ഒരു ചെരുപ്പുകുത്തി വഴിവക്കിൽ കുടിൽകെട്ടി താമസിച്ചിരുന്നു. വഴിപോക്കരുടെ ചെരുപ്പുകൾ നന്നാക്കിക്കൊടുക്കമ്പോൾ കിട്ടുന്ന പണം കൊണ്ട് അയാൾ ജീവിച്ചുവന്നു.
കുടിലിനടുത്ത് വലിയ ഒരു മാളികയുണ്ട്. അതിലൊരു കോടീശ്വരനാണ് താമസം. ജോലിചെയ്യുമ്പോൾ ചെരുപ്പുകുത്തി പാട്ടുപാടും. ഈ പാട്ടുകേട്ട് കോടീശ്വരൻ അത്ഭുതപ്പെട്ടു. തനിക്ക് ഇത്രയേറെ പണമുണ്ടായിട്ടും സന്തോഷത്തോടെ ഒരു പാട്ടുപാടാനോ സമാധാനമായിട്ടൊന്നുറങ്ങാനോ കഴിയുന്നില്ലല്ലോ. തുച്ഛവരുമാനക്കാരനായ ചെരുപ്പുകുത്തി പാട്ടുപാടി രസിക്കുന്നു.
കോടീശ്വരനിൽ അസൂയ മുഴുത്തു. ഇയാളുടെ പാട്ട് നിർത്തിയേ അടങ്ങുവെന്ന് അയാൾ തീരുമാനിച്ചു. ഒരു ദിവസം ചെരുപ്പുകുത്തിയോട് അയാൾ ചോദിച്ചു. നിങ്ങൾക്ക് എന്തുവരുമാനമുണ്ട്?‘
’ദിവസം പത്തു രൂപയോളം കിട്ടും.‘
പത്തുരൂപയോ! വലിയ കഷ്‌ടമാണല്ലോ. കോടീശ്വരൻ വലിയ സഹതാപം പ്രകടിപ്പിച്ചു’.
‘എനിക്കു കിട്ടുന്നതുകൊണ്ട് ഞാൻ സന്തോഷമായി ജീവിക്കുന്നു. ചെരുപ്പുകുത്തി തന്റെ സംതൃപ്‌തി വെളിവാക്കി.’
ഇതാ നിനക്കൊരായിരം രൂപ, ഇതുകൊണ്ട് കുറച്ചുകൂടെ സന്തോഷത്തോടെ ജീവിച്ചോളൂ.‘ കോടീശ്വരൻ രൂപ അയാൾക്കു നേരെ നീട്ടി. ’വളരെ നന്ദി, പക്ഷെ, ഈ സംഖ്യ ഞാനെങ്ങനെ തിരിച്ചു നൽകും?
‘ഞാൻ കോടീശ്വരനാണ്. എനിക്കത് തിരികെ ആവശ്യമില്ല. നിങ്ങൾ എടുത്തോളു.’ അയാൾ മാളികയിലേക്ക് കയറിപ്പോയി.
ആ നിമിഷം മുതൽ, കിട്ടിയ പണത്തെക്കുറിച്ചായിരുന്നു ചെരുപ്പുകുത്തിയുടെ ചിന്ത. പണം എവിടെസൂക്ഷിക്കും? കള്ളൻ കട്ടുകൊണ്ടുപോയാലോ; വേണ്ട! പലിശക്കുകൊടുത്താലോ; വേണ്ട! പലിശ മോഹിച്ച് പണം നഷ്‌ടപ്പെടുത്താൻ പാടില്ല.
ചിന്തകൾ മനസിനെ അസ്വസ്‌ഥമാക്കാൻ തുടങ്ങി. ജോലിയിൽ ശുഷ്‌ക്കാന്തി കുറഞ്ഞു. സന്തോഷം നഷ്‌ടപ്പെട്ടു. പണം എങ്ങനെ ചെലവാക്കണമെന്നും എങ്ങനെ സൂക്ഷിക്കണമെന്നും ചിന്തിച്ച് അയാൾ അസ്വസ്‌ഥനായി. അധ്വാനിക്കാതെ കിട്ടിയ പണം അയാളുടെ ഉറക്കം കെടുത്തി. പിന്നീട് ഒരിക്കലും അയാൾക്ക് പാടാൻ കഴിഞ്ഞില്ല.
Generated from archived content: story2_jan17_09.html Author: aleena_pinhero