ഏതാനും നിമിഷങ്ങൾക്കകം നമ്മുടെ പ്രിയങ്കരനായ നേതാവ്, എ.കെ.വി മദ്യമാഫിയ ഗുണ്ടാസംഘങ്ങൾക്കെതിരെയുളള, സായാഹ്‌ന ധർണ ഉദ്‌ഘാടനം ചെയ്യുന്നതിനുവേണ്ടി ഇവിടെ എത്തിച്ചേരുന്നതാണ്.
കൊടികെട്ടിയ കാറിലെ ഉച്ചഭാഷിണിയിൽനിന്നും കാതടപ്പിക്കുന്ന ശബ്‌ദംകേട്ട്, അയാൾ അസ്വസ്ഥനായി.
മീറ്റിംഗിനുവരുമ്പോൾ ബന്ധപ്പെടാമെന്നും, അത്യാവശ്യ കാര്യമായതുകൊണ്ട് ചുറ്റുവട്ടത്തുതന്നെ ഉണ്ടാവണമെന്നും പറഞ്ഞതുകൊണ്ടാണ് കാത്തിരിക്കുന്നത്. ഇനിയും എത്രസമയം കാത്തിരിക്കേണ്ടിവരും. റോഡ് വക്കിൽ നിന്നും ദൂരെ മാറ്റിയിട്ടിരിക്കുന്ന, ‘ക്വാളിസ്’ വണ്ടിയുടെ ബാക്ക് സീറ്റീൽ നീണ്ടുനിവർന്ന് മൊബൈൽ ഫോൺ ശബ്‌ദിക്കുന്നതും കാതോർത്തിരുന്ന അയാൾ ഭൂതകാലത്തിന്റെ പടവുകൾ ഒന്നൊന്നായി ഇറങ്ങുകയായിരുന്നു.
പൂഴിമണൽ നിറഞ്ഞ വിശാലമായ ക്ഷേത്രമുറ്റത്തിന്റെ ഓരം ചേർന്ന് വളർന്ന് പന്തലിച്ച്, നഷ്‌ടപ്പെട്ട സുഖദുഃഖങ്ങളുടെ ഓർമകൾ അയവിറക്കി, ക്ഷേത്രമൈതാനത്തിന്റെ കാവൽക്കാരനെപ്പോലെ തലയെടുപ്പോടെ നിൽക്കുന്ന അരയാൽ.
താനും, കൂട്ടുകാരും, സായാഹ്‌നങ്ങളിലും, ഒഴിവുസമയങ്ങളിലും ഒത്തുചേരാറുളളത് ആൽമരത്തിന്റെ ചുവട്ടിലാണ്.
കോളേജ് വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ്, തൊഴിൽ അന്വേഷണം തൊഴിലാക്കിമാറ്റിയ കാലം. കൊച്ചുകൊച്ചു ദുഃഖങ്ങളും, മിന്നാമിനുങ്ങുപോലെ മിന്നിമറയുന്ന കൊച്ചു സന്തോഷങ്ങളും, പരസ്‌പരം കൈമാറിയിരുന്നത് ആ മരത്തണലിൽവച്ചായിരുന്നു.
പലപ്പോഴും തങ്ങളുടെ ദുഃഖമകറ്റാൻ, ഒരു കാരണവരെപ്പോലെ അരയാൽ തന്റെ ഇലകൾകൊണ്ട് കളകളാരവം മുഴക്കിയും കുളിർതെന്നലായി തലോടിയും സാന്ത്വനിപ്പിക്കുവാൻ ശ്രമിക്കാറുണ്ട്.
വസന്തവും, ശിശിരവും മാറിമാറി ആൽമരത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നപ്പോഴും, തങ്ങൾക്ക് തൊഴിലില്ലായ്‌മ ഒരു പ്രശ്‌നമായി അവശേഷിച്ചിരുന്നു. എങ്കിലും അനീതിയേയും, അക്രമത്തേയും എതിർക്കാനുളള ഒരു ചങ്കൂറ്റം മാത്രമായിരുന്നു ഏകസമ്പാദ്യം.
