അരുതാത്ത കുറെ കാര്യങ്ങൾ

അവൾ ജനൽപാളി മെല്ലെ തുറന്ന്‌ പുറത്തെ ഇരുട്ടിലേയ്‌ക്ക്‌ നോക്കി. പുറത്തു നിന്നും ആ മുഖം വീണ്ടും അവൾക്കു നേരെ വന്നു. യാചിക്കുന്ന കണ്ണുകൾ, പുളിയിലക്കരയൻ മുണ്ടും, ചെക്ക്‌ ഷർട്ടും. സുമ ഒന്നും പറഞ്ഞില്ല… അയാളുടെ ശബ്ദം നിശബ്ദതയ്‌ക്ക്‌ തുളവീഴ്‌ത്തുന്നത്‌ അവളറിഞ്ഞു. അവൾ വാതിൽപാളി മെല്ലെ അടച്ചു.

‘സുമേ…അയാളുടെ വിളിക്ക്‌ കുപ്പിച്ചില്ലുകളുടെ മർമ്മരമുണ്ടാകുന്നത്‌ അവളറിഞ്ഞു. അവൾ ചുമർ ചാരിനിന്നു. പുറത്ത്‌ അയാളും ഇതുപോലെ ചുമർചാരി നിൽക്കുകയാകും. അച്ഛൻ വന്നിട്ടില്ല. വന്നാൽ അയാൾ പോകുമെന്നറിയാം. ഇതിപ്പോൾ രണ്ടാമത്തെ തവണയാണ്‌ അയാൾ വരുന്നത്‌. ഇന്നലെ വന്നപ്പോഴും അച്ഛൻ വന്നിരുന്നതുകൊണ്ട്‌ അയാളെ നേരിടേണ്ടി വന്നില്ല. ആ വാക്കുകൾക്ക്‌ ചെവി കൊടുക്കാതെ രക്ഷപ്പെട്ടു. ഇന്ന്‌ അച്ഛൻ വരാൻ വൈകുന്നു. പണി കഴിഞ്ഞുവന്ന്‌ കുളിച്ച്‌ കടയിലേക്കെന്നു പറഞ്ഞ്‌ ഇറങ്ങിയതാണ്‌. വരുമ്പോൾ ഒരു സഞ്ചി നിറയെ വീട്ടുസാധനങ്ങൾ ഉണ്ടാകും. സഞ്ചിയും കുറച്ചു പണവും, തന്റെ കൈയ്യിൽ തിരികെയേൽപ്പിക്കുമ്പോൾ അച്ഛൻ പറഞ്ഞെന്നിരിക്കും “പണം സൂക്ഷിച്ചു വെക്കൂ… അത്‌ നിന്റെ കാര്യത്തിനുള്ളതാണ്‌” അവൾക്ക്‌ വീർപ്പുമുട്ടി. തന്റെ കാര്യം?

എന്നാലും അവൾ പണം സൂക്ഷിച്ചുവെക്കുന്നു. കുറെയാകുമ്പോൾ ബാങ്കിലിടുന്നു. കള്ളന്മാരുടെ കളിയാണ്‌ നാട്ടിലെങ്ങും. ബാങ്കിലിട്ടാലും പേടിച്ചേ മതിയാകൂ. കാലം അതാണ്‌…. അവളൊരിക്കലും പാസ്‌ബുക്കിലെ ബാലൻസ്‌ കണക്കുകളിൽ താൽപര്യം കാണിച്ചിട്ടില്ല. വളർന്നു വലുതാവട്ടെ സുമയ്‌ക്കുള്ള സമ്പാദ്യം. പുറത്ത്‌ കാറ്റുവീശുന്ന മുഴക്കം കേട്ടു. അയാളുടെ ശരീരത്തിലേയ്‌ക്ക്‌ മഴത്തുള്ളികൾ തെറുപ്പിച്ച്‌ കാറ്റ്‌ പൊട്ടിച്ചിരിക്കുകയാവും. അവൾ ഒരുവേള അയാളെ കുറിച്ച്‌ സഹതാപത്തോടെ ഓർത്തു. ഏഴുവർഷത്തെ ജയിൽശിക്ഷ കഴിഞ്ഞ്‌ തിരികെയെത്തിരിയിരിക്കുന്നു. നാട്ടിൽ എല്ലാവരും അയാളെ വെറുപ്പോടെ നോക്കുന്നു. വീട്ടുകാർ അയാളുടെ പങ്കു കൊടുത്ത്‌ ഒറ്റപ്പെടുത്തി. കൊലപാതകിയായ ശേഖരൻ?

