പുത്തൻവേലിക്കരയുടെ കാവ്യലോകം

‘മൃത്യുവിൽ ജീവിതമൊടുങ്ങുന്നു നിദ്രയോടെ ദിനം മരിക്കുന്നു’ ജെറാൾഡ്‌ മാൻലിഹോപ്‌കിൻസ്‌ തന്റെ ഒരു കവിത അവസാനിപ്പിക്കുന്നതിങ്ങനെയാണ്‌. കാലത്തിന്റെ മാറാലയിൽ മറവിയുടെ പർവതങ്ങളെ തകർത്ത്‌ മുന്നേറാനുളള കരുത്ത്‌ എന്നും കവിതയ്‌ക്കുണ്ട്‌. കവിയുടെ കാലം നമ്മെ വ്യാകുലപ്പെടുത്തുന്നില്ലെങ്കിലും കാലമെത്ര കഴിഞ്ഞാലും അയാളുടെ കവിത നമ്മെ വ്യാകുലപ്പെടുത്തിക്കൊണ്ടിരിക്കും.

അര നൂറ്റാണ്ടിന്റെ കാവ്യപുഷ്‌പം കൈരളിക്ക്‌ സമർപ്പിച്ച്‌ ഇന്നും കാവ്യലോകത്ത്‌ നീന്തിനടക്കുകയാണ്‌ പുത്തൻവേലിക്കര സുകുമാരൻ എന്ന കവി. ഹൈസ്‌കൂൾ വിദ്യാഭ്യാസ കാലത്ത്‌ കവിതയിൽ പിച്ചവച്ച്‌ പടർന്നു കയറിയ ഈ കവിയുടെ കാവ്യക്കരുത്ത്‌ വേണ്ടവിധം അടുത്തറിയാതെ പോയതെന്തുകൊണ്ട്‌? കവി എന്നതിലുപരി ഒരു ബാലസാഹിത്യകാരൻ എന്ന നിലയിലാവും പുത്തൻവേലിക്കരയെ ഇന്നറിയുക.

കവിത പറയുക എന്നതാണ്‌ ഇന്നത്തെ മലയാള കവിതയുടെ ശൈലി. അവർ അടക്കിവാഴുന്ന ഈ കാലത്ത്‌ കവിത കാണുമ്പോഴെ വായനക്കാരൻ ഓടിയൊളിക്കും. ഗദ്യകവിതകൊണ്ട്‌ ശ്വാസംമുട്ടുന്ന തലമുറയാണ്‌ നമ്മുടേത്‌. ലോകം കീഴടക്കിയ പല കവികളും വാക്കുകളുടെ ശക്തികൊണ്ട്‌ തിരയിളക്കം തന്നെ സൃഷ്‌ടിച്ചവരാണ്‌. ഇവിടെ പഴംതുണി കവിതകളിലൂടെ എങ്ങുമെത്താത്തവരുടെ ലോകമാണ്‌ യുവകവികൾ സൃഷ്‌ടിച്ചൊടുക്കുന്നത്‌.

നാക്കിലും വാക്കിലും താളമുളള പഴയ തലമുറയുടെ ശക്തിയാണ്‌ പുത്തൻവേലിക്കരയുടെ കവിതകൾ. സംസ്‌കൃത വൃത്തങ്ങളിലൂടെ ലളിതമായ ഭാഷാ കരവിരുത്‌ പ്രകടിപ്പിക്കാൻ എന്നും ഈ കവിക്കാവും എന്ന സാക്ഷ്യപ്പെടുത്തലുകളാണ്‌ ഈ കവിതകൾ.

ആദ്യകാലം മുതൽ എഴുതിയ കവിതകളിൽ നിന്ന്‌ തിരഞ്ഞെടുത്ത മൂന്നു കാവ്യ സമാഹാരങ്ങളാണ്‌ പുതിയതായി പുറത്തുവന്നത്‌. 2004ൽ പുറത്തിറക്കിയ ഈ മൂന്നു സമാഹാരങ്ങളും ചേർത്ത്‌ വായിക്കുമ്പോഴാണ്‌ പുത്തൻവേലിക്കരയുടെ കാവ്യലോകം ഇത്ര വിപുലമാണെന്ന തിരിച്ചറിവ്‌ നമുക്കുണ്ടാകുന്നത്‌.