അനീതിയോടുളള പ്രതിഷേധം പലപ്പോഴും ചെന്നെത്തുന്നത് പ്രശ്‌നങ്ങളുടെ ഊരാക്കുടുക്കിൽ ആയിരിക്കും. ഫലമോ വീട്ടുകാരുടേയും നാട്ടുകാരുടേയും എതിർപ്പും. എങ്കിലും യുവത്വത്തിന്റെ ചോരത്തിളപ്പിൽ സത്യത്തെ മുറുകെപ്പിടിച്ചിരുന്നു.
വോട്ടു ബാങ്കിൽ കണ്ണും വച്ച്, പൊളളയായ വാഗ്‌ദാനങ്ങൾ നല്‌കി. ജനങ്ങളെ വിഡ്‌ഢികളാക്കുകയും, പരിഹാരം കാണാൻ ആവുന്നതും, എന്നാൽ പരിഹാരം കാണാതെ തട്ടിക്കളിക്കുന്ന പൊതുവായ പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് വിലപേശുന്ന കപടരാഷ്‌ട്രീയക്കാർക്കെതിരെ പാവപ്പെട്ടവന്റെ വിയർപ്പിൽ നിന്നും മിച്ചം പിടിക്കുന്ന ചില്ലിക്കാശുകൾ യൂണിയന്റെ പേരും പറഞ്ഞ് പിടിച്ചുപറിച്ച്, മാർബിൾ പാകിയ മണിമന്ദിരങ്ങളും, പാർട്ടി ഓഫീസുകളും തീർക്കുന്ന കപട രാഷ്‌ട്രീയക്കാർക്കെതിരെ, തരം കിട്ടുമ്പോഴൊക്കെ എതിർത്തിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ അവരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു.
കപടരാഷ്‌ട്രീയത്തിന്റെ വേരോട്ടം തടയാൻ കടയ്‌ക്കൽ കത്തിവെക്കുന്ന ഇത്തരത്തിലുളള ചെറുപ്പക്കാരെ സമൂഹത്തിൽനിന്നും ഒറ്റപ്പെടുത്തുന്നതിനുവേണ്ടി കൊടിയുടെ നിറം നോക്കാതെ അവരൊന്നായി.
നിസ്സാരകാര്യങ്ങളുടെ പേരിൽ കളളക്കേസുകൾ ഉണ്ടാക്കി. അധികാരം ഉപയോഗിച്ച് നിരന്തരം വേട്ടയാടി. കൂട്ടുകാർ പരസ്‌പരം ഒത്തുകൂടുന്നതു തടയാൻ അവർ തന്ത്രങ്ങൾ മെനഞ്ഞു. പരസ്‌പരം അകറ്റി.
പലരും വീട്ടുകാരുടെ ജീവനും, സ്വൈരജീവിതത്തിനും വേണ്ടി സ്വയം ഒതുങ്ങിക്കൂടി. എന്നിട്ടും എത്രയെത്ര കേസുകൾ…
ഒടുവിൽ നാട്ടുകാരും വീട്ടുകാരും വെറുത്തു. എന്നിട്ടും ജീവിക്കുവാനുളള മോഹംകൊണ്ട് എല്ലാ പകയും വിദ്വേഷവും ഉളളിലൊതുക്കി സ്വയം ഒതുങ്ങിക്കൂടുകയായിരുന്നു.