-എല്ലാം ഞാൻ പറയാം സുമേ. സുമയ്‌ക്ക്‌ കേൾക്കാൻ കഴിയുമോ? അന്ന്‌ ടൗണിൽ പോയി തിരിച്ചുവരുമ്പോഴാണ്‌ അയാൾ ഒപ്പം ഉണ്ടായിരുന്നത്‌. “ഞാനൊരിക്കലും മധുവിനെ കൊല്ലണമെന്ന്‌ കരുതി ആയുധമെടുത്തിട്ടില്ല. കത്തി അവന്റേതു തന്നെയായിരുന്നു. അന്ന്‌ വീട്ടിൽ കയറിച്ചെന്നപ്പോൾ കണ്ടത്‌ ഏട്ടത്തിയും മധുവും തമ്മിൽ….

അറബിനാട്ടിൽ കിടന്ന്‌ കഷ്ടപ്പെട്ട്‌ എന്റെ കുടുംബത്തെ സംരക്ഷിക്കുന്ന ഗോപിയേട്ടൻ. ഗോപിയേട്ടൻ ഇതൊന്നും അറിയുന്നില്ലല്ലോ എന്ന ചിന്ത എന്നെ ഞാനല്ലാതാക്കി. എനിക്ക്‌ അവനുമായി ഏറ്റുമുട്ടേണ്ടിവന്നു. കൂടുതൽ ദേഷ്യം തോന്നിയത്‌ ഏട്ടത്തിയമ്മയോടായിരുന്നു…. എന്റെ ഗോപിയേട്ടനെ വഞ്ചിച്ച ഏട്ടത്തിയമ്മയെയാണ്‌ ഞാൻ വഞ്ചകി എന്നു വിളിച്ചത്‌…ചെകിടത്ത്‌ ശക്തിയായി അടിച്ചത്‌… മധു അത്‌ കണ്ടു നിന്നില്ല. ഞങ്ങൾ തമ്മിൽ പൊരിഞ്ഞ അടി തന്നെ നടന്നു… ഒടുവിൽ അവൻ അരയിൽ നിന്നെടുത്ത കത്തി യാദൃശ്ചികമായി എന്റെ കയ്യിലകപ്പെട്ടതാണ്‌. പരസ്പരം കെട്ടിമറിയുമ്പോൾ അതു സംഭവിച്ചു. പിന്നീട്‌ സമൂഹത്തിന്റെ മുന്നിൽ ഞാൻ കുറ്റവാളിയായി…?

അവളൊന്നും പറഞ്ഞില്ല. അയാൾ ഒരാശ്വാസത്തിനെന്നപോലെ അവളെ നോക്കി. ”സുമയെന്താ മിണ്ടാത്തത്‌? അയാൾ ചോദിച്ചു.

“ ഞാൻ….ഞാനെന്തു പറയാനാണ്‌?

”എനിക്കും ജീവിക്കണം സുമേ… എന്നെ ഒറ്റപ്പെടുത്തിയവരുടെ മുന്നിൽ തലയുയർത്തി നടക്കണം… എന്റെ ശിക്ഷ കഴിഞ്ഞു“ അവൾ അയാളെ നോക്കി. ”ഞാനന്വേഷിച്ചപ്പോളറിഞ്ഞു സുമ അവിവാഹിതയായി കഴിയുകയാണെന്ന്‌.“ അതിനവൾ മറുപടി പറഞ്ഞില്ല. അവളോർത്തു. ഒരു ജാതകവും ഒത്തുവരാത്ത തന്റെ തലവിധി…അച്ഛൻ എല്ലാം നോക്കി നടത്തുന്ന ആളാണ്‌. അച്ഛനെ ധിക്കരിക്കാൻ….