തിരികൾ പന്തങ്ങൾ എന്ന സമാഹാരത്തിൽ ‘ഉച്ചയുറക്കത്തിൽ’ എന്ന കവിതയിൽ അദ്ദേഹം വ്യക്തമാക്കുന്നു.

‘ഒത്തിരി വൈകിപ്പോയ്‌ നീയെൻ കവാടത്തി-

ലെത്തിപ്പെടാനെന്നിരുന്നാലും

നീയുമകിഞ്ചനയാമെൻ കവിതയു

മൊന്നെന്നു ഞാനിന്നറിയുന്നു

ആ ധന്യമാകുമറിവിന്റെ ശാഖിയിലായിരം പക്ഷികൾ പാടുന്നു.’

ആയിരമല്ല പതിനായിരം പക്ഷികൾ ഇനിയും പാടാൻ ആ തൂലികയ്‌ക്കാവട്ടെ….

മലയാള കവിതയുടെ വസന്തകവിതയെന്നു വിശേഷിപ്പിക്കാവുന്ന രമണൻ ആരുമില്ലാത്തൊരിടത്തിരുന്ന്‌ നീട്ടി പാടുമ്പോൾ നമ്മുടെ ഭാഷയുടെ ഈണവും താളവും മധുരവും യുവത്വവും പ്രകൃതിയും നാമറിയാതെ നമ്മിലേക്ക്‌ പടർന്നു കയറുന്നുണ്ടല്ലോ. കവിതയുടെ പദം മുറിച്ച്‌ നമ്മെ എറിഞ്ഞാക്ഷേപിക്കുന്നവർ നെറ്റിചുളിക്കട്ടെ… നമ്മെ പഴഞ്ചനെന്നു കുറ്റപ്പെടുത്തട്ടെ…പക്ഷെ നിങ്ങളുടെ ഹൃദയത്തെ അത്‌ സമ്പന്നമാക്കുന്നില്ലേ…ഉണ്ട്‌…ഉണ്ടല്ലോ.. അതാണ്‌ കവിത.

ആ പാരമ്പര്യത്തിന്റെ ശംഖൊലി മുഴക്കുന്ന എളിയ കവിയാണ്‌ പുത്തൻവേലിക്കര.

കവി കവിതക്കു വിഷയം തിരയേണ്ടതില്ല. നാട്ടിലെ സംഭവങ്ങളും അതുണ്ടാക്കുന്ന പുകപടലവും ഹൃദയത്തിലേക്കാവേശിച്ച്‌ കവിയറിയാതെ പുറത്തേക്ക്‌ നിർഗളിക്കും. അതാണ്‌ കാടിന്റെ ശബ്‌ദത്തിൽ കാട്ടുനീതിയെ ചോദ്യം ചെയ്‌തുകൊണ്ട്‌ കാലത്തിന്റെ കാവലാളാക്കാൻ ഈ കവിക്കാവുന്നത്‌.

‘അണമുറിയാതെ തിരയടിച്ചാർത്തുവന്നണയുമീ

വിപ്ലവത്തിന്റെ ചുഴികളിലമരാനമർത്തുവാൻ നേരമായ്‌

പോരടിച്ചൊരുമിച്ചുവരികയായ്‌ കാട്ടിന്നരുമകൾ’ എന്ന്‌ ഈ കവി പാടിയത്‌.

പ്രതിഷേധത്തിന്റെ കവിയല്ല ഈ കവി. പ്രത്യാശയുടെ ശ്യാമജീവിതം സ്വപ്‌നം കാണാൻ ഏറെ ശ്രമിക്കുന്നു.

