സ്‌റ്റാന്റിലേക്കെത്തുമ്പോൾ ബസ് പുറപ്പെടാറായിരുന്നു. അകത്തേക്കു കയറി സൈഡു സീറ്റിലമരുമ്പോൾ അയാളോർത്തു.
മഴ… ഉടനെ പെയ്‌തേക്കും… കുടയെടുക്കുവാൻ മറന്നിരിക്കുന്നു.
ഒരു ജെട്ടി. അരികിൽ വന്നിരുന്ന വൃദ്ധൻ കണ്ടക്‌ടറെ നോക്കി ടിക്കറ്റിനു പൈസ നീട്ടി.
‘എന്നാ രണ്ടു ബനിയൻ..’ പിന്നിൽ നിന്നാരോ കളിയാക്കി പറഞ്ഞത് ബസിനുളളിൽ കൂട്ടച്ചിരി മുഴക്കി.
അതാസ്വദിച്ചു ചിരിച്ചുകൊണ്ട് കണ്ടക്‌ടർ ഡബിൾ ബെല്ലടിച്ചു.
ബസ് നീങ്ങിത്തുടങ്ങിയപ്പോൾ അയാളുടെ മിഴികൾ മെല്ലെ മെല്ലെ ചിമ്മിയടഞ്ഞു.
‘മഴ’.. ഗൃഹാതുരത്വമുണർത്തുന്ന കുട്ടിക്കാലത്തിലെ വറുതിയിലേക്ക് അയാളുടെ ചിന്തകൾ ഊളിയിട്ടു.
ചെറുതുളളികൾ കാറ്റിൽ ചിതറി മുഖത്തു പതിക്കുമ്പോൾ അയാളൊരു സുഖമുളള മയക്കത്തിന്റെ പടിക്കലെത്തിയിരുന്നു.
‘പെട്ടെന്ന്’ അരികിലിരുന്ന വൃദ്ധൻ അയാളെ തട്ടിയുണർത്തിക്കൊണ്ട് പറഞ്ഞു.
‘സാറെ’.. ‘ആ ഷട്ടറൊന്നു താഴ്‌ത്തിയാട്ടെ. മുമ്പിലൊരു കുട്ടി ഛർദ്ദിക്കുന്നുണ്ടെന്നു തോന്നുന്നു. സാറിന്റെ മുഖത്തെല്ലാം…’ വൃദ്ധൻ മുഴുമിപ്പിച്ചില്ല.
ഷട്ടർ താഴ്‌ത്തി കൈലേസിനായി പോക്കറ്റിൽ പരതുമ്പോൾ അയാളറിഞ്ഞു.
‘മഴ’- അതിനിയും പെയ്‌തു തുടങ്ങിയിട്ടില്ല.
Generated from archived content: story_sept30_05.html Author: cherai_laiju