അവളുടെ താമസസ്ഥലം കണ്ടുപിടിക്കാൻ അയാൾ വളരെ ബുദ്ധിമുട്ടി. മഹാനഗരത്തിൽ നാഡീവ്യൂഹം പോലെ പരസ്പരം പിണഞ്ഞു കിടക്കുന്ന എത്രയോ വഴികൾ. ലക്ഷ്മി നഗർ എന്ന കോളനി തുടങ്ങുന്നിടത്ത് ഓട്ടോക്കാരൻ നിർത്തി. ചാർജു കൊടുത്ത് അയാൾ ഇറങ്ങി. പലരോടും ചോദിച്ചിട്ടാണ് നീലഗേറ്റുള്ള ചെറിയ വീടു കണ്ടത്. കൊളുത്തു നീക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ പൂമുഖവാതിൽ തുറന്നു.
അയാളെക്കണ്ട്, അവൾ ഒരു നിമിഷം ഞെട്ടുന്നത് അറിഞ്ഞു. പിന്നീട് കണ്ണുകളിലെ നക്ഷത്രങ്ങൾ പ്രകാശിപ്പിച്ച് വിളിച്ചൂ.
-ബാലേട്ടനോ വരൂ…
അയാൾ ചിരിക്കാൻ ശ്രമിച്ചു. ഷൂസ് ഊരിയിട്ട് അവൾക്കു പിന്നാലെ അകത്തുകടക്കുമ്പോൾ അയാൾ അവളെ ശ്രദ്ധിച്ചു. ഉടവു പറ്റിയ ശരീരം. പണ്ടത്തെ എന്റെ നീലക്കിളിയല്ല ഇത്. എത്രയോ മാറ്റങ്ങളുണ്ടായിരിക്കുന്നു.
-ഇരിക്കൂ.
അവൾ കസേര നീക്കിയിട്ടു. അയാൾ ഇരുന്നു. പിന്നീട് എത്രനേരം കഴിഞ്ഞാണ് അവൾ സംസാരത്തിന് തുടക്കമിട്ടത്.
-ബാലേട്ടൻ ആദ്യമായാണല്ലേ ലക്ഷ്മി നഗറിലേക്കു വരുന്നത്.
-ഉം. അയാൾ മൂളി.
ഇതിനപ്പുറത്തെ റെയിൽപാളത്തിൽ കൂടിയാണ് ഞാൻ ജോലിക്കുപോകുന്ന ട്രെയിൻ ചീറിപ്പാഞ്ഞുപോകുന്നത്. എന്നിട്ടും അടുത്ത റെയിൽവേ സ്‌റേറഷനിൽ ഇറങ്ങി ഒന്നിവിടെ വരെ വന്നില്ല.
മൂന്നുവർഷമായി. അമ്മ എഴുതാറുണ്ടായിരുന്നു.
-ശ്രീജ നിന്റെ നഗരത്തിലല്ലേ…, ഒന്നുപോയി കണ്ടുകൂടേ നിനക്ക്?
-ഇല്ല, തിരക്കാണമ്മേ…
-നിനക്കെന്തു തിരക്ക്? ഒറ്റാംതടിയായി നടക്കുന്ന നിനക്ക് തിരക്കോ? മനസ് ശാസിക്കുന്നു.
അയാൾ ഒന്നനങ്ങിയിരുന്നു. നഗരത്തിൽ ഈയിടെയായി കോരിച്ചൊരിയുന്ന മഴയാണ്. കഴിഞ്ഞയാഴ്‌ചവരെ അത്തരം അവസ്ഥയിലായിരുന്നു. താമസിക്കുന്ന ലോഡ്‌ജിന്റെ മുകൾനിലയിൽ എല്ലാവരും കയറിയിരുന്നു. കാറുകളും മറ്റ് വാഹനങ്ങളും വെള്ളത്തിലൂടെ അലസം നീങ്ങി. തണുപ്പിൽ വിറകൊള്ളുന്ന നഗരം.
-നാശത്തിന്റെ തുടക്കമാണ്. സുഹൃത്തുക്കളിലാരോ പിറുപിറുത്തു.
-മനുഷ്യന്റെ ചെയ്തികളാണ് എല്ലാത്തിനും കാരണം. എങ്ങിനെയൊക്കെയാണ് മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുന്നത്. അയാൾ ഉള്ളിൽ തിരുത്തി.
നാട്ടിൽ നിന്നും പെങ്ങൾ അയച്ച കത്തിൽ ഒരിക്കൽ എഴുതിയിരുന്നു.