‘ഇവിടെയിതാ നിൽക്കുന്നു നിന്നെ വരവേൽക്കുവാൻ

ഇനിയും വനദേവതകൾ പാതയോരങ്ങളിൽ

വരിക നീ വരിക യുഗസന്ധ്യകളിൽ രാഗാർദ്ര

സ്വരസുധയുമായ്‌ സ്വപ്‌നശ്യാമ ജീമൂതമേ’

(ശ്യാമജീവിതം)

പൂവായ്‌ മുഗ്‌ധദലങ്ങൾ നീർത്തിയുലയു

നീയെന്നിലെക്കാലവും

ഭാവോന്മീലനമായ്‌, വികാസപരിണാ

മത്തിൽ പ്രഭാനാളമായ്‌

നാവിൽ തുമ്പിലുണർന്നിടാവു കവിതേ

സപ്‌താക്ഷരീ മന്ത്രമായ്‌

നോവിൻ മുളളുകളേശിടാത്ത വഴിയേ

പോകാൻ പ്രസാദിക്കണേ

(ത്രിമധുരം)

ജീവിത പ്രത്യാശയും കാവ്യദേവതയും ഒന്നിച്ച്‌ സന്നിവേശിപ്പിക്കുന്നതാണ്‌ ത്രിമധുരത്തിലെ കവിത.

‘മുഷിഞ്ഞ മനസ്സിൻ കൂടയിൽ നിന്നൊരു

മധുരക്കനിപോലെ

മുളങ്കുഴൽ ഞാൻ വലിച്ചെടുത്തേൻ

ചുണ്ടിലമർത്തുന്നു

അതിന്റെ നാദാമൃത വാഹിനിയിൽ

തുടിച്ചു നീന്തുമ്പോൾ

അകക്കുരുന്നിലെ നോവുകളൊക്കെ

മറന്നുപോകും ഞാൻ’

എന്നു പാടുന്ന ചുമട്ടുകാരന്റെ പാട്ട്‌ എന്ന കവിത എത്ര മനോഹരമാണ്‌. ചുമടെടുത്തു നടുവൊടിഞ്ഞ തന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നതെന്തെന്ന കാര്യം എത്ര തീവ്രതയോടെയാണ്‌ കവി അവതരിപ്പിച്ചത്‌. പി.ഭാസ്‌കരന്റെ കവിതകളോട്‌ തുല്യത പുലർത്തുന്ന ഈ വരികളുടെ സൃഷ്‌ടാവിന്‌ എന്തേ അർഹതയുടെ അംഗീകാരങ്ങൾ ലഭിച്ചില്ല.

അഭയം എന്നൊരു കവിത പുഷ്‌പമേളയിൽ ചേർത്തിട്ടുണ്ട്‌. മനുഷ്യ ജീവിതത്തിന്റെ സന്ദേശം വളരെ ലളിതമായി ചുരുങ്ങിയ വരികളിൽ വിവരിക്കപ്പെടുന്നു.

‘അതുവരെയീമരം നിപതിച്ചിടും വരെ

അഭയം നമുക്കിവിടെ മാത്രം’

മനുഷ്യൻ എത്ര സുന്ദരമായ പദം എന്നാരോ പ്രവചിച്ചിട്ടുണ്ട്‌. ക്ഷണിക കാലമേ നമുക്കിവിടെ കഴിയാൻ വിധിയുളളൂ. ആ ചുരുങ്ങിയ കാലം വൃക്ഷം വീഴുവോളം മലർച്ചില്ലയിൽ ഇരിക്കാം, സ്വപ്‌നങ്ങൾ നെയ്‌തുമഴിച്ചും രമിക്കാം എന്നൊക്കെ കവി പറയുന്നു. കവിതയെ ആത്മീയതലത്തിലേക്ക്‌ ഉയർത്തി പുതിയ ഒരു ലോകം തന്നെ പടുത്തുയർത്തുകയാണ്‌ ഈ കവി.

