ആത്മബലി

കാലത്തിന്റെ തലച്ചോറ്‌ വിറ്റ്‌

കൊലച്ചോറുണ്ണാനായിരുന്നയാളുടെ വിധി

ജാതിമത ഭേദമന്യേ

വർഗവർണ വ്യത്യാസമില്ലാതെ

കക്ഷി രാഷ്‌ട്രീയ ചേരി നോക്കാതെ

അയാൾ എഴുതിക്കൊണ്ടേയിരുന്നു

നഷ്ടപ്പെട്ടതിനെക്കുറിച്ചോ

നഷ്ടപ്പെടുന്നതിനെക്കുറിച്ചോ

നാളെയെക്കുറിച്ചോ

അയാൾ ചിന്തിച്ചിരുന്നില്ല

തളർന്നവശരായി കിടന്ന മാതാപിതാക്കളെ

അയാൾ കാണുന്നുണ്ടായിരുന്നില്ല

വിശന്നുകരഞ്ഞ മക്കളുടെ രോദനം

അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല

അരവയർ നിറക്കാൻ

അരയിലെ തുണിയഴിച്ച്‌

അവൾ പടിയിറങ്ങിപ്പോയതും

അയാൾ അറിയുന്നുണ്ടായിരുന്നില്ല

ഒടുവിലബോധാവസ്ഥയ്‌ക്കവസാനം

വെളിച്ചത്തിന്റെ മഹാപ്രപഞ്ചത്തിലേക്ക്‌

അകമുറിയിൽ പുത്രന്മാരായ ഗുണ്ടകളുടെ

മദ്യസൽക്കാര ലീലാവിലാസങ്ങൾ

കിടപ്പറയിൽ നിരവധി കാമുകർക്കൊപ്പം

നീലച്ചിത്രനിർമാണത്തിലേർപ്പെട്ടിരിക്കുന്ന ഭാര്യ

കോലായിൽ മരിച്ച്‌ പുഴുനുരയ്‌ക്കുന്ന

മാതാപിതാക്കളുടെ ശരീരങ്ങൾ

സ്വബോധത്തിന്റെ ദീപം പൊലിഞ്ഞു

മരവിപ്പ്‌ വിട്ടകന്നപ്പോൾ

കഴിഞ്ഞ കാലത്തെക്കുറിച്ചോർത്ത്‌

കരഞ്ഞു….പിന്നെ.

വിലപ്പെട്ട തന്റെ തൂലിക

സ്വഹൃദയത്തിലേക്ക്‌ കുത്തിയിറക്കി

ചെയ്‌തു തീർക്കാനാവാത്ത കർമ്മത്തെയോർത്ത്‌

നിർവികാരതയോടെ മിഴിയടച്ചു.

Generated from archived content: poem1_feb6_07.html Author: ani_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here