൊടി

ടെലഫോണിന്റെ നീളമുള്ള ബെല്ലടികേട്ട് ഞെട്ടിത്തരിച്ച് പുതപ്പിനുള്ളില്‍ നിന്ന് ഉരുണ്ട് തിരിഞ്ഞ് എഴുന്നേറ്റപ്പോള്‍ ബെല്ലടി നിലച്ചു.

തലയണക്കീഴില്‍ നിന്ന് ടോര്‍ച്ച് പരതിയെടുത്ത് ഇരുട്ടിനെ കീറിമുറിക്കാന്‍ അല്‍പ്പം വൈകി മന:പൂര്‍വമായിരുന്നില്ല. നിദ്രയുടെ തടവറയിലായിരുന്നു.

മരണവീട്ടില്‍ നിന്ന് ഫണ്ട് സെക്രട്ടറി ഉദ്യോഗം പൂര്‍ത്തീകരിച്ച് വന്ന് കിടന്നപ്പോള്‍ പാതിരാ കഴിഞ്ഞിരുന്നു. കറുപ്പന്‍ വലിയച്ഛന്റെ ശവദാഹകര്‍മ്മം കഴിഞ്ഞ് ചിതക്ക് മകന്‍ കണ്ണന്‍ തീപകര്‍ന്നു കണ്ണീര്‍ പൊഴിച്ചു. ഉറ്റവരും നാട്ടുകാരും വയല്‍ വരമ്പിലൂടെ കൈവഴികള്‍ താണ്ടി പെരുവഴിയിലൂടെ നടന്നു.

കില്ലപ്പട്ടിയും മറ്റ് നായ്ക്കുട്ടന്മാരും അങ്ങിങ്ങായി ഓളിയിട്ടു. നിദ്രാഭംഗം വന്നിട്ടോ എന്തോ പാതിരാക്കോഴികള്‍ കൂട്ടിനു ഉള്ളിലും പുറത്തുമായി കൂവി.

പന്തലിന്റെ മൂലക്ക് ചാരുകസേരയില്‍ മയങ്ങിക്കിടന്നിരുന്ന ഫണ്ട് പ്രസിഡന്റ് കരുണാകരന്‍ ചേട്ടന്‍ നീട്ടിയൊരു കോട്ടുവായ് മുഴക്കി പെട്ടന്ന് ചാടിയെഴുന്നേറ്റ് എന്റെ നേരെ തിരിഞ്ഞ് അദ്ദേഹത്തിന്റെ തനതു ശൈലിയില്‍ എന്നെ വിളിച്ചു.

ചന്ദ്രൂ എന്താ.. ഇനി നമുക്ക് തല്‍ക്കാലം പിരിയാം. മരണഫണ്ട് പ്രസിഡന്റ് അദ്ദേഹത്തിന്റെ നയം വ്യക്തമാക്കി.

തെല്ലകലെ സിഗരറ്റിനു തീപിടിപ്പിച്ച് ഇരുത്തി വലിച്ചുകൊണ്ടിരുന്ന ശിപായി ഉണ്ണപ്പന്‍ ചേട്ടന്‍ മരണഫണ്ട് വക കണക്ക് പുസ്തകവും പേനയും അറിയിപ്പ് ചീട്ടുമൊക്കെ സഞ്ചിയിലാക്കി എഴുന്നേറ്റു. പിന്നെ താമസിച്ചില്ല.

കറുപ്പന്‍ വലിയച്ഛന്റെ മകനെ നോക്കി പ്രസിഡന്റ് ഒരു കമന്റ് പാസാക്കി – ഇനി ഈ രാത്രി വിടയില്ല മോനേ നാളെ രാവിലെ കാ‍ണാം. പട്ടിണിക്കഞ്ഞി കാര്യങ്ങളൊക്കെ അപ്പോ സംസാരിക്കാം എന്താ ചന്ദ്രശേഖരാ? ഞാന്‍ തലകുലുക്കി. കഴിവതും ഒന്‍പത് മണിക്ക് വരാം.

അദ്ദേഹം ഇരുത്തി മൂളി.

കണ്ണന്റെ തോളില്‍ പ്രസിഡന്റ് തലോടി.

ഞങ്ങള്‍ മരണഫണ്ട് ഭാരവാഹികള്‍ പാടവരമ്പിലൂടെ കൈവഴിതാണ്ടി നടന്നു.

മരത്തലപ്പിനിടയിലെ പഞ്ചാരമണല്‍ മഞ്ഞില്‍ കുതിര്‍ന്നിരുന്നു.

തോളില്‍ കിടന്നിരുന്ന ഷാള്‍ കുടഞ്ഞ് കരണം മൂടികെട്ടുന്നതിനിടയില്‍ കരുണാകരന്‍ ചേട്ടന്‍ ഉണ്ണപ്പന്‍ ശിപായിയോടു ചോദിച്ചു

‘ തീപ്പട്ടിയുണ്ടോ?’