മുക്തകങ്ങൾക്ക്‌ പുതിയ ഭാവതലം സൃഷ്‌ടിച്ച അപൂർവം കവികളിലൊരാളാണ്‌ ഈ കവി. ശ്രീകൃഷ്‌ണ സ്‌തോത്രമാല എന്ന പേരിൽ ഒരു മുക്തക സമാഹാരം തന്നെ അദ്ദേഹത്തിന്റേതായിട്ടുണ്ട്‌. ഭാഷകൊണ്ട്‌ വാഗ്‌വിലാസം തന്നെ സൃഷ്‌ടിക്കുന്നതാണ്‌ പുത്തൻവേലിക്കരയുടെ സ്‌തോത്ര മുക്തകങ്ങൾ. ശിവസ്‌തവം, പഞ്ചാമൃതം, ശ്രീകൃഷ്‌ണാമൃതം എന്നീ കവിതകളിലെ പൊരുൾ ശ്രദ്ധിക്കുമ്പോൾ നമുക്കതറിയാം, ഒരു ഉദാഹരണം

‘കാറും കോളും നിലയ്‌ക്കാപ്പെരുമഴയിടിയും

മിന്നലും ചേർന്ന രാവിൽ

കാർവർണാ നീ പിറന്നു ജയിലറയിലഹോ

ദേവകീ പുത്രനായി

കാകോളംഹ! വമിക്കും കൊടിയൊരാരവമോ

നിൻഫണഛത്രമാകും

കാരുണ്യത്താൽ യശോദ ഭവൗനണയുവാ

നൊത്ത നീയെന്റെ ദൈവം’ എന്നാണ്‌. ഭഗവത്‌ഗീത എന്നൊരു മുക്തകം ഇങ്ങനെ

‘വേദാന്തപ്പൊരുളായ്‌ വരേണ്യ ഭഗവത്‌

ഗീതാമൃതം ജീവിത

സ്സാദം സർവമകറ്റിടുന്ന സുകൃത

പ്പൂൺപല്ലിയോർത്തീടുകളിൽ

നാദബ്രഹ്‌മലയത്തിൽ നിത്യമലിയും

സ്വർഗ്ഗീയ സങ്കല്പമേ

മോദത്തേന്മഴ പെയ്‌തിടുന്ന മുകിലായ്‌

നീയെന്നിലെത്തേണമേ….’

ഇനിയും എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ഈ സമാഹാരത്തിൽ നിന്ന്‌ നിരത്താനാകും.

വിശ്വകവിതയുടെ തറവാട്ടിൽനിന്ന്‌ വന്ന ആശയങ്ങളെ തന്റെ ലോകത്തേക്ക്‌ പറിച്ചു നടാൻ മറ്റാരെക്കാളും കരുത്ത്‌ ഈ കവി നേടിയിട്ടുണ്ട്‌. കരീബിയൻ കവി ഡെറക്‌ വാൻകോട്ടിന്റെ ഒരു കവിത ജീവിതോത്സവം എന്ന പേരിലും ബംഗാളിന്റെ വിപ്ലവകവി കാസിനമ്പ്രർ ഇസ്ലാമിന്റെ പോവർട്ടി എന്ന കവിത ദാരിദ്ര്യം എന്ന പേരിലും പുഷ്‌പമേളയിൽ ചേർത്തിട്ടുണ്ട്‌.

‘പാടിടും ഞാനെൻ മധുരാർദ്രഗാഥകൾ

ചൂടിയും ഞാൻ കോർത്ത പൊൻമലർമാലകൾ

എന്നെ ദംശിച്ച ഭുജംഗമിഥുനത്തെ

യിന്നു ഞാൻ നോവിച്ചീടാതടങ്ങീടുമോ?“

എന്നീ വരികൾ മൂളുമ്പോൾ ചങ്ങമ്പുഴയും വയലാറും നിങ്ങളെ തട്ടിയുണർത്തുന്നു. ദാരിദ്ര്യം എന്ന വലിയ സത്യം എവിടെയും ഒന്നുതന്നെ. കരച്ചിൽ ലോകത്തെവിടെയും കരച്ചിൽ തന്നെ അതിന്‌ ഒരു ഭാഷ മാത്രമേയുളളൂ. കവിതകാമിനി നായികയാവുന്ന എത്രയോ കവിതകൾ ഇതിൽ സ്ഥാനം പിടിച്ചിട്ടുണ്ട്‌. പ്രകൃതിയും മനുഷ്യനും ഭക്തിയും സമരവും ഈ കവിതകളിൽ സമ്മേളിക്കുന്നു.