”സുമ എന്തെങ്കിലുമൊന്നു പറയൂ“ അയാൾ നാവനക്കി. വഴിനടന്നു കഴിഞ്ഞിരിക്കുന്നു. വീടെത്തി. ഉമ്മറത്ത്‌ അച്ഛൻ നിൽപുണ്ട്‌. അവൾ ഒതുക്കുകൾ ഓടിക്കയറി. ശേഖരൻ നിരാശനായി നടന്നുമറയുന്നത്‌ അവളറിഞ്ഞു. ഇന്നലെയും വന്നു സന്ധ്യയ്‌ക്ക്‌. ആ വരവ്‌ ജനാലയ്‌ക്കൽ നിന്ന്‌ അവൾ ശ്രദ്ധിച്ചു. ഒറ്റയാനെപ്പോലെ തലയുയർത്തിപ്പിടിച്ചുള്ള നടത്തം. വടിവൊത്ത ശരീരസൗകുമാര്യം. അവൾ ജനൽപാളി അടച്ചു. അച്ഛൻ ഇല്ല. അച്ഛൻ ഇല്ലാത്തപ്പോൾ ഒരു പുരുഷനുമായിട്ട്‌ സംസാരിച്ചുകൂടാ… പ്രത്യേകിച്ചും ശേഖരനുമായിട്ട്‌… ശേഖരൻ മുറ്റത്തു തന്നെ നിന്നു. അപ്പോഴും മഴ പെയ്‌തു. സിരകളിലൂടെ തണുപ്പ്‌ അരിച്ചിറങ്ങി. അവൾ വെറുതെ കതകുതുറന്ന്‌ പുറത്തേക്കു നോക്കി… ”സുമേ… എനിക്കു സുമയെ ഇഷ്ടമാണ്‌…. എനിക്ക്‌ ജീവിക്കണം സുമേ… ഞാൻ നിന്റച്ഛനെ കാണാം…സംസാരിക്കാം…പക്ഷെ ആദ്യം സുമ സമ്മതിക്കണം.“ അവൾ ഒന്നും പറഞ്ഞില്ല. തുറന്ന കതക്‌ അടച്ചു. കുറെ കഴിഞ്ഞപ്പോൾ അവൾ ധൈര്യമായി മുറ്റത്തിറങ്ങി നോക്കി. ഇല്ല. ശേഖരൻ പോയിരിക്കുന്നു. വീണ്ടും ഇതാ ഇന്നും വന്നിരിക്കുന്നു. താനൊന്നും പറഞ്ഞിട്ടില്ല. അച്ഛന്റെ ഇഷ്ടം അറിയാതെ….