ഞങ്ങള്‍ മൂവരും സിഗരറ്റിനു തീപിടിപ്പിച്ചു. ‘ വഴിപിരിഞ്ഞു’

ഞാന്‍ വീടിന്റെ പടി കടന്നപ്പോള്‍‍ കൈസര്‍ സ്നേഹപ്രകടനത്തോടെ മുറുമുറുത്ത് എന്റെ ചുറ്റിനും മണം പാര്‍ത്ത് കുറുങ്ങി.

വീടിന്റെ പിന്നിലെ കതക് തുറക്കാന്‍ ഞാന്‍ ശ്രമിക്കവെ അകത്തു നിന്ന് മുത്തമ്മയുടെ നിര്‍ദ്ദേശം.

കുളി കഴിഞ്ഞിട്ടു അകത്തോട്ടു കയറിയാല്‍ മതി.

കൈകാല്‍ കഴുകി എല്ലാം സമര്‍പ്പിക്കാമെന്ന് ഞാന്‍ മനസാ നിനച്ചിരുന്നു. പക്ഷെ എന്റെ പ്ലാന്‍ കല്ലേക്കേറി ഞാന്‍ മനസാ കൈസറെ ശപിച്ചു.

അവന്‍ എപ്പോഴും എന്റെ നേരെ നോക്കി മുറ്റത്തിരുപ്പാണ്. എന്റെ വക അത്താഴപങ്കിനുള്ള കാത്തിരിപ്പാകാം.

പശുത്തൊഴുത്തിലെ ലൈറ്റ് പ്രകാശം പരത്തി. ഒപ്പം ജനാലപ്പാളി മെല്ലെ തുറക്കപ്പെട്ടു. തുടര്‍ന്ന് നിര്‍ദ്ദേശം അമ്മയുടെ വകയായിരുന്നു.

സോപ്പും തോര്‍ത്തും ഇറയത്ത് വച്ചിട്ടുണ്ട് വേഗം കുളിച്ച് ആഹാരം കഴിച്ച് കിടക്കാന്‍ നോക്ക്.

ചോദ്യങ്ങള്‍ക്ക് ഇടം കൊടുക്കരുത് എന്ന് കരുതി ഞാന്‍ കുളത്തിലേക്കു നടന്നു. പിന്നെ എല്ലാം പെട്ടന്ന് ഒപ്പിച്ചു ലൈറ്റ് അണച്ചു കിടന്നു.

ആഹാരം കഴിച്ചോ എന്തോ ഓര്‍മ്മയില്ല.

ടെലിഫോണ്‍ വീണ്ടും ബെല്ലടിച്ചു. പെട്ടന്ന് ടോര്‍ച്ച് ലൈറ്റില്‍ റിസീവര്‍ എന്റെ കൈപ്പിടിയിലായി ആലപ്പുഴക്കാരന്‍ രാമന്‍ അപ്പൂപ്പന്‍ മരിച്ചു നാളെ രാവിലെ പതിനൊന്നു മണിക്ക് സംസ്ക്കാരം.

പെട്ടന്ന് മനസിലൊരു കൊള്ളീയാന്‍ മിന്നി. കയര്‍ തൊഴിലാളി യൂണിയന്‍ താലൂക്കില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നു.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ. ഹര്‍ത്താല്‍ ആരംഭിക്കാന്‍ ഇനി കഷ്ടി ഒരു മണിക്കൂര്‍ എങ്ങനെ പോകും?

ഹര്‍ത്താല്‍ ബന്ദാവാനും സാധ്യതയുണ്ടാകും. അതാണല്ലോ അതിന്റെയൊരു ഗമ. കയര്‍ തടുക്ക് തൊഴിലാളി നേതാവ് ശ്രീകണ്ഠനാണ് കൊല്ലപ്പെട്ടത്. കൊന്നതോ, റാട്ട് തൊഴിലാളി ശാന്തിയുടെ ഭര്‍ത്താവ് ശാന്തപ്പന്‍. തെങ്ങ് കയറ്റ തൊഴിലാളി.

പേരിലെ ശാന്തതയൊന്നും അവനില്‍ ഉണ്ടാവാറില്ല.

കൊലപാതകം നടന്നതോ ശാന്തപ്പന്റെ വീട്ടുമുറ്റത്ത് റാട്ടുപുരയില്‍. പിന്നാം പുറം കഥകള്‍ ജനം പലവിധം വിവരിക്കുന്നു. പൊടിപ്പും തൊങ്ങലും കൂട്ടിച്ചേര്‍ത്ത് ഒരു നിമിഷം എന്റെ മനസില്‍ ചിന്തയുടെ കാടുകയറി. പെട്ടന്ന് ചിന്തയുടെ കടിഞ്ഞാണ്‍ മുറുകി.

ആലപ്പുഴക്ക് എങ്ങെനെ പോകും?