ആത്മീയലോകത്ത്‌ സഞ്ചരിക്കുന്നതാണ്‌ പുത്തൻവേലിക്കരയുടെ കവിതകളെങ്കിലും

’വിയർപ്പിന്റെ വെൺമുത്തുകൾ തൂകി ഞങ്ങൾ

മരുക്കൾ മലർവാടിയാക്കി

കരിമ്പാറ ചൂഴും വനാന്തരങ്ങളെല്ലാം

നിരപ്പാക്കി നട്ടും നനച്ചും

ഫലാഢ്യങ്ങളാക്കി ചമച്ചിട്ടുമെന്തേ

ഫലം? ഞങ്ങളാലംബഹീനർ

കിഴക്കൻ മലങ്കാടുണർന്നേൽപ്പൂ വീണ്ടും

കരുത്തിൻ ചുരുൾ മുഷ്‌ടിയോടെ

ഉഷസ്സിൻ മുഖം ഹ! ചുവക്കുന്നു നേരിൽ

രഥത്തിൽ വരുന്നു വെളിച്ചം‘ എന്നും

കനിവിൻ കവാടത്തിൽ മുട്ടുമെൻ ഹസ്‌തങ്ങളെ

ഇനിയും തട്ടിത്തെറിപ്പിക്കുവാൻ മുതിർന്നെന്നാൽ

അറിയാം ഞാനൊരു കൊടുങ്കാറ്റായാണതിൽ ധീരോജ്വല

ഗാനത്തിൽ പിടഞ്ഞുണർന്നിടും കുരുക്ഷേത്രം.”

എന്ന്‌ പാടുവാനും ഈ കവി മടികാട്ടിയില്ല. ബാലസാഹിത്യരംഗത്ത്‌ ഇന്ന്‌ കവിതയുടെ അളവു നിശ്ചയിക്കുന്നത്‌ പത്രാധിപസുഹൃത്തുക്കളാണ്‌. ഏറെ ബാലകവിതകളെഴുതിയ അദ്ദേഹം ഈ നെറികേടിനെ ചോദ്യം ചെയ്‌തു ബാലകവിതതന്നെ എഴുത്തുനിറുത്തി. മണിച്ചെപ്പ്‌, പൂത്താലം, വെളളിക്കിണ്ണം, പൂവിളി, കിളിമൊഴികൾ, അവിൽപ്പൊതി തുടങ്ങിയ ബാലകവിതാസമാഹാരങ്ങളും, തിരികൾ, പന്തങ്ങൾ പുഷ്‌പമേള, ഒരു വാൽമീകി കൂടി എന്നീ പ്രൗഢകവിതാ സമാഹാരങ്ങളും ശ്രീകൃഷ്‌ണസ്‌തോത്രമാല എന്ന മുക്തകസമാഹാരവും അദ്ദേഹത്തിന്റേതായുണ്ട്‌.

തിരികൾ, പന്തങ്ങൾക്കെഴുതിയ മുഖമൊഴിയിൽ അദ്ദേഹം വിനയാന്വിതനായി പറയുന്നു; അതിരുകവിഞ്ഞ പ്രസ്‌താവനകളോ, പ്രകടനങ്ങളോ, എനിക്കു വശമില്ല. ക്ഷമിക്കണം. എന്റെ രചനങ്ങളിൽ എന്റെ മനസ്സ്‌ എന്റെ ദർശനം എപ്പോഴും ഒരു നിഴൽപോലെ എന്നെ പിന്തുടരുന്നു.

മലയാള കവിതയുടെ തറവാട്ടിൽ ഈ കവിക്കും ഒരു ഇരിപ്പിടമുണ്ടെന്ന കാര്യത്തിൽ സംശയമോ തർക്കമോ ഉണ്ടാവാനിടയില്ല.

Generated from archived content: essay_sept30_05.html Author: ajithkumar_gothuruthu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English