രാഷ്‌ട്രീയ അധികാരദല്ലാളന്മാർ, പരസ്‌പരം വൈരാഗ്യത്തോടെ, വെട്ടിയും കുത്തിയും കൊല ചെയ്യുമ്പോൾ സ്വന്തം അണികളെ രക്ഷിക്കുന്നതിനുവേണ്ടി മത്സരിച്ചായിരുന്നു നിരപരാധികളായ തങ്ങളുടെ പേരുകൾ പ്രതിസ്ഥാനത്ത് എഴുതിച്ചേർത്തിരുന്നത്. പിന്നീട് പോലീസുകാരും പലപ്പോഴും തെളിയാത്ത പല കേസുകളും മേലാളന്മാരുടെയും രാഷ്‌ട്രീയക്കാരുടെയും പ്രീതിക്കുവേണ്ടി മനഃപാഠമാക്കിയ തങ്ങളെപ്പോലുളളവരുടെ പേരുകൾ എഴുതിച്ചേർക്കുമായിരുന്നു.
നീരൊഴുക്കിൽ അകപ്പെട്ട്, കാലാന്തരത്തിൽ രൂപാന്തരം പ്രാപിച്ച ഉരുളൻ കല്ലുകളായി മാറിയ വെളളാരങ്കല്ലുകളെപ്പോലെ ഇന്നിപ്പോ തന്റേയും രൂപവും ഭാവും, മാറിയിരിക്കുന്നു.
രക്തം കണ്ടാൽ തലകറങ്ങുമായിരുന്ന താൻ കൊണ്ടും കൊടുത്തും പേടി മാറിയിരിക്കുന്നു. രക്തദാഹിയായ ഡ്രാക്കുളയെപ്പോലെ നാട്ടുകാർക്ക് തന്നെ ഭയമായിരിക്കുന്നു.
പക്ഷെ ഇന്നിപ്പോ പഴയകാലത്തെക്കുറിച്ചോർത്ത് ദുഃഖിക്കാറില്ല. അതിനു തീരെ സമയമില്ല എന്നതാവും കൂടുതൽ ശരി. ഇന്നത്തെ ഈ നിലയിൽകൊണ്ടെത്തിച്ച അന്നത്തെ രാഷ്‌ട്രീയക്കാർക്ക് ഇന്ന് താൻ പ്രിയങ്കരനായി മാറിയിരിക്കുന്നു. ഭരണ-പ്രതിപക്ഷഭേദമന്യേ തന്റെ സേവനം ഇന്നവർക്കാവശ്യമാണ്.
സ്വന്തം പാർട്ടിയിൽ പെട്ട ഗ്രൂപ്പുകാരുടെ തുണി ഉരിയുന്നതിനും, എതിർ രാഷ്‌ട്രീയക്കാരെ ഉന്മൂലനം ചെയ്യുന്നതിനും അധികാരത്തിന്റെ ഗർവിൽ നടത്തുന്ന അഴിമതികളും, പീഡനവും, പെൺവാണിഭങ്ങളും പുറംലോകം അറിയാതിരിക്കുന്നതിനും തന്നെപ്പോലെയുളള ഗുണ്ടകളെ അവർക്കാവശ്യമാണ്. അതുകൊണ്ടുതന്നെ ഏതു തരത്തിലുളള കേസുകൾ വന്നാലും, അതീവരഹസ്യമായി ഉന്നതങ്ങളിൽനിന്നുളള വിളി വരുന്നതുകൊണ്ട്, നിഷ്‌പ്രയാസം ഊരിപ്പോരാറുണ്ട്.
അല്ലെങ്കിൽതന്നെ, സർക്കാരുദ്യോഗം തേടി മാസാമാസം കൃത്യമായി എണ്ണി വാങ്ങുന്ന തുച്ഛമായ ശമ്പളം കൊണ്ട് യന്ത്രം കണക്കെ ജീവിച്ചുതീർക്കുന്നതിനേക്കാൾ എത്രയോ സുന്ദരമായി താൻ ഇന്നു ജീവിക്കുന്നു.
ആവശ്യത്തിൽ കൂടുതൽ മേട്ടോർ വാഹനങ്ങൾ, ഇഷ്‌ടംപോലെ പണം, എല്ലാത്തിലും ഉപരി ആജ്ഞാനുവർത്തികളായി എന്തിനും പോന്ന ഒരു പറ്റം ചെറുപ്പക്കാർ.