-തമ്പുരാന്റെ കുന്ന് ഇടിച്ചു നിരത്തി. പുതിയ റോഡ് വരുന്നത്രെ…
കുന്നിനെയും താഴെ ചരുവിലുള്ള പാടങ്ങളെയും പിന്നെ ആകാശപ്പരപ്പിലെ സിന്ദൂരത്തിൽ മുങ്ങിയ മേഘക്കൂട്ടങ്ങളെയും അപ്പോഴോർത്തു. ഇനി അത്തരം കാഴ്‌ചകളുണ്ടാവില്ല.
-മഴക്കാലത്ത് ഞങ്ങള് അപ്പുറത്തെ ഫ്ലാറ്റിലായിരുന്നു. ബാലേട്ടനോ…? അവൾ മൗനമുടച്ചു.
-ഞ്ഞങ്ങൾ ആകാശത്തിന്റെ തൊട്ടുചുവട്ടിൽ…രാജേട്ടനെ താങ്ങിപ്പിടിച്ച്… മരുന്നുകളും… അവൾ മുറിഞ്ഞവാചകം കൂട്ടിചേർത്തു…
അയാൾ ജനലിലൂടെ പുറത്തേക്കു നോക്കി. കുറച്ചപ്പുറത്തായി കാണുന്ന സ്‌കൈവേവ് എന്ന ഫ്ലാറ്റ് സമുച്ചയം. ആകാശം തൊടുന്ന മട്ടിൽ അതിന്റെ മേലാപ്പുകൾ…
നിനക്ക് സുഖമല്ലേ നീലക്കിളീ… അയാൾക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. ഒന്നും ചോദിച്ചില്ല. അയാൾ ചുമരിലെ അലങ്കാരങ്ങളിലേക്കു നോക്കി. ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് അവൾ മനോഹരമായി ഇന്റീരിയർ ഡെക്കറേഷൻ നടത്തിയിരിക്കുന്നു.
നാട്ടിൻപുറത്തെ തറവാട്ടിലും അവൾ ഇതുപോലെ തന്നെയായിരുന്നു… പാഴാവുന്ന വസ്തുക്കൾ ഉപയോഗിച്ച് എന്തെങ്കിലുമൊക്കെ കൗതുകവസ്തുക്കൾ ഉണ്ടാക്കിവച്ചിരിക്കും.
ഞായറാഴ്‌ചകളിൽ അവൾക്കടുത്തെത്തുമ്പോൾ എല്ലാം കാണിച്ചുതരുമായിരുന്നു. വെറുതെ അവളെ ശുണ്‌ഠിപിടിപ്പിക്കാൻ പറയുമായിരുന്നു.
-ഇതെന്തൊരു ബോറ്… നിനക്കൊരു ഭാവനയുമില്ല.
പരിഭവംകൊണ്ട് ചുവക്കുന്ന മുഖം. അപ്പോഴല്ലേ കൂടുതൽ സുന്ദരിയാകാറ്…
ബാലേട്ടൻ എന്തേ ഇങ്ങോട്ടിറങ്ങിയത്? അവൾ ചോദിക്കുന്നു.
-ഒന്നൂല്ല്യാ… കാണണമെന്നു തോന്നി….
അവൾ മിഴികളിൽ ചോദ്യചിഹ്‌നവുമായി മുഖമുയർത്തി. അയാൾക്ക് ശ്വാസംമുട്ടി. മൂന്നുവർഷമായിട്ടും അവളെ തിരിഞ്ഞു നോക്കാതെ, സുഖമന്വേഷിക്കാതെ… ഇപ്പോഴെന്തിന്?
-ഓ, ഞാൻ ചായയെടുക്കാം. ബാലേട്ടൻ ഇരിക്കൂ….
അവൾ അകത്തേക്കു നടന്നു. നടക്കുമ്പോൾ തെന്നിമാറുന്ന അടിപ്പാവാടയുടെ അറ്റത്ത് തെളിയുന്ന കാൽപാദങ്ങളിലേക്ക് കണ്ണുകൾ ചെന്നു. ഒരു തെറ്റു ചെയ്യുന്ന നിഗൂഢതയോടെ.
തുടുത്ത വിരലുകളുടെ പണ്ടത്തെ ആകർഷണീയത എവിടെ…?
ടീപ്പോയിൽ കിടന്ന പത്രമെടുത്ത് വെറുതെ മറിച്ചുനോക്കുമ്പോൾ അകത്തുനിന്നും ഞരക്കം കേട്ടു. അയാൾ ചെവി വട്ടംപിടിച്ചു.
ശ്രീജേ… ചൂടുവെള്ളം.
