ഗോപാലൻ തന്റെ സാധനങ്ങൾ ഒരുക്കി. ഒരുതരം ഭ്രാന്തായിരുന്നു. താൻ എങ്ങോട്ടാണ് പോകുന്നതെന്നുകൂടി അറിയില്ല. എത്രയും വേഗം ഇവിടെ നിന്നും പോകണം എന്നു മാത്രമേ ചിന്തയുളളൂ. വളരെ പണിപ്പെട്ട് കിട്ടിയ അഞ്ഞൂറുരൂപ മാത്രമേ ഗോപാലന്റെ കൈയ്യിലുളളൂ. വീട്ടിൽ ഓരോ നിമിഷവും നിൽക്കുന്തോറും അയാളുടെ മനസിൽ ദുഃഖം കൂടിക്കൂടി വരുന്നതേയുളളൂ. അവസാനമായി അമ്മയുടെയും അച്ഛന്റെയും ചിതാഭസ്‌മത്തിനടുത്ത് ചെന്ന് പ്രാർത്ഥിച്ചു. അതൊന്നു തൊടാൻപോലും ചെറിയമ്മ സമ്മതിച്ചില്ല. ചെറിയമ്മ കടയിൽ നിന്നു വരുന്നതിനുമുമ്പ് ഇറങ്ങണമെന്നാണ് പറഞ്ഞിരിക്കുന്നത്. എങ്കിലും ചെറിയമ്മയോട് യാത്ര പറഞ്ഞിട്ടേ ഇറങ്ങുകയുളളൂ എന്ന് ഗോപാലൻ തീരുമാനിച്ചു. ഗോപാലൻ തന്റെ ബാഗെല്ലാം ഒരുക്കി പോകാൻ തയ്യാറായി നിന്നു.
അങ്ങനെ ചെറിയമ്മയോട് യാത്രപറഞ്ഞ് ആ വീട്ടിൽ നിന്ന് ഇറങ്ങി. ഇത്രയും വിഷമം വേറെപ്പോഴെങ്കിലും അനുഭവിച്ചതായി ഗോപാലന് തോന്നിയില്ല. ആ പടികൾ ഇറങ്ങുമ്പോൾ അമ്മയുടെയും അച്ഛന്റെയും ഓർമകൾ മനസിൽ ഒരു വിങ്ങലായി നിന്നു. ഏതോ ഒരു ബസിൽ കയറി യാത്ര ആരംഭിച്ചു. എവിടേക്കെന്നറിയില്ല. ബസു വിട്ടു. ക്ഷീണം ഉണ്ടായിരുന്നതുകാരണം ഗോപാലൻ വേഗംതന്നെ ഉറങ്ങിപ്പോയി. ഒരു സ്‌ത്രീ മുട്ടിവിളിച്ചപ്പോഴാണ് ഗോപാലൻ ഉണർന്നത്. തനിക്ക് ഇരിക്കാൻ വേണ്ടി കുറച്ച് ഇടം തരുമോ എന്ന് ആ സ്‌ത്രീ ചോദിച്ചു. ഗോപാലൻ വേഗം ഇത്തിരി നീങ്ങി കൊടുത്തു. കുറച്ചു നേരത്തെ നിശബ്ദതയ്‌ക്കുശേഷം ആ സ്‌ത്രീ ഗോപാലന്റെ പേര് ചോദിച്ചു. ഗോപാലൻ ആ സ്‌ത്രീയുടെയും പേര് ചോദിച്ചു. അങ്ങനെ ഓരോന്നും പറഞ്ഞ് അവർ വലിയ പരിചയത്തിലായി. ഗോപാലൻ തന്റെ പഴയകാല ജീവിതത്തെപ്പറ്റി പറഞ്ഞു. തന്റെ അമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ അച്ഛൻ വേറൊരു കല്യാണം കഴിച്ചതും പിന്നെ അമ്മയും അച്ഛനും ചെറിയമ്മയുടെ ഉപദ്രവം കാരണം വിഷംകഴിച്ച് മരിച്ചതുമെല്ലാം. ഇതെല്ലാം കേട്ട മീനക്ക് വളരെ വിഷമം തോന്നി. ഏകദേശം ഇതേപോലെ തന്നെയാണ് തന്റെ ജീവിതത്തിന്റെ കിടപ്പും എന്ന് മീന പറഞ്ഞു.