ചാത്തപ്പറമ്പിലെ കുഞ്ഞിക്കുട്ടനെ കണ്ട് കാര്യം പറഞ്ഞാല്‍ അവന്‍ വരും. എന്തിനും തയ്യാറുള്ള ചെറുപ്പക്കാരനായ മിടുക്കന്‍ ഡ്രൈവര്‍.

കലണ്ടറില്‍ കുറിച്ചിരുന്ന നമ്പര്‍ നോക്കി ഞാന്‍ വിളിച്ചു.

അവന്‍ വരാമെന്നേറ്റു. പക്ഷെ ഒരു കരിങ്കൊടി കരുതണം. ശീലക്കുടയുടെ തുണിയായാലും മതി അവന്‍ പറഞ്ഞു.

ഞാന്‍ ആശ്വസിച്ചു.

അവന്റെ വരവിനു മുന്നായി അത്യാവശ്യ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കണം.

എല്ലാം പെട്ടന്ന് പൂര്‍ത്തീകരിച്ചു.

കുഞ്ഞിക്കുട്ടനെ പ്രതീക്ഷിച്ച് ഞാനും അളിയനും കുഞ്ഞിപ്പെണ്ണും വരാന്തയില്‍ കാത്തു നിന്നു.

മണി ഒന്‍പത് കഴിഞ്ഞു.

കുഞ്ഞിക്കുട്ടന്‍ വന്നില്ല.

അവനെ അന്വേഷിക്കാക്കാന്‍ പോയ ശേഖരന്റെ നിഴല്‍ പോലും കാണുന്നില്ല.

പെട്ടന്ന് സൈക്കിളിന്റെ കൂട്ടമണിമുഴക്കം കേട്ടു.

സൈക്കിള്‍ പാടത്തിനക്കരെ വെച്ചിട്ട് ശേഖരന്‍ വീട്ടു മുറ്റത്തേക്ക് ഓടി വന്നു.

ചതിച്ചു ചേട്ടാ എസ്. സി. ടിക്കാര്‍ കുഞ്ഞിക്കുട്ടന്റെ തലതല്ലിപ്പൊട്ടിച്ചു. ഓട്ടോയും അടിച്ചു തകര്‍ത്തു.

ഞാനറിയാതെ എന്റെ കരതലം ശിരസില്‍ അലക്ഷ്യമായി ചലിച്ചു.

ഗോപിനാഥന്റെ പെണ്ണിനെ ആശുപത്രിയിലാക്കി ഇങ്ങോട്ട് വരുന്ന വഴീയാണ് സംഭവം. അവര്‍ പിശക് പിള്ളേരാ ചേട്ടാ.

ശേഖരന്‍ അഭിപ്രായപ്പെട്ടു.

വൈകുന്നേരങ്ങളില്‍ കലുങ്കിലിരുന്ന് പുകച്ചു തള്ളുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ ഞാനും കണ്ടിട്ടുണ്ട്. പുറമ്പോക്കില്‍ അവരുടെ ഓഫീസും ബോര്‍ഡും കഴിഞ്ഞ തിരെഞ്ഞെടുപ്പു കാലത്ത് ഉയര്‍ന്നതും ഞാന്‍ ഓര്‍മ്മിക്കുന്നു. ആരും അന്ന് എതിര്‍പ്പ് പറഞ്ഞില്ല. തിരെഞ്ഞെടുപ്പിന് മുമ്പായതിനാല്‍ ആരും തന്നെ ധൈര്യപ്പെട്ടില്ല അതാണ് സത്യം.

ശേഖരന്‍ എന്റെ മൗനം ഭേദിച്ചു. നമുക്ക് ഉടനെ അവിടെ വരെ പോകണം.

കുഞ്ഞിക്കുട്ടനെ ആശുപത്രിയിലാക്കാന്‍ അവരുടെ നേതാവ് ഓന്ത് രാജന്‍ സമ്മതിക്കുന്നില്ല. ചേട്ടനെ കണ്ടാല്‍ ഓന്ത് രാജന്‍ പോകും.

നേതാവിനെ കണ്ടാല്‍ മെമ്പറ് വാലുചുരുട്ടും.

ഞാ‍ന്‍ മനസാ മന്ത്രിച്ചു.

ഒപ്പം അവന്റെ ജനാധിപത്യ ബോധത്തെ അഭിനന്ദിക്കുമാറ് ഞാന്‍ അവന്റെ തോളില്‍ തട്ടി. ശേഖരന്‍ എന്റെ നേരെ ദയനീയമായി നോക്കി ചിരിച്ചു.

അവന്‍ ധൃതിയില്‍ മുന്നോട്ടു നടന്നു.

ഞാന്‍ യാന്ത്രികമായി അവന്റെ പിന്നാലെ പാടം ഇറങ്ങി നടന്നു. ശേഖരന്റെ സൈക്കിളിന്റെ പിറകിലിരുന്നു. ശേഖരന്‍ ധൃതിയില്‍ ചവിട്ടി കൂട്ടമണി മുഴങ്ങി.

Generated from archived content: story1_dec20_12.html Author: cherthala_chandrabos

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here