മോളേ…അച്ഛൻ പുറത്തു നിന്നും വിളിക്കുന്നു. അവൾ വാതിൽ തുറന്നു. മഴ തകർക്കുന്നുണ്ട്‌. മുറ്റത്തെ ചെടിക്കൂട്ടങ്ങൾക്കിടയിൽ ശേഖരൻ മഴ കൊള്ളാതെ ഒതുങ്ങി നിൽക്കുന്നുണ്ട്‌. ’ അച്ഛനെങ്ങാനും അയാളെ കണ്ടാൽ…?‘ അച്ഛൻ അകത്തു കയറി സഞ്ചി നീട്ടുന്നു… പണം നീട്ടുന്നു. പണം സൂക്ഷിച്ചുവെക്കണം. നിന്റെ കാര്യത്തിനാണ”​‍്‌. അവൾ പണം വാങ്ങി. മേശപ്പുറത്തുവെച്ചു. പെട്ടെന്ന്‌ കറന്റും പോയി. വിളക്കും ടോർച്ചും തപ്പിയെടുക്കാനായി അച്ഛനും മകളും മുറികളിൽ നടന്നു. വെയ്‌ക്കാറുള്ള സ്ഥലത്ത്‌ അവ കണ്ടില്ല. കുറെ തപ്പിയിട്ടാണ്‌ കണ്ടെത്തിയത്‌. വിളക്കുകൊളുത്തി മേശപ്പുറത്തുവച്ചു. അച്ഛൻ ഷർട്ട്‌ മാറി, ഹാംഗറിൽ തൂക്കിയിട്ടു. കസേരയിലിരുന്നു. പിന്നെ ഉപദേശങ്ങൾ തുടങ്ങി. “മഴക്കാലമല്ലേ? ഇരുട്ടല്ലേ… കറന്റ്‌ എപ്പോഴാ പോകുന്നതെന്നറിയില്ല. തീപ്പെട്ടിയും ടോർച്ചുമൊക്കെ പെട്ടെന്ന്‌ കിട്ടാവുന്ന സ്ഥലത്ത്‌ വെക്കണം.”

“ഉം..അവൾ മൂളി.” “നീ ആ ഉമ്മറവാതിൽ അടച്ചില്ലേ?” അച്ഛന്റെ അടുത്ത ചോദ്യം. “ഓ…ഞാനതു മറന്നു”. അവൾ വിളക്കും പിടിച്ച്‌ ഉമ്മറവാതിൽ അടയ്‌ക്കാനോടി. “രാത്രിയാണ്‌ കറന്റില്ല. കള്ളന്മാർ പരക്കം പാഞ്ഞു നടക്കുകയാണ്‌. എവിടെയാണ്‌ കയറേണ്ടതെന്നറിയാതെ” അച്ഛൻ വീണ്ടും. അവൾ ബധിരത നടിച്ചു. ഉമ്മറത്തെ വാതിൽ ചാരുമ്പോൾ അവൾ വെറുതെ പുറത്തേക്കു നോക്കി. വിളക്കിന്റെ ഇത്തിരി പ്രകാശത്തിൽ അവൾ കണ്ടു. ശേഖരൻ പോയിട്ടില്ല. ഇറക്കാലിൽ മഴ കൊള്ളാതെ ഒതുങ്ങിപിടിച്ചു നിൽക്കുകയാണ്‌.

“പോകൂ…പോകൂ… അവളുടെ മനസ്‌ മൗനമായി വിലപിച്ചു. അവൾ വാതിൽപാളികൾ ചേർത്തടച്ചു. അച്ഛനു മുന്നിൽ വന്നുനിന്ന്‌ അവൾ ചോദിച്ചു. ”അച്ഛന്‌ ചായയെടുക്കട്ടെ…അതോ ഊണോ…?

എനിക്കിത്തിരി കഴിഞ്ഞ്‌ ചോറുമതി….നീയിവിടിരിക്ക്‌. അവൾ അച്ഛനരികെ നിലത്തിരുന്നു. “ഈയിടെയായി നിനക്കൊരു കാര്യത്തിലും ശ്രദ്ധയില്ല. എന്തുപറ്റി സുമേ നിനക്ക്‌?” അവളൊന്നും മിണ്ടിയില്ല. “അച്ഛൻ പറയുന്നതിൽ മോൾ വിഷമിക്കരുത്‌, അച്ഛന്‌ മോളല്ലാതെ മറ്റാരുമില്ല”. അവളപ്പോൾ ശരിക്കും വിഷമിച്ചുപോയി. “മോളേ… പെൺകുട്ടികൾ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട്‌. സന്ധ്യയായാൽ ഇങ്ങനെ വാതിൽ തുറന്നിടരുത്‌. അച്ഛൻ വരാൻ വൈകിയാൽ അയലത്തു നിന്ന്‌ ആരെയെങ്കിലും വിളിച്ച്‌ കൂട്ടിരുത്തണം. പുറത്തുപോയാൽ വേഗം വീട്ടിലെത്തണം. അവൾ അച്ഛന്റെ മുഖത്തു നോക്കികൊണ്ടിരുന്നു.