ശബ്ദത്തിലെ ഇടർച്ചയും ദയനീയതയും അയാൾക്ക് മനസിലായി – രാജേന്ദ്രന്റേതാണ്.
-ദാ വരണൂ.. അവൾ അടുക്കളയിൽ നിന്നും വിളിച്ചു പറയുന്നു.
ചുമരിലെ ഫോട്ടോകളിലേക്ക് അയാൾ നോക്കി. വാസ്വേട്ടന്റെയും, ഭാരതിചേച്ചിയുടെയും ഫോട്ടോ, അവൾ നാട്ടിൽ നിന്ന് കൊണ്ടുവച്ചതാകും.
അകത്തുനിന്നും രാജേന്ദ്രന്റെ വിലാപമുണ്ടായി. അയാൾക്ക് അസ്വസ്ഥത തോന്നി. ബെഡ്‌റൂമിന്റെ വാതിൽപാളികൾ കരയുന്നു.
-ഉമ്മറത്ത് ആരാ.. രാജേന്ദ്രൻ ചോദിക്കയാണ് – ശബ്ദത്തിൽ പഴയ ഗാംഭീര്യമില്ല.
-അത്… അത്… അവൾ വിമ്മിട്ടപ്പെടുന്നു.
-ബാലേട്ടൻ! അവൾ പിന്നീട് പറയുന്നതു കേട്ടു. രാജേന്ദ്രൻ തിരിച്ചൊന്നും പറഞ്ഞിട്ടുണ്ടാവില്ല.
-വെള്ളം വേണംന്ന് പറഞ്ഞിട്ട് കുറച്ചേ കുടിച്ചുള്ളൂല്ലോ… ഉറങ്ങുന്നില്ലേ… അവൾ പരിതപിക്കുന്നു.
-ഗുളിക തരട്ടേ… വേദന കുറവുണ്ടോ? അവൾ ചോദിക്കയാണ്. അയാൾ മിണ്ടാതെ കിടക്കുകയാകും.
രാജേന്ദ്രന്റെ കട്ടിലിലെ കിടപ്പ് അയാൾക്ക് സങ്കല്പിക്കാനാകും. റേഡിയേഷന്റെ അനന്തരഫലങ്ങളുമായി ഒരിറ്റുവെള്ളം മനസമാധാനത്തോടെ ഇറക്കാനാവാതെ…
-രാജേന്ദ്രൻ… ആ പേര് അയാൾ നൂറുവട്ടം വായിലിട്ടു ചവച്ചു.
വേണം. അയാൾക്കിങ്ങനെ തന്നെ വേണം. എന്തൊക്കെയാണ് രാജേന്ദ്രാ, താങ്കൾ എന്നോടു ചെയ്തു കൂട്ടിയത്? അയാൾ കസേരയിലിരുന്നു പല്ലു കടിച്ചു.
എന്റേതെന്നു മാത്രം ഞാൻ കരുതിയ ശ്രീജയെ തട്ടിയെടുത്തല്ലേ നിങ്ങൾ ഈ മഹാനഗരത്തിലേക്ക് വണ്ടി കയറിയത്. അന്നുമുതൽ എന്റെ ശാപവാക്കുകൾ നിങ്ങളുടെ പുറകെയുണ്ടായിുന്നു. അയാളുടെ ബോധാവബോധങ്ങളിൽ പോയകാലം പിന്നെയും തളിർത്തു.
അച്ഛനെ സഹായിച്ച് പാചകപ്പുരയിലായിരുന്നു അപ്പോഴയാൾ. പിറ്റേന്ന് അവളുടെ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങായിരുന്നു. കുടുംബക്കാരെല്ലാം ഒത്തുകൂടിയ ദിവസം. പരദേവതാ ക്ഷേത്രത്തിലെ ഉത്സവത്തിനു മാത്രമേ ഇതുപോലെ എല്ലാവരും ഒരുമിച്ചുകൂടിയ സന്ദർഭമുണ്ടായിട്ടുള്ളൂ.
സംസാരങ്ങൾക്കിടയിലെപ്പോഴോ അവളുടെ വിവാഹക്കാര്യം ആരോ എടുത്തിട്ടു. വലിയ വട്ടളങ്ങൾക്കു താഴെ എരിയുന്ന മഞ്ഞ വെളിച്ചത്തിനരികെ വിയർത്തു പണിയെടുത്തു കൊണ്ടിരിക്കുകയായിരുന്ന അയാളപ്പോൾ കാതോർത്തു.
