ചെത്തുകാരന്റെ മകൾ

ഇടവഴിയിൽ നിന്നും മെയിൻ റോഡിലേക്കു കയറവേ കൂട്ടുകാരി സീനയോടു പറഞ്ഞു.

“ദേടീ… ഋഷ്യശൃംഗൻ വരുന്നുണ്ടല്ലോ..”

കേട്ടതും അതുവരെ കലമ്പിച്ചു നടന്ന സീനയുടെ മുഖം ഇരുണ്ടു.

ശരിയാണ്‌. അവളുടെ അച്‌ഛൻ ചെത്തുകാരൻ തങ്കച്ചൻ സൈക്കിളിൽ വരുന്നുണ്ട്‌. അവൾക്ക്‌ അച്‌ഛനെ വഴിയിൽ കാണുന്നത്‌ ഇഷ്‌ടമല്ല. പ്രത്യേകിച്ച്‌ കൂട്ടുകാർ കൂടെയുണ്ടെങ്കിൽ. വെറുമൊരു തോർത്തുമാത്രം ധരിച്ചാണ്‌ തങ്കച്ചൻ സൈക്കിളിൽ നാടു മുഴുവൻ കറങ്ങുന്നത്‌. അവളുടെ കൂട്ടുകാരുടെ അച്‌ഛന്മാരെല്ലാം എന്തുനല്ല വേഷത്തിലാണ്‌ ജോലിക്കു പോകുന്നത്‌. തന്റെ അച്‌ഛൻ മാത്രം ഇങ്ങനെ…. മകളുടെ മനസ്സറിയുംപോലെ തങ്കച്ചനും വഴിയിൽ കണ്ടാൽ മകളോടു മിണ്ടാറില്ല. നിന്റെയച്‌ഛനു നല്ലൊരു പാന്റും ഷർട്ടും വാങ്ങിക്കൊടുക്കെടീ സീനെ… പലപ്പോഴും കൂട്ടുകാരികൾ കളിയാക്കാറുണ്ട്‌.

താനൊരിക്കലിതു പറഞ്ഞപ്പോൾ അമ്മ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.

‘പിന്നെ പാന്റും ഷർട്ടും ധരിച്ചല്ലേ ചെത്താൻ തെങ്ങിൽ കയറുന്നത്‌.“

ആലോചിച്ചപ്പോൾ അറിയാതെ അവൾക്കും ചിരിവന്നു.

അന്ന്‌ രക്ഷാകർതൃസംഗമത്തിന്റെ നോട്ടീസ്‌ കിട്ടിയപ്പോൾ അവൾ അമ്മയോടു പറഞ്ഞു.

”അമ്മ വന്നാൽ മതി. അച്‌ഛൻ വരുന്നതെനിക്കിഷ്‌ടമല്ല..“

എന്തോ പറയാനാഞ്ഞ അമ്മയുടെ നോട്ടം തന്നെയും കടന്ന്‌ പിറകിലേക്കു നീണ്ടപ്പോൾ അവൾ തിരിഞ്ഞുനോക്കി.

അവിടെ വിളറി വെളുത്ത അച്‌ഛന്റെ മുഖം…

അവളും വല്ലാതെയായി.. അച്‌ഛനു വിഷമമായെന്നു തോന്നുന്നു.

ഇറയത്തിരുന്നു അച്‌ഛൻ കത്തിക്കു മൂർച്ച കൂട്ടുന്ന സ്വരം കാതിൽ വന്നലച്ചപ്പോൾ അവൾക്ക്‌ കുറ്റബോധം തോന്നി.

പാവം… ഇതുവരെ പട്ടിണിയറിയാതെ വളർത്തിയില്ലേ.. ഇത്രയും പഠിപ്പിച്ചില്ലേ..വേണ്ടായിരുന്നു.. ആ മനസ്സ്‌ വേദനിച്ചിട്ടുണ്ടാകും. അവൾ തേങ്ങി. ശരിയായിരുന്നു കത്തിക്കു മൂർച്ച കൂട്ടുമ്പോഴും തങ്കച്ചന്റെ മനസ്‌ പിടയുകയായിരുന്നു. തൊഴിലിന്റെ പേരിൽ തന്റെ മകൾ തന്നെ വെറുക്കുന്നു. അന്നാദ്യമായി തന്റെ തൊഴിലിനോട്‌ തങ്കച്ചനു വെറുപ്പുതോന്നി.

നേരിയ ചാറ്റൽ മഴയിൽ അന്തിച്ചെത്തിനിറങ്ങുമ്പോഴും തങ്കച്ചന്റെ മനസ്സ്‌ കൊടുങ്കാറ്റടിച്ച കടൽപോലെ പ്രക്ഷുബ്‌ധമായിരുന്നു.

പുഴയിറമ്പിലെ തെങ്ങിലേക്ക്‌ വട്ടം പിടിച്ചു കയറുമ്പോൾ ആദ്യം കയറുന്ന തെങ്ങിനെ തൊട്ടു വണങ്ങുന്ന പതിവയാൾ മറന്നിരുന്നു. മകളുടെ മുഖം വീണ്ടും മനസ്സിൽ തികട്ടി തെളിഞ്ഞപ്പോൾ തങ്കച്ചന്റെ കാലുകൾ മെല്ലെയൊന്നിടറിയോ?

തെക്കോട്ടു തിരിയിട്ട നിലവിളക്കിനു മുന്നിൽ അവൾ അച്‌ഛന്റെ വരവും കാത്തിരിക്കുമ്പോൾ, കുറ്റബോധത്താൽ തളർന്ന മനസ്സും മടക്കിയിട്ട തഴപ്പായിൽ വീണുടഞ്ഞ അവളുടെ കണ്ണുനീർത്തുളളികളും ഒരേപോലെ മന്ത്രിച്ചു…

അച്‌ഛാ… ഒരായിരം മാപ്പ്‌…

Generated from archived content: story2_dece27_05.html Author: cherai_laiju

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English