”തെക്കേപ്പാട്ടെ ശേഖരൻ വന്നിട്ടുണ്ട്‌. മോൾക്കറിയ്വോ അവൻ ഏഴുകൊല്ലം ജയിലിലായിരുന്നു. ഇപ്പോ അവൻ നല്ലവനാകാൻ ശ്രമിക്കുകയാണ്‌“ അച്ഛൻ ഇടക്കു നിർത്തി. അവളുടെ ഉള്ളൊന്നു പിടഞ്ഞു. ”അവൻ എന്റടുത്തു വന്നിരുന്നു. അവന്‌ നിന്നെ കൊടുക്കാമോ എന്നു ചോദിച്ചു…“ അവൾ ഉത്‌കണ്‌ഠപ്പെട്ടു. അച്ഛനെന്തു പറഞ്ഞിരിക്കും? അവന്റെ തന്റേടം എനിക്കിഷ്ടപ്പെട്ടു. പക്ഷെ?” അവൾ അച്ഛനെ പാളിനോക്കി. പുറത്ത്‌ ശേഖരൻ ഇതെല്ലാം കേട്ടു നിൽക്കുന്നുണ്ടാകുമോ?

“നമുക്ക്‌ അതു വേണ്ട മോളേ.. ഒരിക്കൽ ജയിലിലായ ആളാണ്‌. കൊലപാതകിയാണ്‌. ആ പേര്‌ ഇനി പോകില്ല”. അവൾക്ക്‌ ഒന്ന്‌ പൊട്ടിക്കരയണമെന്ന്‌ തോന്നി. ശേഖരൻ നിരപരാധിയാണ്‌ അച്ഛാ എന്ന്‌ വിലപിക്കണമെന്ന്‌ തോന്നി. അച്ഛൻ വീണ്ടും. “ ഞാനവനോട്‌ പറ്റില്ലെന്നു തറപ്പിച്ചു പറഞ്ഞു. പാവം. വളരെ വിഷമിച്ചിട്ടുണ്ടാകും. എങ്കിലും നമുക്കാബന്ധം വേണ്ട മോളേ..വേണ്ട”. അവളുടെ മനസിലെവിടെയോ എന്തൊക്കെയോ ഉടഞ്ഞുവീണു. “ഒരു കൊലപാതകിക്ക്‌ കഴുത്തുനീട്ടുന്നതിലും ഭേദം അവിവാഹിതയായി ജീവിക്കുന്നതല്ലേ നല്ലത്‌?

”അതെ. “മോൾക്ക്‌ മനസിലായോ? മനസിലായി. അവൾ ഒന്നും പറഞ്ഞില്ല. മനസ്‌ പിളർന്നു പോകയാണ്‌. അവസാന പ്രതീക്ഷയും ചിറകൊടിഞ്ഞിരിക്കുന്നു. അവൾ വെറുതെ ഉമ്മറത്തെ വാതിൽ തുറന്ന്‌ തല പുറത്തേക്കിട്ടു നോക്കി. മഴ ശമിച്ചിട്ടുണ്ട്‌. ഇറക്കാലിൽ ചെടിക്കൂട്ടങ്ങൾക്കിടയിൽ ശേഖരനില്ല. മുറ്റത്തു നിന്ന്‌ ’സുമേ‘ എന്ന പ്രതീക്ഷയോടെയുള്ള വിളി കേട്ടില്ല. അവൾ വാതിലടച്ചു. മണ്ണെണ്ണ വിളക്ക്‌ കൈയിൽ നിന്നും നിലത്തുവീണു. തളരുന്ന ശരീരം വീണുപോകാതിരിക്കാൻ അവൾ വളരെ ബുദ്ധിമുട്ടി.

Generated from archived content: story3_mar5_07.html Author: asokan_anchathu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here