-രാജേന്ദ്രൻ അടുത്തമാസം വരും. വന്നാലധികനാള് നിൽക്കില്ല. അതിനു മുമ്പ് നമ്മള് ഡേറ്റ് തീരുമാനിച്ചു വയ്‌ക്കണം… രാജേന്ദ്രനവളെ വല്യേ ഇഷ്ടാന്ന് എല്ലാ കത്തിലും എഴുതാറുണ്ട്.
വകയിലുള്ള ഏതോ തടിച്ച സ്ര്തീ ഉറക്കെ പറയുന്നു. അപ്പോഴാണയാൾ ഞെട്ടിയത്. അവളെ ഒരാൾകൂടി ആഗ്രഹിക്കുന്നുവെന്നറിഞ്ഞത്. പിന്നീട് തറവാടിന്റെ പിന്നാമ്പുറത്തുവെച്ച് അവൾ പറഞ്ഞതോർക്കുന്നു.
-നമ്മുടെ മോഹങ്ങളൊക്കെ വെറുതെ ബാലേട്ടാ… എന്നെ രാജേന്ദ്രന് പണ്ടേ പറഞ്ഞുവെച്ചതാണെന്നാണ് എല്ലാവരും പറയുന്നത്… ഞാൻ…
-അങ്ങനെയങ്ങു തകർത്തു കളയാനുള്ളതല്ലല്ലോ ജീവിതം… വിഷമിക്കാതിരിക്കൂ…
അവളുടെ കണ്ണീർ തുടച്ചുകൊണ്ട് അന്ന് പറഞ്ഞു. അയാൾ മനസ്സിൽ എന്തൊക്കെയോ പദ്ധതികളൊരുക്കി. ഒടുവിൽ ആരും കണ്ടില്ലെന്നുറപ്പുവരുത്തി രാത്രിയുടെ ഏതോ യാമത്തിൽ, റെയിൽവേ സ്‌റ്റേനിലേയ്‌ക്ക് അവളുടെ കയ്യും പിടിച്ച് ആഞ്ഞു നടക്കുമ്പോൾ എതിരെവന്ന ബീറ്റിനിറങ്ങിയ പോലീസുകാർ പിടിച്ചു.
അവൾ പേടിച്ചരണ്ട കിളിക്കുഞ്ഞിനെപ്പോലെ എല്ലാം തുറന്നുപറഞ്ഞു. അവളുടെ സ്വന്തം ജ്യേഷ്‌ഠൻ പട്ടാളക്കാരനാണെന്നറിഞ്ഞപ്പോൾ പോലീസുകാർക്ക് ഉത്തരവാദിത്വം കൂടി. അവളുടെ അച്ഛനെ വരുത്തി. പിന്നീട് എല്ലാവരുടെ മുന്നിലും അയാൾ വെറുക്കപ്പെട്ടവനായി. കള്ളനായി. രവിയേട്ടൻ വന്ന് താക്കീത് തന്നിട്ടാണ് പോയത്.
-ഒരുപാട് ചോരകണ്ട് മരവിച്ച മനസ്സാ എന്റേത്. ശ്രീജയെപ്പറ്റി ഇനി ഓർക്കുകപോലും വേണ്ട. ആ മോഹം കളഞ്ഞേക്ക്.
ആ മോഹത്തെ അയാൾ മനസ്സിലിട്ടു താലോലിച്ചു, എപ്പോഴും. പിന്നത്തെ മാസം രാജേന്ദ്രൻ നാട്ടിൽവന്നു. അവളെ വിവാഹം കഴിച്ചു. അയാൾക്കൊപ്പം നഗരത്തിലേക്കുകൊണ്ടുപോയി. ബിസിനസ് സാമ്രാജ്യത്തിൽ കത്തിനിൽക്കുന്ന കാലത്ത് രാജേന്ദ്രന് തൊണ്ടയിൽ ക്യാൻസർ വന്ന്…
-ബാലേട്ടാ ചായ…
അയാൾ ഓർമ്മകളിൽ നിന്ന് പുറത്തുവന്നു. മുന്നിലേക്കു നീണ്ടുവന്ന കൈപ്പടത്തിൽ നിന്ന് അയാൾ ചായവാങ്ങി.
-ബാലേട്ടന്റെ വിശേഷങ്ങളൊക്കെ…
അവൾ ചുമർ ചാരിനിന്ന് ചോദിക്കുകയാണ്. നാല്പത്തിയഞ്ചാം വയസ്സിൽ എന്തു വിശേഷങ്ങൾ…?