പിന്നെ കണ്ടക്ടർ വന്ന് ടിക്കറ്റ് ചോദിച്ചപ്പോഴാണ് അവർ അവരുടെ ലോകത്തുനിന്നും തിരിച്ചെത്തിയത്. കണ്ടക്ടർ പറഞ്ഞപ്പോഴാണ് ഇത് തിരുവനന്തപുരത്തേക്കുളള ബസാണെന്ന് ഗോപാലന് മനസിലായത്. മീനയും തിരുവനന്തപുരത്തേക്കായിരുന്നു. അവൾക്കവിടെ സ്വന്തമായി ഒരു കൊച്ചുവീടുണ്ട്. അവിടേക്കാണ് അവൾ പോകുന്നതെന്ന് ഗോപാലനോട് പറഞ്ഞു. തിരുവനന്തപുരത്ത് ബസ് എത്തിയപ്പോൾ യാത്രക്കാരെല്ലാം ഓരോരുത്തരായി ഇറങ്ങി. എങ്ങോട്ടുപോകണമെന്നറിയാതെ തന്റെ കഷ്ടപ്പാടുകളും ദുഃഖങ്ങളുമെല്ലാം മീനയോടു പറഞ്ഞപ്പോൾ വളരെയധികം ആശ്വാസം തോന്നി. മീനക്കും അങ്ങനെ തന്നെ. രണ്ടുപേരും സ്‌റ്റോപ്പിൽ ഇറങ്ങി. മീന ഗോപാലനോട് എങ്ങോട്ടാണ് യാത്രയെന്ന് ചോദിച്ചു. ഗോപാലൻ അറിയില്ലെന്നു പറഞ്ഞു. പിന്നെ എന്തു ചെയ്യുമെന്നുളള മീനയുടെ ചോദ്യത്തിന് ഗോപാലന് ഉത്തരമില്ലായിരുന്നു.
മീനയുടെ ആ ചോദ്യം പെട്ടെന്നായിരുന്നു. ഗോപാലനെ അത് ഞെട്ടിപ്പിക്കുകയും അതേപോലെ തന്നെ സന്തോഷിപ്പിക്കുകയും ചെയ്തു. പക്ഷെ എന്തുപറയണം എന്ന് ഗോപാലന് നിശ്ചയമില്ല. തന്റെ വീട്ടിലേയ്‌ക്ക് വരുന്നതിൽ സന്തോഷമേയുളളൂ എന്നു പറഞ്ഞതുകൊണ്ട് മീന വീണ്ടും ഗോപാലനെ ക്ഷണിച്ചു. അങ്ങനെ ഗോപാലൻ മീനയോടൊപ്പം അവളുടെ വീട്ടിലേയ്‌ക്ക് നടന്നു. കുറച്ചുദൂരം യാത്ര ചെയ്‌തതിനുശേഷം ഒരു ചെറിയ ഓടിട്ട വീടിനു മുമ്പിൽ മീന നിന്നു. ഇതാണ് തന്റെ വീട് എന്നവൾ പറഞ്ഞു. അവിടെ ഉമ്മറത്ത് അറുപത്തിയഞ്ച് വയസ് പ്രായമുളള ഒരു മുത്തശ്ശി ഇരിപ്പുണ്ടായിരുന്നു. മുത്തശ്ശിയെ ഗോപാലന് പരിചയപ്പെടുത്തി കൊടുത്തു. താൻ ബസിൽ വച്ച് കണ്ടുമുട്ടിയ സുഹൃത്താണെന്നും മുത്തശ്ശിയോട് പറഞ്ഞു. ഗോപാലന് മീന മുറി കാണിച്ചുകൊടുത്തു. കുളിക്കണമെങ്കിൽ കിഴക്കേ പുഴയിൽ കുളിക്കാമെന്നും പറഞ്ഞ് മീന തന്റെ മുറിയിലേക്കുപോയി. രണ്ടുപേരും ഒരേ കാര്യം തന്നെ മുറിയിലിരുന്ന് ചിന്തിച്ചു. വീട്ടിൽ വിളിച്ചുകൊണ്ടുവരാൻ മാത്രം എന്തുബന്ധമാണുളളതെന്ന് അവർ ആലോചിച്ചു.
അങ്ങനെ ആ കഥ അങ്ങനെത്തന്നെയായി. അവർ വിവാഹിതരായി. പരസ്‌പരം നന്നായി മനസിലാക്കിയതിനുശേഷം മാത്രം. സന്തോഷപൂർവ്വമുളള ഒരു കുടുംബജീവിതം അവർ നയിച്ചു. ഗോപാലന് ചെറിയൊരു ജോലി ലഭിച്ചു. അങ്ങനെ ആ യാത്ര അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു, ആ യാത്ര.
Generated from archived content: story_jan16_07.html Author: aneesh_krishna