നാട്ടുകാർക്ക് താനിപ്പോൾ പേടിസ്വപ്‌നമായ ഗുണ്ടയാണെങ്കിലും കോളേജുകളിലും, ചെറുപ്പക്കാരുടെ ഇടയിലും ‘ഹീറോ’ ആണ്. രാഷ്‌ട്രീയക്കാർക്ക് പ്രിയപ്പെട്ട വി.വി.ഐ.പി.
ഇന്നത്തെ ഈ നിലയിലേക്ക് തന്നെ വളർത്തിയതിന് ആരോടാണ് നന്ദി പറയേണ്ടത് എന്ന സംശയം മാത്രമേയുളളൂ.
മൊബൈൽ ശബ്‌ദിക്കുന്നതുകേട്ട് ബട്ടൺ അമർത്തിയപ്പോൾ, ഉദ്‌ഘാടനം കഴിഞ്ഞ് സ്‌റ്റേജിന്റെ പിന്നിലേക്ക് മാറി നിന്ന്, തന്നെ വിളിക്കുന്ന ജനങ്ങളുടെ പ്രിയങ്കരനായ എ.കെ.വി. അദ്ദേഹത്തിന്റെ ശബ്‌ദത്തേക്കാൾ ഉച്ചത്തിൽ, സ്‌റ്റേജിൽനിന്നും ഗുണ്ടാമാഫിയാ സംഘങ്ങൾക്കെതിരെ അണികൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിക്കുന്ന മുദ്രാവാക്യം മുഴങ്ങി കേൾക്കാമായിരുന്നു.
രാജ്യഭരണത്തിന് എത്തിയ മേയർ ക്രൂരനും ദുഷ്‌ചിന്താഗതിക്കാരനുമായിരുന്നു. അയാളുടെ ഒറ്റുകാരനും കൂട്ടിക്കൊടുപ്പുകാരനുമായി അവതരിക്കുകയായിരുന്നു ജോസ് മോൺട്രീൽ. മേയറിന്റെ ഭരണം പാവപ്പെട്ട ജനതക്ക് കഷ്‌ടപ്പാടും ക്ലേശവുമാണ് സമ്മാനിച്ചത്. അയാളുടെ പോലീസ് പാവപ്പെട്ടവരെ അകാരണമായി വെടിവച്ചു വീഴ്‌ത്തിക്കൊണ്ടിരുന്നു. പണക്കാർക്കും രക്ഷയില്ലാത്ത അവസ്ഥ. അവർ ഇരുപത്തിനാലു മണിക്കൂറിനുളളിൽ നഗരം വിട്ടു ദൂരേക്ക് പോയ്‌ക്കൊളളണം. നാട്ടിലെ കൊളളരുതായ്‌കൾക്കൊക്കെ കൂട്ടുനിന്നുകൊണ്ട് ജോസ് മോൺട്രീൽ സമ്പാദിച്ചുകൊണ്ടിരുന്നു ഐശ്വര്യങ്ങൾ. നഗരം വിട്ടോടുന്ന കാശുകാരുടെ ഭൂമികളും കന്നുകാലികളും മറ്റും ജോസ് മോൺട്രീൽ വാങ്ങിക്കൂട്ടിക്കൊണ്ടിരുന്നു. അയാളുടെ ഭാര്യക്ക് അതൊന്നും സഹിച്ചില്ല. നിങ്ങൾ എന്തിനിങ്ങനെ ക്രൂരനാകുന്നു എന്ന് ആ സ്‌ത്രീ ചോദിച്ചപ്പോൾ അയാൾ വകവച്ചില്ല. സാധന സാമഗ്രികൾ വാരിക്കൂട്ടാൻ വേണ്ടി പേപിടിച്ച മൃഗത്തെപ്പോലെ അയാൾ ഓടിനടന്നു. തന്റെ ഭർത്താവിന്റെ നാശം അവർ കാണുകയായിരുന്നു. എന്തിനിങ്ങനെ ഇയാൾ വാരിക്കൂട്ടുന്നു?
