ഇന്നലെ ഇതുവഴി ഒരാൾ കടന്നുപോയി
ഒരു കയ്യിൽ സൂര്യൻ
മറുകയ്യിൽ നിലാവ്
സൂര്യജ്വാലയിൽ വെന്തെരിഞ്ഞത്
ഒരു ഭ്രാന്താലയം
നറുനിലാവിൽ പൂത്തത്
ചെളിനിലങ്ങൾ
ഇന്നലെ ഇതുവഴി ഒരാൾ കടന്നുപോയി
ഒരു കയ്യിൽ കലപ്പ
മറുകയ്യിൽ പുസ്തകം
കലപ്പമലയാളത്തെ ഉഴുതു
പുസ്തകം ഇരുട്ടിനെയും
ഇന്നലെ ഇതുവഴി ഒരാൾ കടന്നുപോയി
ഒരു കയ്യിൽ അന്നം
മറുകയ്യിൽ വസ്ര്തം
പൊരിയുന്ന വയറുകൾക്കുനേരെ
ഒരു കൈ നീട്ടിക്കൊണ്ട്
നഗ്നതയെ ആവരണമണിയിക്കാൻ
ഒരു കൈ ഉയർത്തിക്കൊണ്ട്
ജ്ഞാനത്തിന്റെ പ്രബുദ്ധത
സംഘടനയുടെ ശക്തി
മദ്യത്തിന്റെ വിഷലിപ്തത.
ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
ഇന്നലെ ഇതുവഴി ഒരാൾ കടന്നുപോയിരുന്നു.
പിന്നിട്ട വഴികളിലൂടെ
വീണ്ടുമൊരുയാത്ര
നിരനിരയായി തന്റെ പ്രതിമകൾ
നിരനിരയായി മദ്യശാലകൾ
ഭക്തലഹരിയും മദ്യലഹരിയും
കൈകോർത്തുള്ള നൃത്തങ്ങൾ
ജാതി, മതം
തെരുവിലെ കലാപങ്ങൾ
ഇന്നലെ ഇതുവഴി ഒരാൾ കടന്നുപോയി
ഇനി ഒരിക്കലും
ഈവഴി വരില്ലെന്ന
ദൃഢനിശ്ചയത്തോടെ.
Generated from archived content: poem8_jun19_07.html Author: backer_methala