കണിക്കൊന്ന

ത്രേതായുഗത്തിന്റെ ആദ്യപാദം. വസന്തഋതുവിലെ തൃക്കാർത്തിക ദിവസം. ലോകമെങ്ങും ആഘോഷം നടക്കുകയാണ്‌. ദേവിക്കു നീരാടുവാൻ ഹിമഗിരിയിൽ നിന്നും പൂന്തേനരുവികൾ ഒഴുകിയെത്തി. മൂടിയിൽ ചാർത്തുവാൻ മാനസസരോവരത്തിൽ നീലത്താമരകൾ നിറയെ വിരിഞ്ഞു. പിറന്നാൾ ക്ഷണിക്കാൻ പോയത്‌ അരയന്നങ്ങളായിരുന്നു. പ്രപഞ്ചത്തിലെ എല്ലാവരെയും ക്ഷണിച്ചെങ്കിലും സൂര്യദേവനെ ക്ഷണിക്കാൻ അവക്കു കഴിഞ്ഞില്ല. ക്ഷണിച്ചതായി കള്ളം പറയുകയും ചെയ്തു.

ആഘോഷപ്പന്തലൊരുക്കി മഴവില്ലുകൾ വന്നു നിരന്നു. സിന്ദൂരമുകിലുകൾ തോരണങ്ങളായി… പഞ്ചാമൃതവും പാൽപായസവും മറ്റുമടങ്ങിയ ഗംഭീരസദ്യ കഴിഞ്ഞ്‌, അപ്സരസുകളുടെ നൃത്തവിരുന്നും ഗന്ധർവന്മാരുടെ സംഗീതാർച്ചനയും നടന്നു.

തന്നെ മാത്രം ക്ഷണിക്കാതിരുന്നതിൽ സൂര്യദേവനു കഠിനമായ ദേഷ്യം തോന്നി. ഭൂമിക്ക്‌ ആവശ്യമായ ചൂടും വെളിച്ചവും മഴയുമെല്ലാം കൊടുക്കുന്നതു ഞാനല്ലേ? എന്നിട്ട്‌ – അഹങ്കാരി, അവളെ ഒരു പാഠം പഠിപ്പിക്കണം. സൂര്യൻ മനസിലുറച്ചു. പിന്നീട്‌ തന്റെ രശ്മികൾക്ക്‌ ചൂടു വർദ്ധിപ്പിച്ചു. ഭൂമിയിലുള്ള സസ്യങ്ങളും ജന്തുക്കളുമെല്ലാം നശിച്ചുതുടങ്ങി. ദുഃഖിതയായ ഭൂമീദേവി. സൂര്യനെ വിചാരിച്ച്‌ കഠിനതപസു തുടങ്ങി. ഒരുദിനം സൂര്യദേവൻ ദേവിക്കു മുന്നിൽ പ്രത്യക്ഷനായിട്ടു പറഞ്ഞു, ഞാനിതാ ഉത്തരായനത്തിലേക്കു പോകുകയാണ്‌. ഇന്നു മുതൽ ഇവിടെ ചൂടു കുറഞ്ഞു തുടങ്ങും. ഋതുക്കൾ മാറിവരും. നശിച്ച സസ്യങ്ങളെല്ലാം ഉണ്ടായിക്കൊള്ളും. അന്നു മുതലാണത്രെ ഉത്തരായനവും ദക്ഷിണായനവും ഉണ്ടായത്‌. കള്ളം പറഞ്ഞ അരയന്നങ്ങൾക്ക്‌ സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു. സൂര്യാനുഗ്രഹം പോലെ തന്നെ നശിച്ചതെല്ലാം ഭൂമിയിലുണ്ടായിത്തുടങ്ങി. വയലേലകളും മലർവാടികളുമുണ്ടായി. സൗപർണികയിൽ ചെന്താമരകൾ പൂത്തുനിരന്നു. ഭൂമി വീണ്ടും പുഷ്പിണിയായി.

പക്ഷെ…നശിച്ചുപോയ പലതിനെയും ഓർമ്മിച്ച്‌ ദേവി ദുഃഖം പൂണ്ടിരുന്നു. ഇതുകണ്ട സൂര്യദേവൻ തന്റെ രശ്മികളിലെ മഞ്ഞനിറം മുഴുവൻ ആവാഹിച്ചെടുത്ത്‌ ഒരു പുതിയ വൃക്ഷം ഭൂമിദേവിയുടെ തിരുനടയിൽ തന്നെ സൃഷ്ടിച്ചു. പിറ്റേന്ന്‌ ദേവി ഉണർന്നു കണികണ്ടത്‌ ഈ വൃക്ഷത്തെയായിരുന്നു. അതുകൊണ്ട്‌ അതിന്‌ ‘കണിക്കൊന്ന’ എന്ന പേരുവന്നു. കടുംപച്ചപ്പട്ടുടുത്ത്‌, തങ്കവർണത്തലമുടി അഴിച്ചിട്ടതുപോലെ നീണ്ട കടുംമഞ്ഞപ്പൂക്കളുമായി നിൽക്കുന്ന ഈ സുന്ദരിയെക്കണ്ടപ്പോൾ ഭൂമിദേവിയുടെ ദുഃഖമെല്ലാം പറപറന്നു. സൃഷ്ടിയിലുള്ള പരിചയക്കുറവു കൊണ്ടാകാം സൂര്യനൊരബദ്ധം പിണഞ്ഞു. കൊന്നപ്പൂക്കൾക്ക്‌ സൗന്ദര്യമേറെക്കൊടുത്തുവെങ്കിലും സൗരഭ്യമേകാൻ മറന്നുപോയി. എന്നാൽ സംഗീതം പുറപ്പെടുവിക്കാനുള്ള കഴിവ്‌ ഈ മരത്തിനു കൊടുത്തിട്ടുണ്ട്‌. ഇളംകാറ്റുള്ള നിശബ്ദമായ രാത്രിയിൽ കൊന്നപ്പൂങ്കുലകൾക്ക്‌ തൊട്ടടുത്ത്‌ കാതോർത്തു നിന്നാൽ താളാത്മകമായ നേർത്ത സംഗീതം നമുക്ക്‌ കേൾക്കാൻ കഴിയും.

Generated from archived content: story2_apr28_07.html Author: chandran_murikal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here