മെല്ലെ ആ മനുഷ്യൻ നഗരത്തിലെ പണക്കാരനും അധികാരസ്വാധീനവും ഉളളവനായി മാറി. അയാൾക്ക് ഇനിയും വളരണമെന്നായി. തനിക്ക് സ്വന്തമായി ഇപ്പോൾ ഒരു വലിയ സാമ്രാജ്യമുണ്ട്. അതിന്റെ വിസ്‌തൃതി അത്യധികം വർദ്ധിപ്പിക്കണം.
പക്ഷെ, അധികനാൾ സമൃദ്ധിയുടെയും സുഖത്തിന്റെയും മധുചഷകങ്ങൾ ആസ്വദിക്കാൻ വിധി അയാളെ അനുവദിച്ചില്ല. ഒരുച്ചനേരത്ത് തന്റെ ബംഗ്ലാവിലെ തൂക്കു കട്ടിലിൽ കിടന്ന് അയാൾ ജീവിതത്തോടു വിടപറഞ്ഞു. ജനം ആ വാർത്ത സന്തോഷത്തോടെ സ്വീകരിച്ചു. അങ്ങനെ ഒരു മാരണം നാടുനീങ്ങിയല്ലോ.
ജോസ് മോൺട്രീലിന്റെ ഭാര്യക്ക് മരണം താങ്ങാനായില്ല. അയാൾ എത്ര ഭയങ്കരനാണെങ്കിലും തന്റെ രക്ഷാകേന്ദ്രമാണല്ലോ. ഇത്ര വലിയ കാശുകാരന്റെ ശവസംസ്‌കാരചടങ്ങ് ഗംഭീരമായിരിക്കണമെന്ന് ആ സ്‌ത്രീ ആഗ്രഹിച്ചു. അതു നടന്നില്ല. അന്യരാജ്യത്ത് ജോലിചെയ്യുന്ന മക്കൾ ആരും തന്നെ ശവസംസ്‌കാരത്തിൽ പങ്കുകൊണ്ടില്ല. തന്റെ നല്ലകാലത്ത് പല സ്വാധീനങ്ങളും തന്ത്രങ്ങളും പ്രയോഗിച്ചാണ് മക്കൾക്ക് വേണ്ടപ്പെട്ട ഉദ്യോഗങ്ങൾ വാങ്ങിക്കൊടുത്തത്.
ഓരോന്നോർത്ത് വിധവ ഭർത്താവ് ഉപയോഗിച്ചിരുന്ന തലയിണയിൽ മുഖം ചേർത്തുവച്ച് കണ്ണീരൊഴുക്കി. ജീവിതം ശൂന്യതയിൽ വിലയം പ്രാപിക്കുമ്പോൾ ഏകാന്തത പൊറുതിമുട്ടിത്തുടങ്ങി. ഇനി അങ്ങോട്ട് എന്തിന് ജീവിക്കണം? മോൺട്രിലിന്റെ മരണം പോലെതന്നെ തന്റെ മരണവും അടുത്തെത്തിയിരിക്കുന്നു.
മെല്ലെ, ജീവിതത്തെക്കുറിച്ച് ആ സ്‌ത്രീ ബോധവതിയായി. പുതിയ ഒരു ജീവിതമാർഗ്ഗം കണ്ടെത്തേണ്ടിയിരിക്കുന്നു. അവർ ഭർത്താവിന്റെ വലിയ എസ്‌റ്റേറ്റിലേക്ക് താമസം മാറ്റി. മോൺട്രീലിന്റെ വിശ്വസ്‌തനും കുടുംബ സുഹൃത്തുമായ കാർമിച്ചെൽ ഇടയ്‌ക്കിടക്ക് അവിടെവന്ന് സാന്ത്വനങ്ങൾ നൽകിക്കൊണ്ടിരുന്നു.
