മഴ

മഴ എനിക്കെന്നും
സന്തോഷവും സങ്കടവുമായിരുന്നു
ഒരു പെരുമഴക്കാലത്താണ് അമ്മ എന്നെ പ്രസവിച്ചതും
അച്ഛന്‍ മരണക്കയത്തിലേക്കാഴ്ന്നു പോയതും

പിന്നെ അമ്മയുടെ ചൂട് പറ്റിക്കിടന്നുറങ്ങിയ
എത്രയോ മഴക്കാലങ്ങള്‍ കടന്നു പോയി
വേറൊരു മഴക്കാലത്താണ്
ഞാന്‍ ഋതുമതിയായതും
മഴയെ പ്രണയിച്ചു തുടങ്ങിയതും

പിന്നൊരു മഴക്കാലത്താണ്
കാമാന്ധരായ കഴുകന്‍മാര്‍
എന്നെ മഴയിലേക്ക് വലിച്ചിഴച്ചതും
കുഞ്ഞു മഴത്തുള്ളികള്‍
എന്റെ ഉദരത്തില്‍ നിക്ഷേപിച്ചതും

മഴയെക്കുറിച്ചോര്‍ക്കുമ്പോള്‍
എനിക്ക് ഭയമാണിന്ന്
ഒരു മഴക്കുഞ്ഞ് എന്റെ ഉദരത്തില്‍ വളരുന്നതും
മഴക്കാമുകന്മാര്‍ എന്നെ തേടിയെത്തുന്നതും
മറക്കാത്തൊരോര്‍മ്മയായി കണ്ണീര്‍മഴയെത്തുന്നതും

ശാപജന്മത്തിന്റെ ചോദ്യ ചിഹ്നമായ്
മഴയെ ശപിക്കുന്ന നിമിഷങ്ങള്‍ എങ്കിലും
മരണത്തിന്റെ മഴനൂലുകള്‍
ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന ഈ രാത്രിയും
ഞാന്‍ കാത്തിരിക്കുന്നു ഒരു തോരാമഴയെ

മഴ എനിക്കെന്നും
സന്തോഷവും സങ്കടവുമായിരുന്നു.

Generated from archived content: poem1_aug16_12.html Author: aniyanthampuran-cherayi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here