സുനാമി

സ്വപ്‌നത്തുരുത്തിൽ

പുൽച്ചെടികൾ തഴച്ചുവളരുന്നത്‌

പലപ്പോഴും നയനദൃശ്യം

കറുകനാമ്പിലെ ഈർപ്പം

കുടിച്ചു വറ്റിക്കാൻ എറുമ്പുകൾ

കൂട്ടത്തോടെ ശ്രമിക്കുന്നതും പതിവുകാഴ്‌ച

ചോനനുറുമ്പും നെയ്യുറുമ്പും

കിനാവരിച്ചപ്പോൾ

തലമുഴുത്ത ചെമ്പനുറുമ്പും കട്ടുറുമ്പും

സ്വപ്‌നത്തിൻ തേൻതുളളി ഊറ്റിക്കുടിച്ചു.

തീരങ്ങളിൽ തിരമാലകൾ

തലതല്ലി പ്രതിഷേധിച്ചു

ചിലനേരങ്ങളിൽ ഫണീന്ദ്രൻ കണക്കെ

ചീറിയടുക്കും

കടൽത്തീരങ്ങളിൽ അമിട്ടുപൊട്ടിച്ച്‌

അമർഷം രേഖപ്പെടുത്തും

പ്രകൃതിയോടു പ്രതിഷേധമോ,

സഹജീവികളോടു കാലുഷ്യമോ,

നേരുകേടിലമർഷമോ എന്തോ!

ദക്ഷിണേഷ്യ ഇതഃപര്യന്തം ദർശിക്കാത്ത

അതിഭീകരതയാണ്‌

‘സുനാമി’ വിതച്ചത്‌.

സ്വപ്‌നങ്ങളുടെ നിത്യജീവിതം

സുനാമി വിഴുങ്ങി

ഇന്ത്യയുടെ തീരങ്ങളും

ദ്വീപസമൂഹങ്ങളും അതിൽപ്പെടും

വേളാങ്കണ്ണിയും നാഗപട്ടണവും

കുളച്ചലും ശ്രായിക്കാടും

പറയകടവും പെരുമ്പിളളിയും

വൈപ്പിനും എല്ലാമെല്ലാം.

കണ്ടെടുത്ത ജഡങ്ങൾക്കു കണക്കുണ്ട്‌

കാണാത്തവയ്‌ക്കോ!

അഭയകേന്ദ്രങ്ങളിൽ ആശാഭംഗം

അഭയാർഥികളുടെ ജന്മത്തുരുത്തിൽ

മനുഷ്യത്വം വറ്റിയ തസ്‌കര സംഘം

നുഴഞ്ഞുകയറി

അവരെവിഴുങ്ങാൻ കടലമ്മ

എന്നാണിനി

അംബരചുംബിയായി വളരുന്നത്‌?

Generated from archived content: poem4_apr21.html Author: chandirur_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here