തന്റെ മനസ്സമാധാനത്തിനുവേണ്ടി ആ സ്‌ത്രീ ഭർത്താവിന്റെ പടത്തിനുമുന്നിൽ മാല്യങ്ങൾ ചാർത്തി അയാൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
ആയിടയ്‌ക്ക് ഒരു ദൗർബല്യം എന്നവണ്ണം വിധവ നഖം കടിച്ചുതുടങ്ങി. ഇടയ്‌ക്കിടക്ക് തെരുവിലേക്ക് നോക്കി ദുഃഖഭാവം കൈക്കൊളളും. ഇന്നലെയുടെ സമൃദ്ധിയും അതോടൊപ്പം ഭർത്താവ് നടത്തിക്കൊണ്ടിരുന്ന പൈശാചികത്വവും ഓർക്കും എന്തോ നാശം വരാൻ പോകുകയാണോ എന്നു സന്ദേഹിക്കും.
ജോസ് മോൺട്രീലിന്റെ ദയാരാഹിത്യത്തിൽ നിന്ന് മോചനമാർജ്ജിച്ച നഗരം പുതിയ ശക്തി പ്രാപിച്ചു. പക്ഷെ എസ്‌റ്റേറ്റിലുളള അവരുടെ വ്യാപാരങ്ങൾക്ക് കോട്ടം തുടങ്ങി.
കാലവർഷം തുടങ്ങിയതോടെ വിധവയുടെ താമസസ്ഥലം ശൂന്യമായി.
അന്യദേശത്തെ മക്കൾക്ക് എഴുത്തുകൾ എഴുതി അവർ ഏകാന്തതയെ തുടച്ചുനീക്കിക്കൊണ്ടിരുന്നു. എന്നാൽ മക്കൾക്ക് ആ സ്‌ത്രീയോട് അത്രയ്‌ക്ക് സ്‌നേഹമുണ്ടായില്ല. ആ സ്‌ത്രീയുടെ പെരുമാറ്റങ്ങളിലെ വികലത കാർമിച്ചിലിനെ അസ്വസ്ഥനായിക്കൊണ്ടിരുന്നു. ആ സ്‌ത്രീ സ്വയം നശിക്കുകയാണെന്ന് അയാൾ കരുതി. അവർ തമ്മിലുളള സംഭാഷണങ്ങളിലെ വൈരുധ്യത്തിന്റെ ഒടുവിൽ ആ സ്‌ത്രീ അയാളെ ആട്ടിയോടിച്ചു.
മക്കൾ നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല എന്ന് ഒരെഴുത്തിന് മറുപടി കിട്ടി. നിരാശയും ഏകാന്തതയും സമ്മിശ്രമായി. ജീവിതമേൽപ്പിക്കുന്ന ഈ സന്ദേഹങ്ങളും ആഘാതങ്ങളും ചെയ്‌തുപോയ പാപത്തിന്റെ ഫലമാണെന്ന് അവർക്ക് വിശ്വസിക്കേണ്ടിവന്നു.
ഒരു രാത്രി അവർ തന്റെ കിടപ്പുമുറിയിലേക്ക് നടന്നു. ജപമാല കയ്യിലേന്തി. സ്വർഗ്ഗസ്ഥനായ പിതാവിനോട് നെഞ്ചുരുകി പ്രാർത്ഥിക്കാൻ തുടങ്ങി. അതാ എങ്ങോ ഇടിവെട്ടുന്നു. എന്തോ പ്രകാശം പരക്കുന്നു. അവർ വെളുത്ത വസ്‌ത്രം ധരിച്ചു. മരണത്തിന്റെ മണം ആസ്വദിച്ചുകൊണ്ട് അവർ കട്ടിലിലേക്ക് ചാഞ്ഞു.
Generated from archived content: story2_feb12.html Author: ani_cherai