തലകുത്തി നടന്നുപോകുന്ന വിചിത്രജീവിയെ കണ്ട്
ദേശാടനക്കിളി അമ്പരന്നു
പൊരിഞ്ഞുവലഞ്ഞു പറന്നുവരുന്ന കിളി
ചിറകുവിരിച്ചു വായുവിൽ നിശ്ചലമായി
താഴ്‌ന്നിരുന്നു കൊക്കുരുമ്മാൻ ഒരു ചില്ലപോലുമില്ലാത്ത നാട്
താനെങ്ങനെയിവിടെയെത്തി?
ദേശാടനക്കിളി ചകിതയായി
അന്തമില്ലാത്ത ദേശാടനം വസന്തത്തെ തേടിയാണല്ലോ?
വിചിത്രജീവി തലകുത്തി നടക്കുകയാണ്.
ദേശാടനക്കിളി വിചിത്രജീവിയുടെ ഒരു കാലിൽ പറന്നിരുന്നു
മറുകാലിൽ കൊക്കുരുമ്മി
ചുട്ടുപഴുത്ത ചങ്ക്
കിളി വിചിത്രജീവിയുടെ കാലിൽ ആഞ്ഞുകൊത്തി
ഒരുതുളളി നീരിനുവേണ്ടി
വീണ്ടും വീണ്ടും…
എക്‌സ്‌പെല്ലർ മില്ലിൽ ആട്ടിയ പിണ്ണാക്കുപോലെ
ഒന്നുരണ്ടു കഷണങ്ങൾ താഴെ വീണു
അതുടനെ കരിഞ്ഞു പകയുന്നതും കണ്ടു!
നീരും ചോരയുമില്ലാത്ത ജീവിയിൽ നിന്നു
പ്രതികരണമൊന്നുമില്ല
ദേശാടനക്കിളിക്കു കാത്തിരിക്കാനും
ക്ഷേമം തിരക്കാനും നേരമില്ല
കുഞ്ഞുച്ചങ്ക് പൊട്ടുകയാണ്.
കുഴഞ്ഞു വീഴുന്നതിനുമുമ്പ്
ഒരിറ്റു നീരുളള നാട്ടിലേക്കെത്തണം
പറക്കാൻ തുനിയവേ
വിചിത്രജീവിയിൽ നിന്നൊരു നെടുവീർപ്പ്
സൗരയൂഥം തന്നെ നടുങ്ങുമെന്ന മട്ടിൽ
കിളിക്കാശ്വാസമായി!
ചലനം മാത്രമല്ല ശ്വാസോച്ഛാസവുമുണ്ടല്ലോ!
കിളി ധൈര്യപൂർവ്വം ചോദിച്ചുഃ
നിങ്ങളേതു കുലത്തിൽപ്പെടും?
എന്റെ ചിറകുകൾക്കന്യമായ
ഒരു നാടും നഗരവുമില്ല
അവിടെയൊന്നും!…
ഇതേതു ദേശമാണ്?
ദേശം മറന്ന ദേശാടനക്കിളി!
വിചിത്രജീവി മുരണ്ടുഃ
ഞാനൊരു മനുഷ്യനാണ്.
ഇത് ഇന്ത്യാ മഹാരാജ്യം
ഞാനിപ്പോ ദൈവത്തിന്റെ
സ്വന്തം നാട്ടിലും!
ഉലയായ കിളിയുടെ ചങ്കിനു
പുതുമഴയുടെ സുഖം
ഒന്നു മിണ്ടിക്കിട്ടിയല്ലോ!
കിളി വീണ്ടുംഃ
നിങ്ങളെന്തിനാണ് തലകുത്തി നടക്കുന്നത്?
പരിണാമം!
ഒരുതുളളി വെളളം തേടി
ഞങ്ങൾ സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്നവരാണ്
അടിയിലേക്കല്ല; വെളളമൊഴുകുന്നത് മേലോട്ടാണ്.
ദേശാടനക്കിളി മണ്ണിലേക്കു നോക്കി
മഴനീറിന്റെ നീറ്റലുണ്ടോ?
ചങ്കു മാത്രമല്ല കണ്ണും കത്തുന്നു!
തന്റെ ചിറകെരിഞ്ഞു താനിവിടെ സമാധിയാവുമോ
ദേശാടനക്കിളി ഭയന്നു
പ്രാണരക്ഷാർത്ഥം പറന്നുയരാൻ ചിറകു വിടർത്തി
പക്ഷെ,
ഇരുചിറകും മെഴുകഴുകിയതുപോലെ
അടയായിരിക്കുന്നു
കാലുകൾ കാലുകളിൽ കൂച്ചിക്കെട്ടിയിരിക്കുന്നു.
വായുവിൽ ഒരു കഴുകൻ പറന്നിറങ്ങുന്നു
വിചിത്രജീവി തലകുത്തി നടന്നുകൊണ്ടേയിരിക്കുന്നു!
Generated from archived content: poem4_mar25_06.html Author: babu_kiliyanthara