ഞായറിൻ ഞായത്തിൽ വീണുറങ്ങി
ഞാൻ ചെയ്യും ജോലിക്കവധി നൽകി.
തിങ്കളോ പണിമാറ്റിവച്ചീടുവാൻ
പനിവന്നുമെല്ലെ തലോടിയെന്നെ
ചൊവ്വില്ലാചൊവ്വതൻ ദോഷത്തിനാൽ
ചൊവ്വാഴ്‌ചയും ചൊറിമാന്തിനീക്കി
ബുധനോ സുബോധമില്ലാതെ പോയി
വ്യാഴത്തിലെത്തി വിഷാദയോഗം
വെള്ളിക്കരണ്ടിയുമായ് പിറന്നു
വെള്ളിയിലെങ്ങനെ വേല ചെയ്യാൻ
ശനിയൻമാരൊട്ടേറെയൊത്തുകൂടി
ശനിയാഴ്‌ച മുഴുവനും തിന്നൊടുക്കി
എട്ടാംദിനമങ്ങാഴ്‌ചയിലുണ്ടെങ്കിൽ
കട്ടായം കുടിശ്ശിക ചെയ്‌തുതീർക്കും!
Generated from archived content: poem1_feb17_07.html Author: ayyambilly_bhaskaran