അച്ഛന് വയ്യാതായപ്പോൾ കുറെക്കാലം അച്ഛന്റെ പാചകപണിയുമായി നടന്നു. സുമചേച്ചിയുടെ കല്യാണം നടത്തി. ഈ പണികൊണ്ട് ഒരിക്കലും ഗതികിട്ടില്ലെന്ന് ബോധ്യമായപ്പോൾ നഗരത്തിലേക്കുള്ള ചുവടുമാറ്റം. നഗരം എല്ലാവരെയും സ്വീകരിച്ചപോലെ എന്നെയും സ്വീകരിച്ചു. നല്ലൊരു കമ്പനിയിൽ തരക്കേടില്ലാത്ത ശമ്പളവുമായി.
-ഇത് നിന്റെയും രാജേന്ദ്രന്റെയും നഗരമാണെന്ന് ഞാനൊരിക്കലും ആലോചിച്ചില്ല. ആലോചിച്ചിരുന്നെങ്കിൽ വരില്ലായിരുന്നു. എന്തിന് നിന്റെ സങ്കടം കാണാൻ….?
അയാളുടെ മനസ്സിൽ വിചാരങ്ങളുടെ വേലിയേറ്റം നടന്നു.
-രാജേട്ടന്റെ കാര്യങ്ങളൊക്കെ അറിഞ്ഞില്ലേ? അവൾ ചുണ്ടുകളനക്കി. അയാൾ അവളെ മിഴികളുയർത്തി നോക്കി. ആ കൺതടങ്ങളിൽ നനവ് പൊടിയുന്നുണ്ടോ?
-ബിസിനസൊക്കെ ക്ഷയിച്ചു. രാജേട്ടൻ തളർന്നപ്പോൾ പാർട്‌ണേഴ്‌സൊക്കെ ആസ്തികൾ കൈക്കലാക്കി. ഇപ്പോൾ കഷ്ടിച്ച് ജീവിച്ചുപോകാനുള്ള കാര്യങ്ങളെ ഉള്ളൂ… അതും എപ്പഴാണ്…
-ഡോക്ടർ എന്താ പറഞ്ഞത്? എല്ലാം അറിഞ്ഞിരുന്നെങ്കിലും എന്തെങ്കിലും ചോദിക്കണ്ടെ എന്നു വിചാരിച്ച് അയാൾ ചോദിച്ചു.
-റേഡിയേഷൻ കൊണ്ടൊന്നും വല്യ കാര്യംല്ലാ. കെടക്കണ കെടപ്പ് കണ്ടില്ലേ… പഴയ ശൗര്യവും, ശരീരവുമൊക്കെ പോയി…
അയാൾ ജനലിലൂടെ പുറത്തേക്കു നോക്കി. കോളനിയിലേക്കു പോകുന്ന വാഹനങ്ങളുടെ മുരൾച്ച കേട്ടു.
-എന്തെങ്കിലും സംഭവിച്ച് ഒരു കുഞ്ഞിക്കാലുപോലും രാജേട്ടന്റെ ഓർമ്മയ്‌ക്കായി ഇല്ല. എനിക്ക് ഒന്നും സഹിക്കാൻ കഴിയില്ല ബാലേട്ടാ…
അടുത്ത നിമിഷത്തിൽ അവളുടെ വിങ്ങിപ്പൊട്ടൽ കേട്ടാണ് അയാൾ സ്വബോധത്തിലേക്കു വന്നത്.
ഈ കണ്ണീർ തുടക്കാൻ നീയിപ്പോൾ ആരുമല്ല. ഉള്ളിലിരുന്ന് ആരോ ഓർമ്മപ്പെടുത്തി.
-ശ്രീജേ… അകത്തു നിന്നും ദുർബ്ബലമായ വിളി വീണ്ടും കേട്ടു.
-വേദന സഹിക്കാണ്ടാ വിളിക്കണെ… അവൾ അയാൾക്ക് കേൾക്കാനെന്ന മട്ടിൽ പറഞ്ഞു. അയാൾ ചായ കുടിച്ച് ഗ്ലാസ് താഴെവച്ചു. പോകാൻ എഴുന്നേൽക്കുന്നതിനു മുമ്പേ അവൾ പറഞ്ഞുവെച്ചു.
-ബാലേട്ടൻ പൊയ്‌ക്കോളൂ… വല്ലപ്പോഴുമൊക്കെ വരണം.
ഒന്ന് കടന്നുചെന്ന് രാജേന്ദ്രനെ കാണണോ? അയാൾക്ക് തീരുമാനത്തിലെത്താനായില്ല. അവൾ അകത്തേക്കു കടന്നപ്പോൾ അയാൾ പുറത്തെ വാതിലിനടുത്തേക്കു നടന്നു.
Generated from archived content: story1_jun13_07.html Author: asokan_anchathu